ബംഗലൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ചതിൽ മലയാളികൾക്ക് കാര്യമായി പങ്കുണ്ട്. കെ സി വേണുഗോപാലായിരുന്നു തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ ഒരുക്കിയവരിൽ മുന്നിൽ. പി സി വിഷ്ണുനാഥും, റോജി എം ജോണും നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചു. മൂന്ന് മലയാളികളും കർണാടക നിയമസഭയിലേക്ക് വിജയിച്ചു കയറിയിരുന്നു. ഇവരിൽ രണ്ട് പേർ സുപ്രധാന തസ്തികളിൽ തന്നെ നിയമിക്കപ്പെട്ടു. കെ.ജെ.ജോർജ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇപ്പോൾ അതിന് പിന്നാലെ യു ടി ഖാദർ എന്ന മലയാളിക്ക് സുപ്രധാന പോസ്റ്റ് ലഭിക്കുകയാണ്.
കർണാടക നിയമസഭയെ ഇനി മലയാളി നിയന്ത്രിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകളിൽ വ്യക്തമാകുന്നത്. മലയാളിയായ യു ടി ഖാദറിനെ സ്പീക്കർ സ്ഥാനാർത്ഥി ആക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഖാദർ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവർ ഖാദറിന്റെ നാമനിർദ്ദേശ പത്രികയിൽ പിന്തുണച്ച് ഒപ്പുവെക്കും. തെരഞ്ഞെടുക്കപ്പെട്ടാൽ കർണാടകയിൽ സ്പീക്കർ സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലിമാകും യുടി ഖാദർ. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്.
ദക്ഷിണ കന്നഡ ജില്ലയിലെ മാംഗ്ലൂർ നിയമസഭ മണ്ഡലത്തിൽ നിന്നാണ് ഖാദർ വിജയിച്ചത്. ഹിജാബ് നിരോധനം അടക്കം മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധ നടപടികൾ പിൻവലിക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അബ്ദുനാസ്സർ മഅ്ദനിയുടെ കേരളയാത്രയിലും സാധ്യമാകുന്ന ഇടപെടലുകൾ സർക്കാർ നടത്തുമെന്നും യു.ടി ഖാദർ വ്യക്തമാക്കിയിരുന്നു. അദ്ദേഹമാണ് സപീക്കറാകാൻ ഒരുങ്ങുന്നത്. തെരഞ്ഞെടുക്കപ്പെട്ട യു.ടി ഖാദർ തീരദേശ കർണാടക മേഖലയിൽ കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യവും നേതാവുമാണ്.
കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായിരുന്നു. പ്രോടേം സ്പീക്കർ ആർ വി ദേശ്പാണ്ഡെയുടെ നേതൃത്വത്തിലാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. നേരത്തെ മുതിർന്ന നേതാക്കളും മുന്മന്ത്രിമാരുമായ ആർ വി ദേശ് പാണ്ഡെ, ടിബി ജയചന്ദ്ര, എച്ച് കെ പാട്ടീൽ തുടങ്ങിയവരുടെ പേരുകളാണ് സ്പീക്കർ സ്ഥാനത്തേക്ക് ഉയർന്നു കേട്ടത്. എന്നാൽ മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന ഇവരെല്ലാം സ്പീക്കർ പദവി വേണ്ടെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിക്കുകയായിരുന്നു.
എട്ടു കോൺഗ്രസ് സർക്കാരുകളിൽ മന്ത്രിയായി താൻ പ്രവർത്തിച്ചിട്ടുണ്ട്. പത്താം തവണയാണ് താൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ആരോഗ്യപ്രശ്നങ്ങൾ അടക്കം ഉള്ളതിനാൽ സ്പീക്കർ സ്ഥാനത്തേക്ക് ഇല്ലെന്ന് ആർ വി ദേശ്പാണ്ഡെ അറിയിച്ചു. മണ്ഡലത്തിൽ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതിനാൽ സ്പീക്കർ പദവിയിലേക്കില്ലെന്ന് ജയചന്ദ്രയും കോൺഗ്രസ് നേതാക്കളെ അറിയിച്ചു.
ഇതേത്തുടർന്നാണ് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയും കെസി വേണുഗോപാലും യുടി ഖാദറുമായി ചർച്ച നടത്തിയത്. രണ്ടു വർഷത്തിന് ശേഷം നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിസ്ഥാനം നൽകാമെന്ന് നേതാക്കൾ ഖാദറിന് ഉറപ്പു നൽകിയതായാണ് റിപ്പോർട്ടുകൾ. മറ്റൊരു മലയാളി എംഎൽഎയായ എൻ എ ഹാരിസും മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
മന്ത്രിസഭയിൽ 34 പേരെയാണ് പരമാവധി ഉൾപ്പെടുത്താനാവുക. സാമുദായിക, മേഖലാ പ്രാതിനിധ്യം കണക്കിലെടുത്താകും മന്ത്രിമാരെ നിശ്ചയിക്കുക. നേരത്തെ കോട്ടയത്തെ ചിങ്ങവനത്തുനിന്ന് കർണാടകയിലെ കുടകിലേക്ക് കുടിയേറിയ കർഷക കുടുംബത്തിലെ അംഗമാണ് കെ.ജെ. ജോർജ് മന്ത്രിയായിരുന്നു. 2018-ൽ കുമാരസ്വാമി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു അദ്ദേഹം. ഇരുപതാം വയസ്സിൽ യൂത്ത് കോൺഗ്രസ്സിലൂടെ സജീവ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അദ്ദേഹം കർണാടക ആഭ്യന്തര മന്ത്രി പദവിവരെ കൈകാര്യം ചെയ്ത കോൺഗ്രസിന്റെ കരുത്തുറ്റ നേതാവാണ്.
ജോർജ് 2008 മുതൽ സർവജ്ഞനനഗർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവും കർണാടക പി.സി.സിയുടെ ജനറൽ സെക്രട്ടറിയും കർണാടകയിൽ നിന്നുള്ള എ.ഐ.സി.സി അംഗവുമാണ്. കർണാടക മുൻ മുഖ്യമന്ത്രിയായ കെ.സിദ്ധരാമയ്യയുടെ വിശ്വസ്ഥനായാണ് പാർട്ടിയിൽ ഇദ്ദേഹം അറിയപ്പെടുന്നത്. ഇതു തന്നെയാണ് വീണ്ടും മന്ത്രിയാക്കുന്നത്. എന്നാൽ ഇത്തവണ ആഭ്യന്തരം കിട്ടില്ല. ആഭ്യന്തരം ഡികെ ശിവകുമാറിനാകും നൽകുക.