ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ ഇന്ന് അധികാരമേൽക്കുമ്പോൾ മന്ത്രിമാരായി മലയാളികളും എത്തിയേക്കും. കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനും പുറമേ 25 മന്ത്രിമാരെങ്കിലും സത്യപ്രതിജ്ഞ ചെയ്‌തേക്കും. മലയാളികളായ കെ.ജെ.ജോർജ്, യു.ടി.ഖാദർ എന്നിവരടക്കം 25 പേർക്കു മന്ത്രിസ്ഥാനം ലഭിക്കുമെന്നാണു വിവരം.
മന്ത്രിസഭയിൽ 34 പേരെയാണ് പരമാവധി ഉൾപ്പെടുത്താനാവുക. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ കോൺഗ്രസ് പ്രകടന പത്രികയിലെ 5 പ്രധാന വാഗ്ദാനങ്ങൾ നടപ്പാക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്നും സൂചനയുണ്ട്. മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി ചർച്ച നടത്തി. സാമുദായിക, മേഖലാ പ്രാതിനിധ്യം കണക്കിലെടുത്താകും മന്ത്രിമാരെ നിശ്ചയിക്കുക. ജി.പരമേശ്വര, എം.ബി.പാട്ടീൽ, കെ.എച്ച്.മുനിയപ്പ, രാമലിംഗ റെഡ്ഡി, സതീഷ് ജർഖിഹോളി, ആർ.വി.ദേശ്പാണ്ഡേ, ലക്ഷ്മൺ സാവദി, പ്രിയങ്ക് ഖർഗെ എന്നിവരും മന്ത്രിപദം ഉറപ്പിച്ചിട്ടുണ്ട്.
കോട്ടയത്തെ ചിങ്ങവനത്തുനിന്ന് കർണാടകയിലെ കുടകിലേക്ക് കുടിയേറിയ കർഷക കുടുംബത്തിലെ അംഗമാണ് കെ.ജെ. ജോർജ്. 2018-ൽ കുമാരസ്വാമി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു അദ്ദേഹം. ഇരുപതാം വയസ്സിൽ യൂത്ത് കോൺഗ്രസ്സിലൂടെ സജീവ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അദ്ദേഹം കർണാടക ആഭ്യന്തര മന്ത്രി പദവിവരെ കൈകാര്യം ചെയ്ത കോൺഗ്രസിന്റെ കരുത്തുറ്റ നേതാവാണ്.
ജോർജ് 2008 മുതൽ സർവജ്ഞനനഗർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവും കർണാടക പി.സി.സിയുടെ ജനറൽ സെക്രട്ടറിയും കർണാടകയിൽ നിന്നുള്ള എ.ഐ.സി.സി അംഗവുമാണ്. കർണാടക മുൻ മുഖ്യമന്ത്രിയായ കെ.സിദ്ധരാമയ്യയുടെ വിശ്വസ്ഥനായാണ് പാർട്ടിയിൽ ഇദ്ദേഹം അറിയപ്പെടുന്നത്. ഇതു തന്നെയാണ് വീണ്ടും മന്ത്രിയാക്കുന്നത്. എന്നാൽ ഇത്തവണ ആഭ്യന്തരം കിട്ടില്ല. ആഭ്യന്തരം ഡികെ ശിവകുമാറിനാകും നൽകുക.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ ചിങ്ങവനം എന്ന ഗ്രാമത്തിൽ കെ.ചാക്കോ ജോസഫിന്റെയും മറിയാമ്മയുടേയും മകനായി 1949 ഓഗസ്റ്റ് 24ന് ജനനം. 1960-ൽ കർണാടകയിലെ കൊടക് ജില്ലയിലേക്ക് കുടിയേറിയ ജോർജിന്റെ കുടുംബം പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പൊന്നുംപേട്ട ഗവ.ജൂനിയർ കോളേജിൽ നിന്നും പ്രീഡിഗ്രി നേടി പഠനം പൂർത്തിയാക്കി. 1968-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നതോടെയാണ് ജോർജിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1994-ൽ കർണാടക മുൻ മുഖ്യമന്ത്രിയായിരുന്ന എസ്.ബംഗാരപ്പക്കൊപ്പം കോൺഗ്രസ് വിട്ടെങ്കിലും 1999-ൽ കോൺഗ്രസ് പാർട്ടിയിൽ തിരികെയെത്തി.
കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ വന്നാലുടൻ കോൺഗ്രസ് വാഗ്ദാനം ചെയ്ത പദ്ധതികൾ നടപ്പിലാക്കുമെന്ന് മലയാളിയും മംഗളൂരു മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയുമായ യു.ടി.ഖാദർ പ്രതികരിച്ചിരുന്നു. ഹിജാബ് നിരോധനം അടക്കം മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധ നടപടികൾ പിൻവലിക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അബ്ദുനാസ്സർ മഅ്ദനിയുടെ കേരളയാത്രയിലും സാധ്യമാകുന്ന ഇടപെടലുകൾ സർക്കാർ നടത്തുമെന്നും യു.ടി ഖാദർ വ്യക്തമാക്കിയിരുന്നു. ഈ നേതാവും വീണ്ടും മന്ത്രിയാകും.
മംഗളൂരു മണ്ഡലത്തിൽ നിന്ന് നാല് തവണ തെരഞ്ഞെടുക്കപ്പെട്ട യു.ടി ഖാദർ തീരദേശ കർണാടക മേഖലയിൽ കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യവും നേതാവുമാണ്.