ബംഗ്ലൂരു: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പായാണ് കർണാടക തിരഞ്ഞെടുപ്പിനെ കോൺഗ്രസ് വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ കർണാടക തിരഞ്ഞെടുപ്പിലെ ഫലം കോൺഗ്രസിന് ആത്മവിശ്വാസമാണ്. കർണാടകയിൽ ഭരണത്തിലേറി ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചു വരികയാണ് കോൺഗ്രസ്. ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനം കൈവിട്ടു പോകാതിരിക്കാൻ ആവനാഴിയിലെ സകല അസ്ത്രങ്ങളും അവർ പ്രയോഗിച്ചു. എന്നിട്ടും കോൺഗ്രസ് ചരിത്ര വിജയം നേടി. നല്ല ഭൂരിപക്ഷവും നേടി. ഇതോടെ അഞ്ചു കൊല്ലം ഭരിക്കാനുള്ള സാഹചര്യം കോൺഗ്രസ് ഉണ്ടാക്കി. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക് എത്തുന്നത് ബിജെപിയെ തർത്താണ്. ശക്തികേന്ദ്രങ്ങളിൽ മുന്നേറ്റമുണ്ടാക്കാനാകാതെ പോയ ബിജെപി തകർന്നടിഞ്ഞു. ബിജെപി മന്ത്രിമാരിൽ പലരും തോറ്റു.
കർണാടക കൈവിട്ടതോടെ ബിജെപിക്ക് പിന്നെ ദക്ഷിണേന്ത്യയിൽ അഡ്രസുണ്ടാവില്ല. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെ കോൺഗ്രസിന്റെ അട്ടിമറി വിജയത്തിനായി കരുക്കൾ ചലിപ്പിക്കേണ്ട ദിശയിൽ ചലിപ്പിച്ചത് കർണാടക പിസിസി അധ്യക്ഷനായ ഡി.കെ ശിവകുമാർ ആണെന്നതിൽ സംശയമില്ല. കർണാടകയിൽ കോൺഗ്രസിന്റെ അത്താണി ആയിരുന്നു ഡി.കെ. ഇതിനൊപ്പം മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യയും ജയം ഉറപ്പിക്കാൻ ഒരുമിച്ചു നിന്നു. ഒരിക്കലും ഡികെയുമായി ഏറ്റുമുട്ടലിന് പോയില്ല. മുഖ്യമന്ത്രി ആരെന്ന് പിന്നീട് തീരുമാനിക്കാമെന്ന് ഇരു നേതാക്കളും പറഞ്ഞു. പ്രചരണ കാലത്തെ ഈ ഒരുമയാണ് കോൺഗ്രസിന് ഗുണമായത്. അഴിമതിയിൽ ബിജെപിയെ രണ്ടു പേരും ചേർന്ന് തളച്ചു. പ്രശ്‌നങ്ങളില്ലാതെ അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്തുകയാണ് കോൺഗ്രസിന് മുന്നിലെ അടുത്ത വെല്ലുവിളി.
കർണാടകയിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കോൺഗ്രസിന്റെ ജനകീയ നേതാവായി കളംനിറഞ്ഞു നിന്നപ്പോൾ തന്റെ പണിപ്പുരയിൽ ഡികെ ശിവകുമാർ കൂട്ടിയും കിഴിച്ചും തന്ത്രങ്ങൾ മെനഞ്ഞു. ഡികെ കർണാടക കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറായി മാറി. ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്ന് കോൺഗ്രസ് നേതാക്കൾ പോലും പലപ്പോഴും രഹസ്യമായി അഭിപ്രായപ്പെട്ടപ്പോഴും 130ന് മുകളിൽ സീറ്റുകൾ പാർട്ടിക്ക് ലഭിച്ചിരിക്കുമെന്ന് യാതൊരു ആത്മവിശ്വാസക്കുറവുമില്ലാതെ ശിവകുമാർ ആവർത്തിച്ചു. അത് സംഭവിച്ചു. എതിർപാളയത്തിലുള്ളവരെ സ്വന്തം തട്ടകത്തിൽ എത്തിച്ചതുമുതൽ തുടങ്ങുന്ന ഡി.കെയുടെ സാമർഥ്യം. ഫലം വരാനിരിക്കേ എംഎൽഎമാരെ ചാക്കിട്ടുപിടിക്കുന്നത് തടയാനും ശിവകുമാർ കരുക്കൾ നീക്കി. ജയമുറപ്പിച്ചാൽ എംഎൽഎമാരോട് ബെംഗളൂരുവിലെത്താനായിരുന്നു നിർദ്ദേശം. ഇവരെ റിസോർട്ടിലേക്ക് നീക്കാനായിരുന്നു പദ്ധതി. എന്നാൽ ഇനി അത് വേണ്ട.
കർണ്ണാടകയിലെ കോൺഗ്രസ് നേതാക്കളുടെ വിജയമാണ് ഇത്. ഒരുമിച്ച് നിന്നാൽ ഏത് വമ്പനേയും അടിതെറ്റിക്കാമെന്ന പാഠം. ആദ്യം വിജയിക്കുക. അതിന് ശേഷം മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള പോരാട്ടം. അതാണ് കർണ്ണാടകയിൽ സംഭവിച്ചതും. നിയമസഭയിൽ പാർട്ടി ഭൂരിപക്ഷം നേടിയാലേ മുഖ്യമന്ത്രിയാകാൻ കഴിയൂവെന്ന് സിദ്ദരാമ്മയ്യയും ഡികെയും തിരിച്ചറിഞ്ഞു. എല്ലാവരേയും ഇതിന് വേണ്ടി ചേർത്തു നിർത്തി. ഈ ഒരുമ നഷ്ടപ്പെട്ടതാണ് മറ്റ് സംസ്ഥാനങ്ങളിൽ പലയിടത്തും കോൺഗ്രസ് തോൽവിയായത്. ഹൈക്കമാണ്ടിന്റെ ഇടപെടലുകൾ ഇതിന് കാരണമാവകയും ചെയ്തു. സംസ്ഥാന നേതൃത്വത്തെ ശക്തിപ്പെടുത്തിയാൽ മാത്രമേ കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചു വരാൻ കഴിയൂ. ഇത് കർണ്ണാടക മോഡലിൽ നിന്നും രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും പഠിക്കേണ്ടതാണ്.
സകല അമ്പുകളും പുറത്തെടുത്തായിരുന്നു ബിജെപിയുടെ പ്രചരണം. ഹനുമാനെ പോലും അവർ ചർച്ചയ്ക്കായി പിടിച്ചു. മോദിയുടെ റോഡ് ഷോ എല്ലാ അർത്ഥത്തിലും ചർച്ചയാക്കി. പക്ഷേ പ്രതിപക്ഷത്തെ ഒരുമയും ഭരണ വിരുദ്ധ വികാരവും മോദിയുടെ ഇടപെടലുകളേയും ചർച്ചയാക്കിയില്ല. കർണ്ണാടകം ഒന്നടങ്കം കോൺഗ്രസിന് അനുകൂലമായി വിധിയെഴുതി. സമുദായ വോട്ടുകളും കോൺഗ്രസ് അനുകൂലമാക്കി. പാർട്ടിയിലെ എല്ലാ നേതാക്കളേയും ചേർത്ത് നിർത്തിയായിരുന്നു കോൺഗ്രസ് ഇത് സാധിച്ചെടുത്തത്.
കർണ്ണാടക തിരഞ്ഞെടുപ്പിൽ നിർണായകമായിരുന്നു വൊക്കലിഗ സമുദായത്തിന്റെ വോട്ടുകൾ. 14 ശതമാനമാണ് കർണാടകത്തിൽ വൊക്കലിഗയുടെ അംഗബലം. 60 ഓളം മണ്ഡലങ്ങളിൽ വൊക്കലിഗ വോട്ട് നിർണായകമാണ്. ലിംഗായത്ത് കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും പ്രബലവിഭാഗമാണവർ. സ്വാതന്ത്ര്യത്തിന് ശേഷം ഒരു പ്രധാനമന്ത്രിയും ഏഴ് മുഖ്യമന്ത്രിമാരും ഉണ്ടായ സമുദായമാണിത്. ഓൾഡ് മൈസൂരു മേഖലയാണ് വൊക്കലിഗ ശക്തികേന്ദ്രം. രാമനഗര, മാണ്ഡ്യ, മൈസൂരു, ചാരരാജ്നഗർ, കുടക്, കോലാർ, തുമകുരു, ഹാസൻ ജില്ലകളിലാണ് സമുദായവോട്ട് നിർണായകമാവുക. 58 മണ്ഡലങ്ങളാണ് ഈ ജില്ലകളിലുള്ളത്. ഈ വോട്ടെല്ലാം കോൺഗ്രസിന് അനുകൂലമായി.
വൊക്കലിഗ പരമ്പരാഗതമായി ജെഡിഎസ്സിനെ പിന്തുണയ്ക്കുന്നവരാണ്. എന്നാൽ ഇത്തവണ പതിവിൽ നിന്ന് വിപരീതമായി ബിജെപി ശക്തമായി വൊക്കലിഗ കോട്ടയിൽ പ്രചാരണത്തിനുണ്ടായിരുന്നു. ഇത് ഗുകരമായി മാറിയത് കോൺഗ്രസിനാണ്. ഇതിനൊപ്പം ലിംഗായത്തും കോൺഗ്രസിനൊപ്പമായി. അമുൽ-കെഎംഎഫ് വിഷയത്തിലെ നിലപാടും ബിജെപിയെ തിരിച്ചടിച്ചു. അമുൽ ബെംഗളൂരുവിലേക്ക് വരുന്നതിനെ ബിജെപി നേതാക്കൾ ന്യായീകരിക്കുകയും ചെയ്തു. പ്രാദേശിക ഭരണകൂടങ്ങളെല്ലാം ക്ഷീര മേഖലയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ജനവികാരം എതിരാവാൻ ഇത് കാരണമായി.