ബംഗ്ലൂരു: കോൺഗ്രസിലെ സോഷ്യലിസ്റ്റ് മുഖമാണ് കെ സിദ്ധരാമയ്യ. കർണാടക ഭരണം കോൺഗ്രസ് തിരിച്ചുപിടിക്കുകയാണെങ്കിൽ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകാൻ സാധ്യതയെന്ന് എക്സിറ്റ് പോൾ ഫലം സൂചന നൽകിയിരുന്നു. കർണാടകയിലെ 40.1 ശതമാനം വോട്ടർമാർ സിദ്ധരാമയ്യയെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്നതായി എക്സിറ്റ് പോൾ കണക്കുകൾ സൂചിപ്പിരുന്നു. 34.1 ശതമാനം വോട്ടർമാർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയാണ് അനുകൂലിക്കുന്നത്. ജെ.ഡി (എസ്) നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി വരാൻ ആഗ്രഹിക്കുന്നത് 18.1 ശതമാനം വോട്ടർമാരായിരുന്നു. ഈ സിദ്ധരാമയ്യയുടെ ജനകീയതയാണ് കർണ്ണാടകയിൽ കോൺഗ്രസിന് തുണയാകുന്നത്.
കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയാകാനുള്ള തന്റെ ആഗ്രഹം തിരഞ്ഞെടുപ്പിന് മുമ്പ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ നിരീക്ഷകർ അദ്ദേഹത്തെ ശക്തനായ സ്ഥാനാർത്ഥിയായി കണക്കാക്കുന്നു. എന്നാൽ എക്സിറ്റ് പോൾ പ്രകാരം വോട്ടർമാരിൽ 4.2 ശതമാനം മാത്രമാണ് ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആഗ്രഹിച്ചത്. ഇതിനൊരു കാരണമുണ്ട്. കർണ്ണാകയിൽ വി എസ് അച്യുതാന്ദന് കേരളത്തിലുള്ള സ്വീകാര്യതയും പരിവേഷവുമാണ് സിദ്ധരാമയ്യയ്ക്ക്. ഉമ്മൻ ചാണ്ടിക്കുള്ള സ്വീകാര്യതയും. അങ്ങനെ മികച്ച പ്രതിച്ഛായയും സ്വീകാര്യതയുമുള്ള മുഖം. കേരളത്തിൽ വിഎസിനുണ്ടായിരുന്നത് പോലെ എല്ലാ വിഭാഗം ജനങ്ങളുടേയും പ്രതീക്ഷയാണ് സിദ്ധരാമയ്യ എന്ന നേതാവ്.
ഒരു കാലത്ത് ജെ.ഡി.എസിലെ ശക്തനായ നേതാവായിരുന്നു സിദ്ധരാമയ്യ. പാർട്ടിയുടെ മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുടെ അടുത്ത അനുയായിയായി ആയിരുന്നു. എന്നാൽ തന്റെ പിൻഗാമിയായി മകൻ കുമാരസ്വാമിയെ അഭിഷേകം ചെയ്യാനുള്ള ദേവഗൗഡയുടെ തീരുമാനത്തിൽ അസ്വസ്ഥനായ സിദ്ധരാമയ്യ 2005ൽ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. 2013-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ മികച്ച വിജയത്തോടെ സിദ്ധരാമയ്യ കർണാടകയുടെ മുഖ്യമന്ത്രിയായി. 2018ൽ രണ്ട് സീറ്റിൽ മത്സരിച്ച സിദ്ധരാമയ്യ ഒരിടത്ത് പരാജയപ്പെട്ടു. ദളിത്, മുസ്ലിം സമുദായങ്ങൾക്കിടയിൽ സിദ്ധരാമയ്യക്ക് ശക്തമായ സ്വാധീനമുണ്ട്.
