തൃശ്ശൂർ: അന്തരിച്ച കൂടിയാട്ട ആചാര്യൻ പി.കെ.ജി നമ്പ്യാർക്ക് (പി.കെ. ഗോവിന്ദൻ നമ്പ്യാർ-93) കേരളത്തിന്റെ അന്ത്യാഞ്ജലി. ഇന്നലെ രാത്രി തൃശ്ശൂർ പെരിങ്ങാവിലുള്ള മകളുടെ വീടായ സൗപർണികയിലായിരുന്നു അന്ത്യം. കൂടിയാട്ടത്തെ സാധാരണക്കാർക്ക് പരിചയപ്പെടുത്തിയ ആചാര്യനായിരുന്നു അദ്ദേഹം. 2001-ൽ യുനസ്‌കോ അംഗീകരിച്ച അഞ്ച് കൂടിയാട്ട ഗുരുക്കന്മാരിൽ ഒരാളായിരുന്നു .
പാഠകം, ചാക്യാർകൂത്ത് എന്നീ മേഖലകളിലും മികവ് തെളിയിച്ചു. കൂടിയാട്ട കുലപതി മാണി മാധവ ചാക്യാരുടെ മകനായ പി.കെ.ജി. നമ്പ്യാർ ക്ഷേത്രകലയിൽ മാറ്റവും വളർച്ചയും കൊണ്ടുവരുന്നതിൽ മുഖ്യപങ്കുവഹിച്ചു. 14 വയസ്സുമുതൽ കൂടിയാട്ടം, കൂത്ത് രംഗത്ത് സജീവമായിരുന്ന അദ്ദേഹം നവതിക്ക് തൊട്ടുമുൻപ് വരെ വേദിയിലെത്തിയിരുന്നു. മാണി മാധവ ചാക്യാരുടെയും ലെക്കിടി കിള്ളിക്കുറുശ്ശിമംഗലം പടിഞ്ഞാറേ കോച്ചാമ്പിള്ളി മഠത്തിൽ കുഞ്ഞിമാളു നങ്ങ്യാരമ്മയുടെയും മകനായി 1930-ലാണ് ജനിച്ചത്.
മികച്ച കലാകാരനെന്നതിലുപരി മികച്ച അദ്ധ്യാപകനായും അദ്ദേഹം തിളങ്ങി. ഒറ്റപ്പാലം എൻ.എസ്.എസ്.കെ.പി.ടി. സ്‌കൂളിൽ 36 വർഷം ഹിന്ദി അദ്ധ്യാപകനുമായിരുന്നു. മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കൂടിയാട്ടം ഹിന്ദിയിലേക്ക് മാറ്റി ഇന്ത്യയുടെ പല ഭാഗത്തും നമ്പ്യാർ അവതരിപ്പിച്ചു. ഒപ്പം പാഠകവും കൂത്തും അവതരിപ്പിച്ചു. ഇതിനുപുറമേ പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. കേരള സംഗീത നാടക അക്കാദമി അവാർഡ്, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ് എന്നിവയ്ക്ക് അർഹനായി.
ഭാര്യ: കവിയൂർ നമ്പ്യാർമഠത്തിൽ രമാദേവി. മക്കൾ: ജ്യോതിശ്രീ (നൃത്താധ്യാപിക. ഭാരതീയ വിദ്യാഭവൻ, പൂച്ചട്ടി, തൃശ്ശൂർ), രാജേഷ് (ചീഫ് എൻജിനിയർ, മർച്ചന്റ് നേവി). മരുമക്കൾ: മുകുന്ദൻ (എൻജിനീയർ, ദുബായ്), ശ്രീലേഖ (റിട്ട. പോസ്റ്റൽ വകുപ്പ്). മൃതദേഹം ഒറ്റപ്പാലം ഗോപാലൻ നായർ റോഡിലെ ജ്യോതിവിഹാറിലേക്ക് കൊണ്ടുപോയി. പൊതുദർശനത്തിനു ശേഷം ബുധനാഴ്ച രാവിലെ ഒമ്പതിന് കിള്ളിക്കുറിശ്ശിമംഗലത്തെ തറവാട്ടു വീട്ടിൽ സംസ്‌കാരം നടക്കും.