ന്യൂഡൽഹി: അവധിക്കാലത്ത് എവിടേക്കെങ്കിലും ഒരു യാത്ര പോയാലോ എന്ന് ആലോചിക്കാത്തവരുണ്ടാകില്ല. എന്നാൽ, പല നഗരങ്ങളിലും ചെന്നുപെടുമ്പോഴായിരിക്കും അവിടുത്തെ ജീവിതച്ചെലവ് നമ്മുടെ പോക്കറ്റ് താങ്ങില്ലെന്ന യാഥാർഥ്യം മനസ്സിലാക്കുക. ഈ പ്രതിസന്ധി പരിഹരിക്കാൻ സഹായകമായ ബജറ്റ് പ്ലാനറാണ് ഡിജിറ്റൽ ബാങ്ക് സ്റ്റർലിങ് ഒരുക്കിയിട്ടുള്ളത്. ലോകത്തെ ചെലവുകുറഞ്ഞ നഗരങ്ങളെ പരിചയപ്പെടുത്തുന്നതാണ് അവരുടെ കണ്ടെത്തൽ. ഭക്ഷണം, പൊതുഗതാഗതം, ഹോട്ടൽ തുടങ്ങിയവയെ അടിസ്ഥാനമാക്കിയതാണ് ഈ പട്ടിക.
ഒരുദിവസം കൊണ്ട് ചുറ്റിക്കാണാവുന്ന ചെലവുകുറഞ്ഞ നഗരങ്ങളുടെ പട്ടികയാണ് സ്റ്റർലിങ് തയ്യാറാക്കിയിട്ടുള്ളത്. അതിലൊന്നാം സ്ഥാനത്തുള്ളത് നമ്മുടെ തലസ്ഥാനമായ ഡൽഹിയാണ്. ഒരുദിവസം ഡൽഹിയിൽ ചുറ്റിക്കറങ്ങാൻ 28.22 പൗണ്ട് മതിയാകുമെന്നാണ് കണ്ടെത്തൽ. ഇത്രയും തുക കൊണ്ട് ഇന്ത്യ ഗേറ്റ്, വാർ മെമോറിയൽ, ജമാ മസ്ജിദ്, ഡീർ പാർക്ക് എന്നിവിടങ്ങൾ ചുറ്റിക്കാണാം. 6.83 പൗണ്ടുണ്ടെങ്കിൽ ഉച്ചഭക്ഷണവും കുശാൽ.
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ ഒരുദിവസത്തെ ചെലവ് 29.22 പൗണ്ടാണ്. 14.42 പൗണ്ടുണ്ടെങ്കിൽ ഹോട്ടൽ താമസവും ലഭിക്കും. ഭക്ഷണച്ചെലവ് 6.83 പൗണ്ടാണ്. മൂന്നാം സ്ഥാനത്തുള്ളത് തുർക്കി തലസ്ഥാനമായ ഇസ്താംബുളാണ്. 35.51 പൗണ്ടാണ് ഇവിടെ ഒരുദിവസത്തെ ചെലവ്. ബ്ലൂ മോസ്‌കും ഗ്രാൻഡ് ബസാറുമൊക്കെ കണ്ട് ആഘോഷമാക്കാം. ഇനി അൽപം ലക്ഷ്വറിയാവാമെന്നുവച്ചാലും കുഴപ്പമില്ല. രണ്ട് ല്ക്ഷ്വറി മീൽസ്, രണ്ടുബോട്ടിൽ വൈൻ, കുടിവെള്ളം തുടങ്ങിയവയൊക്കെ ഉണ്ടെങ്കിലും ചെലവ് 97,81 പൗണ്ടിൽ നിൽക്കും.
മലേഷ്യൻ തലസ്ഥാനമായ കോലാലംപുരാണ് നാലാം സ്ഥാനത്ത്. ചരിത്ര സ്മാരകങ്ങളും അംബരചുംബികളുമുള്ള കോലാലംപുർ നഗരം ആസ്വദിക്കാൻ 40,32 പൗണ്ട് മാത്രമേ ചെലവാകൂ. ഹൈന്ദവ ക്ഷേത്രമായ വാത്തു കേവ്‌സ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ചുറ്റിക്കറങ്ങാം. അഞ്ചാം സ്ഥാനതത്ത് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങാണ്. 41.78 പൗണ്ടുണ്ടെങ്കിൽ ബെയ്ജിങ് സൗന്ദര്യം മുഴുവൻ ആസ്വദിക്കാനാകും. ചൈനീസ് വന്മതിലും ടിയാനെന്മെൻ സ്‌ക്വയറുമൊക്കെ കാഴ്ചയുടെ സൗന്ദര്യങ്ങളായി നിറയും.