അസുഖത്തെ തോൽപ്പിച്ച് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ് നടൻ ബാല. കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ആശുപത്രിയിൽ തുടരുന്ന ബാല സുഖം പ്രാപിച്ചു വരികയാണ്. ബാലയ്ക്കൊപ്പം താങ്ങും തണലുമായി ഭാര്യ എലിസബത്ത് ഉദയനുമുണ്ട്. ബാലയെ കുറിച്ചുള്ള വിവരങ്ങൾ എലിസബത്ത് ഇടയ്ക്കിടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഏറ്റവും പുതിയ വിഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലാണ് ബാലയുമൊന്നിച്ചുള്ള വിഡിയോ പങ്കുവച്ചത്.
ഗുരുതരമായ കരൾരോഗത്തെത്തുടർന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്തത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു. കരൾമാറ്റ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. ബാലയ്ക്കുവേണ്ടി കരൾ പകുത്ത് നൽകാൻ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതിൽനിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു.
സിനിമാ പ്രവർത്തകരും പ്രേക്ഷകരുമടക്കം നിരവധിപ്പേരാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘ഷെഫീഖിന്റെ സന്തോഷ’ത്തിലാണ് ബാല അവസാനം പ്രത്യക്ഷപ്പെട്ടത്.