കാഞ്ഞിരപ്പള്ളി: മണിപ്പൂരിലെ സംഘർഷം കേരളത്തിലെ ക്രൈസ്തവ സൗഹൃദത്തെ ബാധിക്കാതിരിക്കാനുള്ള കരുതൽ എടുത്ത് ബിജെപി. കേരളത്തിന്റെ ചുമതലയുള്ള ബിജെപി. പ്രഭാരി പ്രകാശ് ജാവദേക്കർ കാഞ്ഞിരപ്പള്ളി രൂപത ആസ്ഥാനത്ത് ബിഷപ്പ് മാർ ജോസ് പുളിക്കലുമായി കൂടിക്കാഴ്ച നടത്തി. ഒരുമണിക്കൂറോളം ചർച്ചയ്ക്കുശേഷം പുറത്തിറങ്ങിയ പ്രകാശ് ജാവദേക്കർ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. രാഷ്ട്രീയം ചർച്ചയായില്ലെന്ന് രൂപതാ കേന്ദ്രം പ്രതികരിച്ചു.
മണിപ്പൂരിലെ സംഘർഷ വിഷയവും കൂടിക്കാഴ്ചയിൽ ഉയർന്നു. വിഷയം മതപരമല്ലെന്നും ട്രൈബൽ വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിനിടയാക്കിയതെന്നും ജാവേദ്ക്കർ അറിയിച്ചു. കർഷകരുടെ പ്രശ്നമായ റബ്ബർ വിലയിടിവ് പരിഹരിക്കാനുള്ള ശ്രമമുണ്ടാകണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. റബർവില കേന്ദ്രം കൂട്ടുമെന്ന സൂചനയാണ് നൽകിയത്. പമ്പാവാലി, ഏയ്ഞ്ചൽവാലി മേഖലയിലെ 502 ഹെക്ടർ സ്ഥലം വനമേഖലയായി പ്രഖ്യപിച്ചത് ഒഴിവാക്കാനുള്ള ഇടപെടലും നടത്തും.
ഈ വിഷയത്തിൽ കേന്ദ്ര ഇടപെടൽ വേണമെന്ന ആവശ്യം കൂടിക്കാഴ്ചയിൽ ബിഷപ്പ് മാർ ജോസ് പുളിക്കൽ ഉന്നയിച്ചു. നിയമത്തിനുള്ളിൽനിന്ന് ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ജാവദേക്കർ ഉറപ്പ് നൽകി. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന സ്നേഹ യാത്രയുടെ ഭാഗമായി പ്രമുഖരെ കാണുകയും പാർട്ടിയോഗങ്ങളിൽ പങ്കെടുക്കുകയുമാണ് പ്രകാശ് ജാവദേക്കർ. ഇത്തരം യാത്രകൾ തുടരും. ക്രൈസ്തവ വിഭാഗവുമായുള്ള ബന്ധം ദൃഢമാക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് ജാവദേക്കർ നേരിട്ട് ഇടപെടുന്നത്.
തിരുവനന്തപുരത്തും തൃശൂരിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിന് ക്രൈസ്തവ വോട്ടുകൾ അനിവാര്യതയാണ്. മണിപ്പൂരിലെ സംഘർഷത്തിന് പിന്നിൽ പരിവാർ ശക്തികളാണെന്ന് വരുത്താൻ കേരളത്തിൽ ബോധപൂർവ്വമായ ശ്രമമുണ്ടായി. ആർ എസ് എസിനെതിരെ ബംഗ്ലൂരൂ ബിഷപ്പ് സുപ്രീംകോടതിയിൽ സത്യവാങ് മൂലവും നൽകി. ഇതെല്ലാം കണക്കിലെടുത്താണ് ജാവേക്കറിന്റെ ഇടപെടൽ. പത്തനംതിട്ടയിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. കോട്ടയത്തും വോട്ട് ബേസ് കൂട്ടാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് കാഞ്ഞിരപ്പള്ളി ബിഷപ്പിനെ കാണുന്നത്.
രൂപതാ വികാരി ജനറാൾമാരായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ. ജോസഫ് വെള്ളമറ്റം, ഫാ. കുര്യൻ താമരശ്ശേരി, പ്രൊക്യുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, ബിജെപി.സംസ്ഥാന ജനറൽസെക്രട്ടറി സി. കൃഷ്ണകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീളാദേവി, ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, എറണാകുളം മേഖലാ വൈസ് പ്രസിഡന്റ് വി.എൻ. മനോജ്, ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ തുടങ്ങിയവർ ജാവദേക്കർക്കൊപ്പമുണ്ടായിരുന്നു.
പ്രകാശ് ജാവദേക്കർ എംപി 11,12,13 തീയതികളിൽ പത്തനംതിട്ടയിൽ വിവിധ യോഗങ്ങളിൽ പങ്കെടുക്കും. 11ന് രാവിലെ 10ന് റാന്നി നിയോജക മണ്ഡലത്തിലും മൂന്നുമണിക്ക് കോന്നി മണ്ഡലത്തിലും നടക്കുന്ന ബൂത്ത് തല പ്രവർത്തക യോഗത്തിലും 12ന് രാവിലെ 10ന് ആറന്മുളയിലും മൂന്നിന് തിരുവല്ല മണ്ഡലത്തിലും 13ന് രാവിലെ 10ന് അടൂർ നിയോജക മണ്ഡലത്തിലും ബൂത്ത് പ്രവർത്തക യോഗത്തിൽ പങ്കെടുക്കും.
ജില്ലയിലെ പ്രമുഖ വ്യക്തികളേയും സാമുദായിക നേതാക്കളെയും അദ്ദേഹം നേരിൽ കാണുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് അറിയിച്ചു. കോന്നിയിൽ ബിജെപി നേരത്തെ മികച്ച വോട്ട് നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് പത്തനംതിട്ടയിൽ കൂടുതൽ ഇടപെടൽ നടത്തുന്നത്.