ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം തനിക്കു കിട്ടിയേ തീരൂവെന്ന ഉറച്ച നിലപാടിലാണോ ഡി കെ ശിവകുമാർ? കർണാടകത്തിൽ അധികാര വടംവലി മുറുകുമ്പോൾ നിലപാട് കടുപ്പിക്കുകാണ് ശിവകുമാർ എന്നാണ് സൂചനകൾ. മുഖ്യമന്ത്രി സ്ഥാനത്തിനായി ശക്തമായി നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഡൽഹിയിൽ ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനിരിക്കവേ ഡൽഹിയിൽ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ് ഡി കെ നീരസം പ്രകടമാക്കി. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന വിധത്തിൽ കാര്യങ്ങൾ നീങ്ങവേയാണ് ഡി കെ നിലപാട് അറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും ഡി.കെ വ്യക്തമാക്കി. ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു. ജനം തിരിച്ചും നൽകിയെന്ന് അദ്ദേഹം പറഞ്ഞു. പിറന്നാൾ ദിനത്തിൽ ഹൈക്കമാൻഡ് മുഖ്യമന്ത്രിപദം സമ്മാനമായി നൽകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയിരുന്നു അദ്ദേഹം. അതേസമയം മുഖ്യമന്ത്രി പദവി പങ്കിടുന്ന ഫോർമുലയാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് സൂചനൾ. സിദ്ധരാമയ്യ ആദ്യ ടേമിൽ മുഖ്യമന്ത്രി ആകുകയും ഡി കെ ശിവകുമാർ രണ്ടാം ടേമിൽ മുഖ്യമന്ത്രി ആകുന്നതുമാണ് ഫോർമുല. രണ്ട് വർഷം താനും, മൂന്ന് വർഷം ശിവകുമാറും എന്ന ഫോർമുല സിദ്ധരാമയ്യ തന്നെയാണ് മുന്നോട്ടു വെച്ചിരിക്കുന്നത്.
70 ശതമാനം എംഎൽഎമാരുടെയും പിന്തുണ സിദ്ധരാമയ്യക്കാണ്. ഡികെയ്ക്ക് ഉപമുഖ്യമന്ത്രി പദവിയും കെപിസിസി അധ്യക്ഷ സ്ഥാനവും ഒരുമിച്ചു വഹിക്കാനും പാർട്ടി അവസരം നൽകിയേക്കും. സമവായമെന്ന വിധത്തിൽ ഈ മാർഗ്ഗമാണ് ഹൈക്കമാൻഡ് നേടുന്നത്. അതിനിടെ ഉപമുഖ്യമന്ത്രി പദവിക്കായി ലിംഗായത്ത് വിഭാഗം സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. എം ബി പാട്ടീലിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്നാണ് ഉരുത്തിരിയുന്ന ഫോർമുല. വിഷയങ്ങളിൽ ഇന്ന് സമവായം ഉണ്ടായാൽ ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടായേക്കും.
മുഖ്യമന്ത്രി കസേരയ്ക്കായി രംഗത്തുള്ള പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറും ഇന്ന് വൈകീട്ടോടെ ഡൽഹിയിലെത്തുമെന്നാണ് വിവരം . വൈകീട്ട് 3.30 ഓടെ ഇരുവരും ഹൈക്കമാൻഡിനെ കാണുമെന്നാണ് സൂചന. ഡി കെ ശിവകുമാറിന്റെ യാത്രാകാര്യത്തിലാണ് അനിശ്ചിതത്വം നിലനിൽക്കുന്നത്. ഇതിനിടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷക സംഘം എംഎൽഎമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ശേഷം ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. നിയമസഭാ കക്ഷി നേതാവായി ഓരോ എംഎൽഎമാരും നിർദ്ദേശിക്കുന്ന ആളുടെ പേര് വോട്ടായി തന്നെ നിരീക്ഷക സംഘം ഞായറാഴ്ച രേഖപ്പെടുത്തിയെന്നാണ് വിവരം.
ആര് മുഖ്യമന്ത്രിയാവണം എന്നതിൽ ഞായറാഴ്ച ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനമായിരുന്നില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എഐസിസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തി ഒറ്റവരി പ്രമേയം പാസാക്കി നിയമസഭാ കക്ഷി യോഗം പിരിയുകയായിരുന്നു. നിരീക്ഷകർ സമാഹരിച്ച എംഎൽഎമാരുടെ വോട്ടുകൾഹൈക്കമാൻഡ് പരിശോധിക്കും. നിരീക്ഷക സംഘം തങ്ങളുടെ റിപ്പോർട്ട് ഖാർഗെ, സോണിയ, രാഹുൽ, പ്രിയങ്ക തുടങ്ങിയവരുടെ മുന്നിൽ വെച്ച ശേഷം ചർച്ചകൾ നടത്തും.
ഇതിന് ശേഷമായിരിക്കും ഡി.കെ.ശിവകുമാറിനേയും സിദ്ധരാമയ്യയേയും നേതൃത്വം ഔദ്യോഗികമായി ഡൽഹിയിലേക്ക് വിളിപ്പിക്കുക. ക്ഷണിച്ചാലുടൻ ഡൽഹിയിലേക്ക് പുറപ്പെടാൻ ഇരുനേതാക്കൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുശീൽ കുമാർ ഷിൻഡെ, ദീപക് ബാബറിയ, ജിതേന്ദ്ര സിങ് അൽവാർ എന്നിവരെയാണ് ഹൈക്കമാൻഡ് നിരീക്ഷകരായി നിയോഗിച്ചിരുന്നത്.