ഇടുക്കി: ചിന്നക്കനാലിൽ നിന്ന് മാറ്റിയ അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിലേക്കു കടന്നെങ്കിലും തിരികെ വീണ്ടും കേരളത്തിലെ വനമേഖലയിലേക്ക് മടങ്ങുന്നുവെന്നു സൂചന. തമിഴ്നാട് വനമേഖലയിലാണ് അരിക്കൊമ്പനുള്ളത്. അരിക്കൊമ്പനെ ധരിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്ന് ഒടുവിൽ ലഭിക്കുന്ന സിഗ്നിൽ തമിഴ്നാട് മേഖലയിലെ വണ്ണാത്തിപാറയിൽ നിന്നുള്ളതാണ്.
ഇത് പെരിയാർ വന്യജീവി സങ്കേതത്തിൽ അരിക്കാമ്പനെ തുറന്നുവിട്ട സ്ഥലത്ത് നിന്നും 10 കിലോമീറ്റർ അകലെയാണ്. ഇതാണ് കേരളത്തിലെ വനമേഖലയിലേക്ക് അരിക്കൊമ്പൻ സഞ്ചരിക്കുകയാണെന്ന സംശയം ഉയർത്തുന്നത്. വനം വകുപ്പ് വാച്ചർമാർ ഇപ്പോഴും അരിക്കൊമ്പനെ നിരീക്ഷിച്ച് വരികയാണ്. അരിക്കൊമ്പന്റെ ആരോഗ്യം തൃപ്തികരമാണെന്നും മയക്കത്തിൽനിന്ന് പൂർണമായും മുക്തനായെന്നും വനം വകുപ്പ് അറിയിച്ചു.
പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ കഴിഞ്ഞ ദിവസം, തുറന്നുവിട്ട സ്ഥലത്തിനു മൂന്നു കിലോമീറ്റർ അകലെയായിരുന്നു. വിവിധ സ്ഥലങ്ങളിലായി പുല്ല് വച്ചിരുന്നെങ്കിലും എടുത്തിരുന്നില്ല. മരുന്നുചേർത്ത വെള്ളം വച്ച വീപ്പകളിൽ രണ്ടെണ്ണം മറിച്ചിട്ടിരുന്നു. ഇടുക്കി ചിന്നക്കനാലിലെ ജനവാസമേഖലയിലെ ആക്രമണകാരിയായ അരിക്കൊമ്പനെ ഞായറാഴ്ച പുലർച്ചെയോടെയാണ് പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾവനത്തിലേക്ക് മാറ്റിയത്.
നിലവിൽ മിഷൻ അരിക്കൊമ്പൻ വിജയകരമായി പൂർത്തിയാക്കി കുംങ്കി ആനകൾ ചിന്നക്കനാൽ വിടാൻ ഒരുങ്ങുകയാണ്. മുത്തങ്ങയിലേയ്ക്ക് തന്നെ ആയിരിക്കും കുംങ്കികൾ മടങ്ങുന്നത്. മിഷൻ പരാജയപ്പെടുമെന്ന് തോന്നിയ അവസരത്തിൽ അരിക്കൊമ്പനെ ലോറിയിൽ തള്ളിക്കയറ്റിയാണ് കുംങ്കികൾ ദൗത്യം വിജയിപ്പിച്ചത്. ഏകദേശം നാൽപ്പത് ദിവസമായി ചിന്നക്കനാലിൽ തുടരുകയാണ് ആനകൾ.
ചിന്നക്കനാലിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ പെരിയാർ കടുവസങ്കേതത്തിലെ മുല്ലക്കുടിക്ക് സമീപമുള്ള ഉൾക്കാട്ടിലാണ് തുറന്നുവിട്ടത്. മംഗളാദേവി ക്ഷേത്രത്തിനുസമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ഞായറാഴ്ച പുലർച്ചെ നാലോടെ തുറന്നുവിട്ടത്.
അതീവസംരക്ഷണമേഖലയായ വനപ്രദേശമാണ് മുല്ലക്കുടി. പെരിയാർ കടുവസങ്കേതത്തിന്റെ പ്രവേശനകവാടത്തിൽനിന്ന് 22 കിലോമീറ്റർ അകലെയാണിത്. അരുവികളും മുളംകാടുകളും ഈറ്റക്കൂട്ടങ്ങളും പുൽമേടുകളുമുണ്ട്; ഇതിനൊപ്പം നിബിഡമായ ചോലക്കാടുകളും. ആനയ്ക്ക് പെട്ടെന്ന് ഇണങ്ങിച്ചേരാൻ പറ്റുന്ന പ്രദേശമാണിത്. ഇഷ്ടംപോലെ തീറ്റയും വെള്ളവുമുണ്ട്.
അരിക്കൊമ്പനെ നിരീക്ഷിക്കാനും കഴിയും. കാരണം, മുല്ലക്കുടിയിലും മേദകാനത്തും ഫോറസ്റ്റ് സ്റ്റേഷനും സ്റ്റാഫ് ക്വാർട്ടേഴ്സുമുണ്ട്. കേരള-തമിഴ്നാട് അതിർത്തിവനംകൂടിയാണിത്. ഇരുസംസ്ഥാനത്തെയും ജനവാസമേഖലയിലെത്തണമെങ്കിൽ 30 കിലോമീറ്ററിലധികം സഞ്ചരിക്കണം.