ഇടുക്കി: മറയൂർ-ഉദുമൽപേട്ട സംസ്ഥാനാന്തര പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിനുള്ളിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മൂന്നു യുവാക്കൾ അദ്ഭുതകരമായി രക്ഷപ്പെട്ടു.
തമിഴ്നാട്ടിൽനിന്നു മറയൂർ ഭാഗത്തേക്കു വന്ന വിനോദസഞ്ചാരികളുടെ കാറിനാണ് ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ചിന്നാർ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വെച്ച് തീപിടിച്ചത്. ഓട്ടത്തിനിടെ ബോണറ്റിൽ നിന്ന് പുക ഉയരുകയും പെട്ടെന്നു തീ ആളിപ്പടരുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ പെട്ടെന്നു പുറത്തിറങ്ങി മാറി. മണ്ണും മറ്റും വാരിയെറിഞ്ഞാണു തീയണച്ചത്. ഒരു മണിക്കൂറോളം പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.