ന്യൂഡൽഹി: ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ജന്തർമന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിന് പിന്നാലെ ക്യാമറയ്ക്കു മുന്നിൽ പൊട്ടിക്കരഞ്ഞ് വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഇതിനൊക്കെ സാക്ഷിയാകാനാണോ തങ്ങൾ മെഡലുകൾ നേടിയതെന്ന് അവർ മാധ്യമങ്ങൾക്കു മുന്നിൽ ചോദിച്ചു. പൊലീസ് അതിക്രമം സംബന്ധിച്ച് ബുധനാഴ്ച രാത്രിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
”ഞങ്ങൾ ഈ മെഡലുകൾ എല്ലാം നേടിയത് ഇങ്ങനെ ഒരു ദിവസത്തിനു വേണ്ടിയാണോ” എന്ന് ചോദിച്ച് വിനേഷ് ഫോഗട്ട് കണ്ണീരടക്കാൻ പാടുപെട്ടു. മദ്യപിച്ചെത്തിയ ഒരു പൊലീസുകാരൻ രണ്ടു വനിതാ ഗുസ്തിതാരങ്ങളെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്‌തെന്നാണ് പരാതി.
‘ആ പൊലീസുകാരൻ ഞങ്ങളെ എല്ലാവരെയും തള്ളിയിട്ടു. ഇങ്ങനെ പെരുമാറാൻ ഞങ്ങൾ കുറ്റവാളികളല്ല. ഞങ്ങളെ കൊല്ലണമെങ്കിൽ കൊല്ലൂ.” വിനേഷ് ഫോഗട്ട് കൂട്ടിച്ചേർത്തു. വനിതാ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ഇല്ലാത്തതിനെയും അവർ ചോദ്യം ചെയ്തു. ലോക ഗുസ്തി ചാംപ്യൻഷിപ്പിൽ നാല് മെഡലുകൾ നേടിയ ബജ്റംഗ് പൂനിയ, തന്റെ എല്ലാ മെഡലുകളും തിരിച്ചെടുക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായി വികാരധീനനായി പറഞ്ഞു.
ഇന്നലെ രാത്രി സമരപ്പന്തലിലേക്കു കട്ടിലുകൾ എത്തിച്ചതു പൊലീസ് തടഞ്ഞതാണു പ്രശ്‌നങ്ങൾക്കു തുടക്കമായത്. പകൽ മഴ പെയ്തതിനാൽ സമരപ്പന്തലിലെ കട്ടിലുകൾ നനഞ്ഞുപോയിരുന്നു. പകരം ഉപയോഗിക്കാനുള്ള കിടക്കകളും മടക്കിവയ്ക്കാവുന്ന കട്ടിലുകളും ആം ആദ്മി പാർട്ടിപ്രവർത്തകർ കൊണ്ടുവരുമ്പോഴാണു പൊലീസ് തടഞ്ഞത്.
മദ്യപിച്ചെത്തിയ ഒരു പൊലീസുകാരൻ ഇതിനിടെ രണ്ട് വനിതാ ഗുസ്തിതാരങ്ങളെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതായി പരാതിയുയർന്നു. ബഹളത്തിനിടെ രണ്ടുപേർക്കു പരുക്കേറ്റു. ഒരാളെ ആശുപത്രിയിലാക്കി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. എഎപി നേതാവ് സോമനാഥ് ഭാരതിയെയും രണ്ട് അനുയായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ബാരിക്കേഡ് തകർത്ത് അനുമതിയില്ലാതെ സമരസ്ഥലത്തു പ്രവേശിച്ചതിന്റെ പേരിലാണു നടപടി.
.
പൊലീസ് നടത്തിയ അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ തനിക്ക് ലഭിച്ച എല്ലാ മെഡലുകളും തിരിച്ചെടുക്കണമെന്ന് സർക്കാരിനോട് അപേക്ഷിക്കുകയാണെന്ന് ഗുസ്തി താരം ബജ്റംഗ് പുനിയ പ്രതികരിച്ചു. തങ്ങൾക്ക് രാജ്യത്തെ മുഴുവൻ ജനങ്ങളുടേയും പിന്തുണ ആവശ്യമുണ്ട്. പൊലീസ് ഞങ്ങൾക്കെതിരെ ബലം പ്രയോഗിക്കുകയാണ്. വനിതാ താരങ്ങളെ അധിക്ഷേപിക്കുന്നു. എന്നാൽ, അവർ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും ബജ്‌റംഗ് പൂനിയ ആരോപിച്ചു.
മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ തങ്ങൾക്കുനേരെ അതിക്രമം നടത്തുകയായിരുന്നെന്ന് പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങൾ ആരോപിച്ചു. ഞങ്ങളെ ആ പൊലീസ് ഉദ്യോഗസ്ഥൻ പിടിച്ചു തള്ളുകയും ഉന്തുകയും ചെയ്തു. എന്നാൽ മറ്റു പൊലീസുകാർ നിശബ്ദരായി ഇത് നോക്കിനിൽക്കുക മാത്രമാണ് ചെയ്തതെന്നും അവർ പറയുന്നു.
അനുവാദമില്ലാതെ സമരപ്പന്തലിൽ പുതപ്പും കിടക്കകളുമെത്തിച്ച സോമനാഥ് ഭാരതിയടക്കമുള്ള ആം ആദ്മി നേതാക്കളെ ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കിടക്കകളെക്കുറിച്ച് ചോദിച്ചപ്പോൾ സോമനാഥ് ഭാരതിക്കൊപ്പമുണ്ടായിരുന്ന അനുയായികൾ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് ഡി.സി.പി. പ്രണവ് തയാൽ അറിയിച്ചു.
സംഘർഷത്തെത്തുടർന്ന്, പ്രതിഷേധ സ്ഥലത്ത് കനത്ത പൊലീസ് സേനയെ വിന്യസിച്ചു. പ്രദേശം മുഴുവൻ ബാരിക്കേഡ് സ്ഥാപിക്കുകയും പ്രതിഷേധിക്കുന്ന ഗുസ്തിക്കാരുടെ അടുത്തേക്ക് മാധ്യമപ്രവർത്തകരുടെ പ്രവേശനം തടയുകയും ചെയ്തു. ഗുസ്തിതാരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആരോപണം നേരിടുന്ന ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺസിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ജന്തർമന്തറിലെ സമരം 11 ദിവസം പിന്നിട്ടു.