തിരുവനന്തപുരം: എ ഐ ക്യാമറ പദ്ധതിക്കെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ സർക്കാരിന്റെ നേട്ടങ്ങൾ മറയ്ക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും മാധ്യമങ്ങളും പുകമറ സൃഷ്ടിക്കുകയും സർക്കാരിനെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുകയുമാണെന്ന് ഗോവിന്ദൻ ആരോപിച്ചു. സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
100 കോടിയുടെ അഴിമതിയെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. 132 കോടിയുടെ അഴിമതിയെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. പ്രതിപക്ഷ നേതൃത്വത്തിന് വേണ്ടി കോൺഗ്രസിൽ വടംവലിയാണ്. ആദ്യം അഴിമതി വിവരത്തിൽ കോൺഗ്രസ് യോജിപ്പ് ഉണ്ടാക്കട്ടേയെന്നും ഗോവിന്ദൻ പറഞ്ഞു.
സർക്കാരിനെ ദുർബലപ്പെടുത്താൻ പ്രതിപക്ഷവും ബിജെപിയും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനാണ് സേഫ് കേരള പദ്ധതി വിപുലമായി ആസൂത്രണം ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ പുകമറകൾ സൃഷ്ടിക്കകയാണ് ഇവർ ചെയ്യുന്നത്. എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു നയാപൈസയുടെ അഴിമതി നടന്നിട്ടില്ല.
കേരള സർക്കാരിന്റെ ഖജനാവിൽ നിന്ന് ഒരു രുപാ പോലും പദ്ധതിക്കായി ചെലവാക്കിയിട്ടില്ല. പിന്നെ എങ്ങനെയാണ് അഴിമതി നടത്തി എന്നുപറയുന്നത്. എല്ലാ ചെലവഴിക്കുന്നത് കെൽട്രാണാണെന്നും ഗോവിന്ദൻ പറഞ്ഞു. ഉന്നയിക്കുന്ന ആരോപണങ്ങൾ അതിലും വിചിത്രമാണ്. അസംബന്ധങ്ങൾ വിളിച്ചുപറയുന്നു. അതിനാവശ്യമായ രീതിയിൽ വലിയ പ്രചാരണത്തിന് മാധ്യമങ്ങൾ നിന്നുകൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്യാമറ വിവാദത്തിൽ ഉയരുന്ന ഒരു ആരോപണത്തിലും കഴമ്പില്ലെന്നും എവി ഗോവിന്ദൻ ആവർത്തിച്ചു കരാറിന്റെ ഒരു ഭാഗം മാത്രമാണ് പ്രതിപക്ഷം കാണിക്കുന്നത്. കരാറിന്റെ രണ്ടാംഭാഗം വായിച്ചാൽ കാര്യം വ്യക്തമാകും. യുഡിഎഫും മാധ്യമങ്ങളും സേഫ് കേരള പദ്ധതി മുൻനിർത്തി വ്യാപക പ്രചാരവേല നടത്തുകയാണ്. പദ്ധതി പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുവെന്നും ഗോവിന്ദൻ ആരോപിച്ചു.
മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് നടപടികളുണ്ടായത്. ഉപകരാർ വ്യവസ്ഥ കെൽട്രോണിന്റെ ടെണ്ടർ രേഖയിലുണ്ട്. മോട്ടോർ വാഹന നിയമം നടപ്പാക്കാൻ സുപ്രീം കോടതി നർദ്ദേശിച്ചത് അനുസരിച്ചാണ് പദ്ധതി തയ്യാക്കിയത്. കെൽട്രോൺ ഡിപിആർ തയ്യാറാക്കി.
ഉപകരാർ വ്യവസ്ഥ കെൽട്രോണിന്റെ ടെണ്ടർ രേഖയിലുണ്ട്. 232.25 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്. 5 വർഷത്തെ മെയിന്റനൻസിന് 56.24 കോടി , ജിഎസ്ടി 35.76 കോടി. ഉടമസ്ഥാവകാശം മോട്ടോർ വാഹന വകുപ്പിനാണ്. ആവശ്യമായ സോഫ്‌റ്റ്‌വെയർ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. സംസ്ഥാനത്താകെ 726 ക്യാമറകൾ സ്ഥാപിച്ചു. കുറ്റമറ്റ സേവനമാണ് കെൽട്രോണിൽ നിന്നുമുള്ളത്.
കെൽട്രോണിനെ അനാവശ്യ വിവാദത്തിലേത്ത് വലിച്ചിഴക്കുന്നു. ഡാറ്റാ സുരക്ഷ കെൽട്രോണിന്റെ ചുമതലയെന്നും ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ ക്ഷുഭിതനായ എംവി ഗോവിന്ദൻ, മുഖ്യമന്ത്രിക്കെതിരെ പറയുന്നതെല്ലാം ശുദ്ധ അസംബന്ധമാണെന്നും ആവർത്തിച്ചു.
പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറ് ദിനപരിപാടി ജനങ്ങളിൽ നിന്ന് മറയ്ക്കാൻ യുഡിഎഫും മാധ്യമങ്ങളും വലിയ പ്രചാരവേലയാണ് സംഘടിപ്പിക്കുന്നത്. നൂറ് ദിന പരിപാടിയുടെ വാർത്തകൾ കണ്ടില്ലെന്ന് നടിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. എത്രയെത്ര ജനകീയ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. വനമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൺ മന്ത്രിമാരുടെ സാന്നിധ്യത്തിൽ വലിയ ജനകീയ കൂട്ടായ്മകൾ നടക്കുന്നു. അതൊന്നും വാർത്തയിൽ ഇടംപിടിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
വിദ്യാഭ്യാസരംഗത്ത് വലിയ തോതിൽ കാവിവത്കരണം നടത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഇതൊന്നും കേരളത്തിൽ നടപ്പിലാക്കാൻ പോകുന്നില്ലെന്ന സമീപനം സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലാകെ നടപ്പിലാക്കാൻ പോകുന്ന ചരിത്രത്തെയും ശാസ്ത്രത്തെയും നിഷേധിക്കുന്ന നിലപാടിനെതിരെ നടക്കുന്ന സമരത്തിന് സിപിഎം പിന്തുണ നൽകും.
സംസ്ഥാന സമിതിയിൽ സംഘടനാപരമായി പ്രശ്നങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. വിവിധ ജില്ലകളിലെ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികൾ സംബന്ധിച്ച് കമ്മീഷൻ റിപ്പോർട്ടുകൾ സംസ്ഥാന സമിതി അംഗീകരിച്ചു. ആവശ്യമായ തിരുത്തൽ പ്രക്രിയയുമായി മുന്നോട്ടുപോകുമെന്നും ഗോവിന്ദൻ പറഞ്ഞു.