ഔദ്യോഗിക സ്ഥാനപ്പേര് പരാമർശിക്കുന്നതിനിടെ ‘നാക്കുപിഴ’ സംഭവിച്ച അവതാരകനെ സ്‌നേഹത്തോടെ ശാസിച്ച് സംവിധായകൻ രഞ്ജിത്. ‘ലൈവ്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് സംഭവം. വേദിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുമ്പോൾ എഴുത്തുകാരൻ, സംവിധായകൻ, നടൻ എന്നീ വിശേഷണങ്ങൾക്കൊപ്പം അദ്ദേഹത്തിന്റെ ഔദ്യോഗിക സ്ഥാനപ്പേര് പരാമർശിച്ചിടത്താണ് അവതാരകന് നാക്കു പിഴച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്നു പറയുന്നതിനു പകരം ഫെഫ്ക ജനറൽ സെക്രട്ടറി എന്നു തെറ്റായി വിശേശിപ്പിക്കുക ആയിരുന്നു.
അവതാരകന്റെ അബദ്ധം ഉടനെ വേദിയിലുള്ളവർ തിരുത്തിപ്പറഞ്ഞു കൊടുത്തെങ്കിലും ചലച്ചിത്ര അക്കാദമി ജനറൽ സെക്രട്ടറി എന്നായി അവതാരകൻ. ഒടുവിൽ ക്ഷമാപണം നടത്തിയാണ് അവതാരകൻ തടിയൂരിയത്. സിനിമ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിനിടെ രഞ്ജിത്തിനെ ജനറൽ സെക്രട്ടറി ഓഫ് ഫെഫ്ക എന്ന് അഭിസംബോധന ചെയ്തപ്പോൾ തന്നെ വേദിയിൽ ചിരി പൊട്ടി.
‘പെട്ടെന്നുള്ള ടെൻഷനിൽ അറിയാതെ പറ്റിയതാണ്. എന്നെ കൊല്ലാതെ വിടണം’, എന്നായിരുന്നു ക്ഷമാപണത്തോടെ അവതാരകൻ സംവിധായകൻ രഞ്ജിത്തിനോട് പറഞ്ഞത്. വേദിയിലെത്തിയ രഞ്ജിത്തും സരസമായി സംഭവത്തോട് പ്രതികരിച്ചു. അതൊരു അപരാധമോ തെറ്റോ അല്ലെന്നും ആ ചെറുപ്പക്കാരനെ കൊല്ലാതെ വിടുന്നു എന്നുമായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. വല്ലപ്പോഴും പത്രമെടുത്തു നോക്കി വായിക്കുന്നത് നല്ലതാണ്. എല്ലാം അറിഞ്ഞുവെന്ന ധാരണയിൽ ഒരു ഇട്ടാവട്ട സ്റ്റേജിൽ നിന്ന് സംസാരിക്കുന്നതല്ല ലോകമെന്നും അതിനപ്പുറത്തുള്ളവരെ തിരിച്ചറിയാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.