എക്സിറ്റ് പോളുകളിലും കർണാടകയിലെ 54 ശതമാനം ദളിത് വോട്ടർമാർ അദ്ദേഹത്തെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുമ്പോൾ 69 ശതമാനം മുസ്ലിം വോട്ടർമാർക്കും ഇതേ നിലപാടാണുള്ളത്. ഈ അനുകൂലതയാണ് ബിജെപിയുടെ തേരോട്ടത്തെ ബംഗ്ലൂരുവിൽ തടഞ്ഞു നിർത്തിയത്. കർണാടകയിലെ മൈസൂർ ജില്ലയിൽ സിദ്ധരാമ ഗൗഡയുടേയുടേയും ബൊറമയുടേയും മകനായി 1948 ഓഗസ്റ്റ് 12ന് ജനനം. കുറുംബ സമുദായ അംഗമാണ് സിദ്ധരാമയ്യ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മൈസൂരിലെ യുവരാജ കോളേജിൽ നിന്ന് ബിരുദവും ശാരദവിലാസ് കോളേജിൽ നിന്ന് നിയമബിരുദവും നേടി.
1977-ൽ ലോക്ദളിൽ ചേർന്നതോടെയാണ് സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ലോക്ദൾ ടിക്കറ്റിൽ 1983-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1984-ൽ ലോക്ദൾ വിട്ട് ജനതാ പാർട്ടിയിൽ ചേർന്ന് 1985-ൽ വീണ്ടും നിയമസഭയിൽ അംഗമായ സിദ്ധരാമയ്യ 1988-ലെ ജനതാപാർട്ടി പിളർപ്പിനെ തുടർന്ന് ജനതാദൾ ടിക്കറ്റിൽ 1989-ൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1994-ൽ വീണ്ടും ജനതാദൾ ടിക്കറ്റിൽ നിയമസഭാംഗമായെങ്കിലും 1999-ൽ പിളർപ്പുണ്ടായതോടെ ജനതാദൾ വിട്ട് ദേവഗൗഡ നേതാവായ ജെ.ഡി.എസിൽ ചേർന്നു. 1999-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ജെ.ഡി.എസ് ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. 2004-ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2005-ൽ ജെ.ഡി.എസ് നേതാവായ എച്ച്.ഡി.ദേവഗൗഡയുമായി അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടർന്ന് നിയമസഭാംഗത്വം രാജിവച്ച് ജെ.ഡി.എസ് വിട്ട് സമാന്തര പാർട്ടി രൂപീകരിച്ചു. കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സിദ്ധരാമയ്യ 2005-ൽ കോൺഗ്രസ് പാർട്ടിയിൽ തന്റെ പാർട്ടി ലയിപ്പിച്ചു. 2006-ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നടന്ന ഉപ-തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ആദ്യമായി നിയമസഭാംഗമായി. 2008, 2013 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ വരുണ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ സിദ്ധരാമയ്യ 2018-ൽ വരുണ മണ്ഡലം മകൻ യതീന്ദ്രക്ക് കൈമാറി.
2018-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പഴയ തട്ടകമായ ചാമുണ്ഡേശ്വരിയിൽ നിന്നും ബദാമിയിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. ചാമുണ്ഡേശ്വരിയിൽ പരാജയപ്പെട്ടെങ്കിലും ബദാമിയിൽ നിന്ന് വിജയിച്ചു. 1994-ൽ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയായ സിദ്ധരാമയ്യ മൃഗക്ഷേമ, ഗതാഗത, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു. 2013-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് നിയമസഭയിൽ ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രിയായി.
2018ലെ നിയമസഭയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാർ രൂപീകരിച്ച് ജെ.ഡി.എസിലെ എച്ച്.ഡി.കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയെങ്കിലും 17 എംഎൽഎമാർ രാജിവച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. പിന്നീട് നടന്ന ഉപ-തിരഞ്ഞെടുപ്പിൽ 17-ൽ 13 സീറ്റിലും ബിജെപി ജയിച്ചതോടെ 2019-ൽ കുമാരസ്വാമി മുഖ്യമന്ത്രി പദം രാജിവച്ചു. 2019-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചു.
ബി.എസ്.യദിയൂരപ്പ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ സിദ്ധരാമയ്യ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പ്രതിപക്ഷ നേതാവായി സിദ്ധരാമയ്യ. ഇനിയുള്ള റോൾ എന്തെന്നുള്ളതാണ് നിർണ്ണായകം. ഏതായാലും താക്കോൽ സ്ഥാനത്ത് സിദ്ധരാമയ്യ ഉണ്ടാകുമെന്ന് തന്നെയാണ് പൊതുപ്രതീക്ഷ.