ഹൈദരാബാദ്: തെലങ്കാനയിൽ ജന്മദിന ആഘോഷത്തിനിടെ 16കാരൻ ഹൃദയാഘാതം മൂലം മരിച്ചു. തെലങ്കാന ആസിഫാബാദ് മണ്ഡലിൽ ബാബാപൂർ ഗ്രാമത്തിലെ സിഎച്ച് സച്ചിനാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം.
16കാരന്റെ ജന്മദിനം വലിയ ആഘോഷമാക്കുന്നതിന് കൂട്ടുകാരെയും ബന്ധുക്കളെയും നാട്ടുകാരെയും വീട്ടുകാർ ക്ഷണിച്ചിരുന്നു. വീടിന് ചുറ്റും സച്ചിന്റെ ചിത്രങ്ങൾ തൂക്കി ജന്മദിനം അവിസ്മരണീയമാക്കാനായിരുന്നു വീട്ടുകാരുടെ പദ്ധതി. ജന്മദിനത്തിന്റെ ഭാഗമായി കേക്കും വാങ്ങിയിരുന്നു.
ആഘോഷ ചടങ്ങിനിടെ സച്ചിൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതം മൂലമാണ് കുട്ടി മരിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
തുടർന്ന് ജന്മദിനം ആഘോഷമാക്കണമെന്ന കുട്ടിയുടെ ആഗ്രഹം പൂർത്തിയാക്കാൻ സച്ചിന്റെ മൃതദേഹത്തിന് അരികിൽ നിന്ന് കേക്ക് മുറിക്കുകയായിരുന്നു.
മകന്റെ വേർപാടിന്റെ വേദനയ്ക്കിടെ, ജന്മദിനം ആഘോഷമാക്കണമെന്ന 16കാരന്റെ ആഗ്രഹം പൂർത്തിയാക്കാൻ മൃതദേഹത്തിന് അരികിൽ കണ്ണീരോടെയാണ് കുടുംബാംഗങ്ങൾ കേക്ക് മുറിച്ചത്. .