മുംബൈ: ‘ദി കേരള സ്റ്റോറി’ അംഗങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. സംവിധായകനും നടിയും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത് . മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയുടെ യാത്രാമധ്യേയാണ് അപകടമുണ്ടായത്. സംവിധായകൻ സുദീപ്തോ സെൻ, നടി ആദാ ശർമ എന്നിവർ ഉൾപ്പെട്ട സംഘമാണ് വണ്ടിയിലുണ്ടയിരുന്നത് ഭയപ്പെടാനില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു.
കരിംനഗറിൽ സംഘടിപ്പിച്ച ‘ഹിന്ദു ഏക്താ യാത്ര’ എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഇരുവരും യാത്ര തിരിച്ചത്. അപകടത്തെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. ‘ഇന്ന് കരിംനഗറിൽ യുവജനസംഗമത്തിൽ പങ്കെടുക്കാൻ പോകുന്നത് ഞങ്ങളുടെ സിനിമയെക്കുറിച്ച് സംസാരിക്കാനായിരുന്നു. നിർഭാഗ്യവശാൽ ചില ആരോഗ്യപ്രശ്നങ്ങൾ കാരണം യാത്ര ചെയ്യാൻ കഴിഞ്ഞില്ല. കരിംനഗറിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ പെൺമക്കളെ രക്ഷിക്കാനായാണ് ഈ സിനിമ ചെയ്തത്,’ സുദീപ്തോ സെൻ ട്വീറ്റ് ചെയ്തു.
അതേസമയം, ഒൻപത് ദിവസം കൊണ്ട് 100 കോടി കടന്ന് ‘ദി കേരള സ്റ്റോറി’ ബോക്‌സ് ഓഫീസിൽ ശക്തമായി മുന്നേറുകയാണ്. ചിത്രം ഇപ്പോൾ 113 കോടിയും കടന്ന് ്. ബോക്സ് ഓഫീസിൽ ഒരാഴ്ച കൊണ്ട് തന്നെ 93.7 കോടിയിലധികം ചിത്രം വാരിക്കൂട്ടിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ആദ്യ ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം, രണ്ടാം ആഴ്ചയിൽ വെള്ളിയാഴ്ച 12.35 കോടിയും ശനിയാഴ്ച 19.50 കോടിയും നേടി. ഇന്ത്യൻ ബോക്സ് ഓഫീസ് കണക്കാണിത്. ആകെമൊത്തം 112.99 കോടിയാണ് ദി കേരള സ്റ്റോറി സ്വന്തമാക്കിയിരിക്കുന്നത്. സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം 7.5 കോടി രൂപയാണ് നേടിയത്.