തിരുവനന്തപുരം: പുത്തൻതോപ്പ് റോജ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിയും വെങ്ങാനൂർ സ്വദേശിനിയായ അഞ്ജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞത് ഒന്നര വർഷം മുമ്പാണ്. ഇന്നലെ വൈകീട്ട് ഏഴോടെ ഭർതൃവീട്ടിലെ കുളിമുറിയിൽ അഞ്ജുവിനെയും ഒമ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അഞ്ജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ ചികിത്സയിലായിരിക്കെ കുഞ്ഞും മരണത്തിനു കീഴടങ്ങി. ഇവരുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതുറപ്പിക്കാൻ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം രാജു ജോസഫിന്റെ ബന്ധുക്കൾ ഇംഗ്ലണ്ടിലാണ് താമസം. മാസങ്ങൾക്ക് മുമ്പേ ഇവർ കുടുംബ സമ്മേതം ഇംഗ്ലണ്ടിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. ഇതിനായി ഇവരിൽ നിന്നും കാശുവാങ്ങിയ ശേഷം ആരോ കബളിച്ചുവെന്നും വിവരമുണ്ട്. അതിൽ വലിയ സാമ്പത്തിക ബാദ്ധ്യയുണ്ടാവുകയും ചെയ്തു. ഇതിൽ മനനൊന്തായിരിക്കാം ജീവനൊടുക്കിയതെന്നാണ് നിഗമനം.
അഞ്ചു വെങ്ങാനൂർ സ്വദേശിയാണ്. ഭർത്താവ് രാജു ജോസഫ് സമീപത്തെ സൊസൈറ്റിയിലെ ജീവനക്കാരനാണ്. അതേസമയം മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. പൊള്ളലേറ്റു കിടന്ന അഞ്ജുവിനെ ഭർത്താവ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചില്ലെന്നും കുട്ടിയെ മാത്രമാണ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചതെന്നും ആരോപണമുണ്ട്.
സംഭവം നടക്കുന്ന സമയം ഭർത്താവ് രാജു പുറത്തു പോയിരിക്കുകയായിരുന്നു എന്നാണ് പറയുന്നത്. തിരിച്ചു വരുമ്പോൾ അഞ്ജുവിനെ കത്തിക്കരിഞ്ഞ നിലയിലും കുഞ്ഞിനെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലും വീട്ടിലെ ബാത്ത്റൂമിൽ കാണുകയായിരുന്നു. തുടർന്ന് രാജു നാട്ടുകാരെ വിളിച്ചു കൂട്ടി. നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നാണ് വിവരം.
വെങ്ങാനൂർ പൂങ്കുളം പ്രമോദിന്റെയും ഷൈലജയുടെയും മകളാണ് മരിച്ച അഞ്ജു (23) 2021, നവംബർ മാസത്തിലായിരുന്നു രാജുവിന്റെയും അഞ്ജുവിന്റെയും വിവാഹം നടന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ അഞ്ജുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമം. അതേസമയം പരാതി ഉയർന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.