തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ നടപടികളുമായി വിജിലൻസ്. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് വിജിലൻസ് നീക്കം.
അഴിമതി തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി നാല്പതോളം സർക്കാർ ഉദ്യോഗസ്ഥർ സംസ്ഥാന വിജിലൻസിന്റെ നിരീക്ഷണത്തിലാണ്. അനധികൃത സ്വത്ത് സമ്പാദനം തെളിഞ്ഞവർക്കെതിരേ പരിശോധനകൾ പൂർത്തിയാക്കി കേസും രജിസ്റ്റർ ചെയ്തു തുടങ്ങി. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടറും ഇതിൽ ഉൾപ്പെടുന്നു. ഇടുക്കിയിലും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഇരുപത്തഞ്ചോളം പേർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്‌തേക്കുമെന്നാണ് സൂചന.
സർക്കാർ ഉദ്യോഗസ്ഥരിലെ അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കാൻ നേരത്തേ വിജിലൻസ് തീരുമാനിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി നാല്പതോളം ആളുകളുടെ പേരിൽ കേസെടുക്കാനുള്ള നടപടികളാണ് വിജിലൻസിൽ നടക്കുന്നത്. ഓഫീസിനും വകുപ്പിനും സംസ്ഥാനത്തിനും കളങ്കമുണ്ടാക്കുന്ന ഉദ്യോഗസ്ഥരെ ചുമക്കേണ്ട ബാധ്യത സർക്കാരിനില്ലെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശംവച്ചാണ് വിജിലൻസ് കർശന നിരീക്ഷണം നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ഇക്കൊല്ലം ആദ്യത്തെ രണ്ടുമാസത്തിനുള്ളിൽത്തന്നെ 18 വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. 305 മിന്നൽ പരിശോധനകൾ നടത്തി. 23 രഹസ്യവിവര ശേഖരണങ്ങൾ നടത്തിയതായും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
അഴിമതിക്കാരെ പിടികൂടുന്നതിനുള്ള വിജിലൻസിന്റെ വലയിൽ 11 ഉദ്യോഗസ്ഥർ കുടുങ്ങുകയും ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ മിന്നൽ പരിശോധനകളും രഹസ്യ വിവരശേഖരണവും നടത്താനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ആഭ്യന്തര വിജിലