ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു. വ്യാഴാഴ്ച രാവിലെ 9 മണിയോടെ തിരുവൻവണ്ടൂരിലെ ഉമയാറ്റുകര സഹകരണ ബാങ്ക് ശാഖയ്ക്ക് സമീപമാണ് അപകടം. കല്ലിശ്ശേരി അഴകിയകാവ് ദേവിക്ഷേത്രത്തിലെ കഴകം ജീവനക്കാരൻ ഉമയാറ്റുകര ഉണ്ടാച്ചാടത്ത് വീട്ടിൽ രാജേഷിന്റെയും രഞ്ജുവിന്റെയും മകൻ അക്ഷയ് (ശ്രീഹരി 10) ആണ് മരിച്ചത്.
തിരുവൻവണ്ടൂർ ക്ഷേത്രോത്സവത്തിന് അമ്മയോടൊപ്പം എത്തിയ അക്ഷയ്, മുത്തശ്ശിയുടെ പടിപ്പുരക്കുഴിയിലെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അമിത വേഗതയിലെത്തിയ ടിപ്പർ ലോറി കുട്ടിയെ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ സമീപവാസികളും വീട്ടുകാരും ചേർന്ന് കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെണ്ടവാദനം അഭ്യസിക്കുന്ന അക്ഷയ് രണ്ട് ദിവസത്തിനകം അഴകിയകാവ് ദേവീക്ഷേത്രത്തിൽ അരങ്ങേറ്റം നടത്താനിരിക്കവെയാണ് നാടിനെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തിയ ദുരന്തം ഉണ്ടായത്. കഴിഞ്ഞ അധ്യയനവർഷം കല്ലിശ്ശേരി എസ്.എ.പി.ജി സ്കൂളിലെ (പാറേൽ സ്കൂൾ) നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പാണ്ടനാട് സ്വാമി വിവേകാനന്ദ സ്കൂളിൽ അഞ്ചാംക്ലാസിൽ പ്രവേശനം നേടി കാത്തിരിക്കവെയാണ് മരണം. സഹോദരൻ: അക്ഷിത്. സംസ്കാരം വെള്ളിയാഴ്ച ഉച്ച 12ന് വീട്ടുവളപ്പിൽ. ചെങ്ങന്നൂർ പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.