ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിനായി എത്തിയ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലിയെ നേരിട്ടുകാണാൻ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലെത്തി കോലിയുടെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ. ഗ്രൗണ്ടിൽ ഇറങ്ങിയ രാജ്കുമാർ ശർമയെ കണ്ട കോലി നടന്നുചെന്ന് പരിശീലകന്റെ താൽതൊട്ട് അനുഗ്രഹം വാങ്ങുകയാണ് ആദ്യം ചെയ്തത്. കുറച്ചു നേരം സംസാരിച്ച ശേഷമാണ് ഇരുവരും പിരിഞ്ഞത്.
വിരാട് കോലിയുടേയും രാജ്കുമാർ ശർമയുടേയും കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ഐപിഎൽ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി പങ്കുവച്ചു. നിമിഷങ്ങൾക്കുള്ളിൽ ഈ വിഡിയോ വൈറലായി. റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ഡൽഹി മത്സരം തുടങ്ങുന്നതിനായി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മണി മുഴക്കിയതും രാജ്കുമാർ ശർമയായിരുന്നു.
ഡൽഹിക്കാരനായ വിരാട് കോലിക്ക് അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയവുമായി വൈകാരികമായ അടുപ്പമാണുള്ളത്. അതു കോലി തന്നെ പല വേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ഡൽഹിക്കെതിരായ മത്സരത്തിൽ കോലി അർധ സെഞ്ചറി തികച്ചു. 46 പന്തുകൾ നേരിട്ട താരം 55 റൺസെടുത്താണു പുറത്തായത്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ആർസിബി നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഡൽഹി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 16.4 ഓവറിൽ വിജയത്തിലെത്തി. 20 പന്തുകൾ ബാക്കി നിൽക്കെ ഏഴു വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം. അഞ്ച് വിജയവും അഞ്ച് തോൽവിയുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബാംഗ്ലൂർ ഉള്ളത്.