തിരുവനന്തപുരം: കഠിനംകുളം പുത്തൻതോപ്പ് റോജ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിയും വെങ്ങാനൂർ സ്വദേശിനിയായ അഞ്ജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞത് ഒന്നര വർഷം മുമ്പാണ്. കഴിഞ്ഞദിവസം വൈകിട്ട് ഏഴോടെയാണ് ഭർതൃവീട്ടിലെ കുളിമുറിയിൽ അഞ്ജുവിനെയും ഒമ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. എന്നാൽ കഴിഞ്ഞ ദിവസം രാവിലെ കുഞ്ഞും മരണപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് 6.45 ഓടെയായിരുന്നു അമ്മയേയും കുഞ്ഞിനേയും കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്.
അതേസമയം മകളുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് അഞ്ജുവിന്റെ പിതാവ് പ്രമോദ് രംഗത്തെത്തിയിരുന്നു. ഇരുവരുടേയും മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് അഞ്ജുവിന്റെ കുടുംബം ആരോപിക്കുന്നത്. കൂടാതെ അഞ്ജുവും കുഞ്ഞും ആത്മഹത്യ ചെയ്താണെന്നും അഞ്ജു മുമ്പും ആത്മഹത്യാ പ്രവണത കാണിച്ചിരുന്നുവെന്നും ഭർത്താവ് രാജുവും അദ്ദേഹത്തിന്റെ ബന്ധുക്കളും പറയുന്നു.
അതേസമയം അഞ്ജുവും കുഞ്ഞും മരണപ്പെട്ട സംഭവം കൊലപാതകമാണെന്ന് സംശയിക്കാൻ സാഹചര്യമുണ്ടെന്നാണ് അഞ്ജുവിന്റെ അച്ഛൻ പ്രമോദ് പറയുന്നത്. അഞ്ജു ഗർഭിണിയായിരുന്നപ്പോൾ ഭർത്താവ് മർദിച്ചിരുന്നുവെന്ന ഗുരുതര ആരോപണവും പ്രമോദ് ഉയർത്തിയിട്ടുണ്ട്. മാത്രമല്ല ഇടയ്ക്കിടെ പണവും സ്വർണവും ആവശ്യപ്പെട്ട് രാജു പ്രശ്നമുണ്ടാക്കിയിരുന്നെന്നും അഞ്ജുവിന്റെ പിതാവ് പറയുന്നു.
2021 നവംബറിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. രാജുവുമായുള്ള പ്രണയവിവാഹം നടക്കുന്നതിനായി അഞ്ജു മതം മാറിയിരുന്നു എന്നും അഞ്ജുവിന്റെ പിതാവ് പറഞ്ഞു. രാജുവിന്റെ നിർബന്ധപ്രകാരമാണ് മതം മാറിയത്. അന്ന് മകളുടെ ഭാവിയിൽ തങ്ങൾക്ക് ആശങ്ക തോന്നിയിരുന്നു. അതുകൊണ്ടുതന്നെ ഈ വിവാഹത്തെ ആദ്യം തങ്ങൾ എതിർത്തിരുന്നു എന്നും പിതാവ് പറയുന്നു. തന്റെ മുന്നിൽ വെച്ചു പോലും മകൾക്കു മർദനമേൽക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്നും പിതാവ് പറയുന്നു. പലതവണ ഇതാവർത്തിച്ചെങ്കിലും പരാതി കൊടുക്കാൻ ശ്രമിച്ചില്ല. പകരം ഇരുവരെയും അനുനയിപ്പിക്കാനാണ് ശ്രമിച്ചിരുന്നതെന്നും പ്രമോദ് വ്യക്തമാക്കി.
അതേസമയം അഞ്ജുവിന്റെ വീട്ടുകാരുടെ സമീപനത്തിൽ അഞ്ജു അസ്വസ്ഥയായിരുന്നു എന്ന് ഭർത്താവ് രാജു പറയുന്നു. ചെറിയ കാര്യങ്ങൾക്കു പോലും അഞ്ജുവിന്റെ മനസ്സ് വേദനിച്ചിരുന്നു. സ്വന്തം വീട്ടുകാരുടെ സമീപനത്തിൽ അഞ്ജു അസ്വസ്ഥയായിരുന്നു. പള്ളിക്കടുത്ത് ഫുട്ബോൾ ടൂർണമെന്റ് കാണാൻ പോയ താൻ തിരിച്ചു വന്നപ്പോഴാണ് ദുരന്തം കാണുന്നത്. കുളിമുറിയിൽ നിന്ന് പൊള്ളലേറ്റ ഭാര്യയെ പൊക്കിയെടുക്കാൻ ശ്രമിച്ചെങ്കിലും അംഗപരിമിതനായ തനിക്കതിനു കഴിഞ്ഞില്ലെന്നും രാജു പറഞ്ഞു. ജന്മനാ ഒരു കാൽ ചെറുതായിരുന്ന തനിക്ക് കൃത്രിമക്കാൽ ഘടിപ്പിച്ചിട്ടുണ്ടെന്നും രാജു വ്യക്തമാക്കി.
അഞ്ജുവിനെ ആശുപത്രിയിലെത്തിക്കാമെന്ന് അയൽക്കാരും സുഹൃത്തുക്കളും തന്നോട് പറഞ്ഞു. അപ്പോഴാണ് കുഞ്ഞിനെയും കൊണ്ട് താൻ ആശുപത്രിയിലേക്കു പോയതെന്നും രാജു വ്യക്തമാക്കി. ഫുട്ബോൾ കാണുന്നതിനിടെ ഫോൺ സന്ദേശം വന്നതിനെ തുടർന്ന് രാജു തിരക്കിട്ട് വീട്ടിലേക്ക് തിരിച്ചു പോകുകയായിരുന്നു എന്നാണ് സൂചനകൾ. അതേസമയം അഞ്ജുവിന്റേതെന്നു കരുതുന്ന ആ ഫോൺ സന്ദേശം ഡിലീറ്റ് ചെയ്യപ്പെട്ടതായി അഞ്ജുവിന്റെ കുടുംബക്കാർ ആരോപിക്കുന്നുണ്ട്. ദുരൂഹത നിലനിൽക്കുന്നതിനാൽ കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.