പറവൂർ: ക്രൈസ്തവ സഭകളുടെ കടുത്ത പ്രതിഷേധം ഉയർന്ന ‘കക്കുകളി’ നാടകം താൽക്കാലികമായി നിർത്തിവെച്ച് പുന്നപ്ര പറവൂർ പബ്ലിക് ലൈബ്രറി. ലൈബ്രറിയുടെ ഭാഗമായ നെയ്തൽ നാടക സംഘമായിരുന്നു ‘കക്കുകളി’ അവതരിപ്പിച്ചിരുന്നത്. പറവൂർ ലൈബ്രറി പ്രസിഡന്റ് ഡോ. എസ്.അജയകുമാറും, സെക്രട്ടറി കെ.വി.രാഗേഷും പത്രക്കുറുപ്പിലൂടെയാണ് നാടകാവതരണം നിർത്തിവെച്ച കാര്യം അറിയിച്ചത്.
കന്യാസ്ത്രീ മഠത്തിലെത്തിപ്പെടുന്ന പെൺകുട്ടിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ കഥ പറഞ്ഞിരുന്ന ‘കക്കുകളി’ക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. നാടകം കളിക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദികരുടേയും കന്യാസ്ത്രീകളുടേയുമെല്ലാം നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. നാടകം കന്യാസ്ത്രീ മഠങ്ങളെ മനഃപൂർവം അപമാനിക്കാനുള്ളതായിരുന്നുവെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.
നാടകം കളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സർക്കാരിനേയും സമീപിച്ചിരുന്നു. ഇതിനിടെയാണ് പറവൂർ പബ്ലിക് ലൈബ്രറിയുടെ പുതിയ നേതൃത്വം നാടകം തൽക്കാലം നിർത്തിവെക്കുന്നതായി പത്രക്കുറിപ്പിലൂടെ അറിയിച്ചത്. പബ്ലിക് ലൈബ്രറി എന്ന നിലയിൽ സ്ഥാപനം പൊതുഇടമാണെന്നും വിവാദത്തിന് താൽപര്യമില്ലെന്നും ലൈബ്രറി പ്രസിഡന്റ് ഡോ. എസ്. അജയകുമാർ പറഞ്ഞു.
നാടകം ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഭൂരിപക്ഷ വിഭാഗം പറയുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടേയും സമ്മർദം കൊണ്ട് നിർത്തുന്നതല്ല. ഇത് സംബന്ധിച്ച് കേസ് ഹൈക്കോടതിയിലുണ്ട്. മാത്രമല്ല, നാടകം ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചതായിരുന്നതല്ലെന്നും നിർഭാഗ്യവശാൽ വിവാദത്തിലാവുകയായിരുന്നുവെന്നും എസ്. അജയകുമാർ പറഞ്ഞു.
ഒരു സാഹിത്യ സൃഷ്ടിയുടെ ആവിഷ്‌കാരമെന്ന നിലയിൽ അവതരിപ്പിച്ചുവന്ന നാടകം ചിലർ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് കണ്ടു. വിവാദങ്ങളും കോടതി നടപടികളുമായി മുന്നോട്ടുപോവുന്നത് ഒരു പൊതു ഇടമെന്ന നിലയിൽ ലൈബ്രറിക്ക് ഭൂഷണമല്ലെന്നു കണ്ടതിനാലാണ് നിർത്തിവെക്കുന്നതെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.
പറവൂർ പബ്ലിക് ലൈബ്രറിയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായിട്ടായിരുന്നു കേരള സംഗീത നാടക അക്കാദമിയുടെ സഹായത്തിൽ നാടകം ചിട്ടപ്പെടുത്തിയത്. നാല് വേദികളിൽ അവതരിപ്പിക്കണമെന്നായിരുന്നു നാടകം ചിട്ടപ്പെടുത്തുമ്പോൾ പറഞ്ഞിരുന്നത്. ആ ഉത്തരവാദിത്വം കഴിഞ്ഞതാണ്.
ലൈബ്രറിയെ സംബന്ധിച്ചിടത്തോളം ആരേയും മാറ്റി നിർത്താനാവില്ലെന്നും അജയകുമാർ ചൂണ്ടിക്കാട്ടി. പ്രശസ്ത കഥാകൃത്ത് ഫ്രാൻസിസ് നൊറോണയുടെ കെ.സി.ബി.സി പുരസ്‌കാരം നേടിയ തൊട്ടപ്പൻ എന്ന കഥാസമാഹാരത്തിലെ കഥായിരുന്ന ‘കക്കുകളി’യുടെ സ്വതന്ത്രാവിഷ്‌കാരമായിരുന്നു നാടകം. നാടക പ്രവർത്തകൻ ജോബ് മഠത്തിലായിരുന്നു ഇതിന്റെ സംവിധാനം നിർവഹിച്ചിരുന്നത്.
അതേ സമയം നാടകം നിർത്താൻ പറവൂർ പബ്ലിക് ലൈബ്രറി തീരുമാനമെടുത്തത് സംവിധായകനായ തന്നെ പോലും അറിയിക്കാതെയാണെന്ന് ‘കക്കുകളി’ സംവിധായകൻ ജോബ് മഠത്തിൽ പ്രതികരിച്ചു. എഴുത്തുകാരനെപ്പോലെ ഒരു ഏകാംഗ പോരാളിയല്ല ഒരു നാടകത്തിന്റെ സംവിധായകൻ. അയാൾ തന്റെ കലാരൂപത്തെ ജനസമക്ഷം അവതരിപ്പിക്കുന്നത് ഒരു ടീം വർക്കായിട്ടാണ്.
നാടകത്തിൽ അഭിനയിക്കുന്നവർ മുതൽ അതിന്റെ രംഗസജ്ജീകരണം, ലൈറ്റ് ആൻഡ് സൗണ്ട് തുടങ്ങി ഒട്ടനവധി ഘടകങ്ങൾ ഒന്നു ചേരുമ്പോഴാണ് നാടകത്തിനൊരു പൂർണത വരുന്നത്. ഒരു നാടകം ജനസമക്ഷം അവതരിപ്പിക്കുമ്പോൾ അതിന്റെ നടത്തിപ്പുകാരായവർക്കും നാടകം മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിർണായകമായ ഉത്തരവാദിത്തം ഉണ്ട്. എന്നാൽ, പറവൂർ പബ്ലിക് ലൈബ്രറിയുടേത് ഏകപക്ഷീയമായ തീരുമാനമായിപ്പോയെന്നും ജോബ് മഠത്തിൽ പ്രതികരിച്ചു.
1947 മുതൽ പുന്നപ്രയുടെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഒരു സാംസ്കാരിക ഗ്രന്ഥശാലയുടെ പുതിയ ഭരണസമിതിയുടെ പുരോഗമനപരമല്ലാത്തതും അരാഷ്ട്രീയവുമായ ഈ തീരുമാനം ജനങ്ങൾ മനസ്സിലാക്കണം. അവരുടെ അവിശുദ്ധ രാഷ്ട്രീയ ഇടപെടലുകളിലൂടെ ഒരു നാടകത്തെയല്ല നവോഥാന നായകർ നമുക്കു നൽകിയ ഒരു മതേതര കേരളത്തിന്റെ ആത്മാവിനെയാണ് അവർ മുറിവേൽപ്പിച്ച് ഇല്ലാതാക്കി ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതെന്നും ജോബ് മഠത്തിൽ ചൂണ്ടിക്കാട്ടി.