ന്യൂഡൽഹി: സത്യപ്രതിജ്ഞാച്ചടങ്ങിലേക്കു വിവിധ പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചെങ്കിലും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും ഒഴിവാക്കിയത് കോൺഗ്രസിനെ ഒഴിവാക്കിയുള്ള ബദലിന് ശ്രമിക്കുന്ന നേതാക്കളെന്ന വിലയിരുത്തലിൽ. തെലുങ്കാനയിൽ ചന്ദ്രശേഖർ റാവുവിനെതിരെ വലിയ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് ക്ഷണിക്കാതിരിക്കുന്നത്. ഇവർക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനേയും ഒഴിവാക്കി. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയേയും ക്ഷണിച്ചേക്കും.
മുഖ്യമന്ത്രി പിണറായി വിജയനു ക്ഷണമില്ലാത്തതു ചൂണ്ടിക്കാട്ടിയപ്പോൾ, പാർട്ടി അധ്യക്ഷർക്കാണു ക്ഷണമെന്നായിരുന്നു കോൺഗ്രസിന്റെ വിശദീകരണം. മുഖ്യമന്ത്രിമാരായ നിതീഷ്കുമാർ, എം.കെ.സ്റ്റാലിൻ, ഹേമന്ത് സോറൻ, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ തുടങ്ങിയവർ പങ്കെടുക്കും. ശരദ് പവാർ, ഉദ്ധവ് താക്കറെ, ഫാറൂഖ് അബ്ദുല്ല, തേജസ്വി യാദവ് തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ പ്രതിപക്ഷ കൂട്ടായ്മയുടെ വരവറിയിക്കുന്നതാകും സത്യപ്രതിജ്ഞ.
വിശാല പ്രതിപക്ഷ ഐക്യത്തിനായി പ്രാദേശിക എതിർപ്പു മാറ്റിവച്ച് ചന്ദ്രശേഖർ റാവുവിനെയും കേജ്രിവാളിനെയും കൂടി ക്ഷണിക്കണമെന്നു പാർട്ടിയിൽ വാദവുമുണ്ട്. മമത ബാനർജി പ്രതിനിധിയെ അയയ്ക്കും. കോൺഗ്രസിലെ ഉന്നതനേതാക്കളും 3 മുഖ്യമന്ത്രിമാരും പങ്കെടുക്കും.