തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ (കീം) ഇന്നു നടക്കും. ആദ്യ പേപ്പറായ ഫിസിക്‌സ് കെമിസ്ട്രി 10 മുതൽ 12.30 വരെയും രണ്ടാം പേപ്പറായ കണക്ക് 2.30 മുതൽ 5 വരെയുമാണ്. 9.30 മുതൽ പ്രവേശനം അനുവദിക്കും. ആദ്യ പരീക്ഷയ്ക്കുശേഷം പരീക്ഷാകേന്ദ്രത്തിനു പുറത്തുപോയി മടങ്ങിവരാൻ തടസ്സമില്ല. പ്രത്യേക ഡ്രസ് കോഡില്ല.
അഡ്‌മിറ്റ് കാർഡിനോടൊപ്പം ഇനി പറയുന്ന രേഖകളിലൊന്നു ഹാജരാക്കണം ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഇലക്ഷൻ ഐഡി, പാസ്‌പോർട്ട്, 12ാം ക്ലാസ് പരീക്ഷാ ഹാൾ ടിക്കറ്റ്, ബാങ്ക് പാസ് ബുക്ക് (എല്ലാം ഫോട്ടോ പതിപ്പിച്ചത്), പഠിച്ച സ്‌കൂളിന്റെ മേധാവിയോ ഗസറ്റഡ് ഓഫിസറോ നൽകുന്ന തിരിച്ചറിയൽരേഖ.