ചെന്നൈ: തമിഴ്‌നാട്ടിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. 35 പേരോളം ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് തമിഴ്‌നാട് പൊലീസ് ഐ.ജി എൻ കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്‌നാട്ടിലെ വില്ലുപുരത്തും ചെങ്കൽപ്പേട്ട് ജില്ലയിലുമാണ് വ്യാജമദ്യം കഴിച്ച് ആളുകൾ മരണപ്പെട്ടത്. മൂന്ന് സ്ത്രീകൾ അടക്കമുള്ളവരാണ് മരിച്ചത്. വെള്ളിയാഴ്ച രണ്ടുപേരും ശനിയാഴ്ച ദമ്പതിമാരും മരിച്ചിരുന്നു. ആറുപേർ ഞായറാഴ്ചയാണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വിഷമദ്യം കഴിച്ചാണ് ആറുപേരും മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടുചെയ്തു. വ്യാജമദ്യം കഴിച്ചവരിൽ 33 പേർ അപകടനില തരണം ചെയ്തുവെന്നാണ് വിവരം. ചികിത്സയിൽ കഴിയുന്ന രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്.
തമിഴ്‌നാട് വില്ലുപുരം ജില്ലയിലെ മാരക്കാനത്ത് ആണ് ആദ്യം വ്യാജമദ്യദുരന്തം റിപ്പോർട്ട് ചെയ്തത്. എക്യാർകുപ്പം സ്വദേശികളായ സുരേഷ്, ശങ്കർ, ധരണിധരൻ എന്നിവരാണ് മരിച്ചത്. മദ്യപിച്ച് ശേഷം കുഴഞ്ഞുവീണ നിരവധി പേരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.