ന്യൂഡൽഹി: സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട്. കൂടുതൽ എംഎൽഎമാരുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചതും ഭരണപരിചയവും പരിഗണിച്ചാണ് തീരുമാനം. കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഡികെ ശിവകുമാറിനെ അറിയിക്കും. അൽപ സമയത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഡികെ ശിവകുമാറുമായി സോണിയ ഗാന്ധി ചർച്ച നടത്തുകയും അനുനയിപ്പിക്കുകയും ചെയ്തതായി സൂചനയുണ്ട്. സിദ്ധരാമയ്യയും ശിവകുമാറുമായി ഖാർഗെ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡി.കെ.ശിവകുമാറിനെ ഏതുരീതിയിൽ സർക്കാരിന്റെ ഭാഗമാക്കുമെന്നത് സംബന്ധിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് വിവരം. ഡി.കെ.ശിവകുമാറിനേയും ലിംഗായത്ത് നേതാവ് എം.ബി.പാട്ടീലിനേയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
ഹൈക്കമാൻഡ് ആവശ്യപ്രകാരം ഡികെ ശിവകുമാർ ഇന്ന് ഡൽഹിയിലെത്തിയിരുന്നു. ‘പാർട്ടി അമ്മയെപോലെയാണ്. മകന് ആവശ്യമായത് പാർട്ടി നൽകും എന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശിവകുമാർ ഡൽഹിക്ക് പുറപ്പെട്ടത്. എംഎൽഎമാരെ ഭിന്നിപ്പിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്നലെ ഡൽഹിയിലെത്തിയ സിദ്ധരാമയ്യ മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ പൂർത്തിയാക്കി.
അതേസമയം കർണാടകയിൽ സത്യപ്രതിജ്ഞ ഈമാസം പതിനെട്ടിന് ശേഷം നടക്കുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഞായറാഴ്ച രാത്രി ബംഗളൂരുവിൽ ഹൈക്കമാൻഡ് നിരീക്ഷകർ വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ സിദ്ധരാമയ്യയും ഡികെ ശിവകുമാറും പദവിക്കായി അണിയറനീക്കം ശക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ശ്രമങ്ങൾ ഡൽഹിയിലേക്ക് മാറ്റിയത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതി കേന്ദ്രീകരിച്ച് തിരക്കിട്ട ചർച്ചകളാണ് രണ്ട് ദിവസമായി നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറും ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ഖാർഗെ രാഹുൽ ഗാന്ധി അടക്കമുള്ളവരുമായി ചർച്ച നടത്തി. കെ.സി.വേണുഗോപാലും കർണാടകയുടെ ചുമതലയുണ്ടായിരുന്ന രൺദീപ് സിങ് സുർജെവാലയും ചർച്ചകളിൽ പങ്കെടുത്തിരുന്നു.
ചർച്ചകൾക്ക് ശേഷം ഇന്ന് വൈകിട്ടുതന്നെ മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച തീരുമാനം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കൈക്കൊള്ളുമെന്നാണ് കോൺഗ്രസ് നേതാക്കൾ അറിയിച്ചത്. കർണാടകയിൽ പാർട്ടി നിയോഗിച്ച നിരീക്ഷകർ എംഎൽഎമാരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ച് തിങ്കളാഴ്ച രാത്രി തന്നെ ഖാർഗെയ്ക്ക് സമർപ്പിച്ചിരുന്നു.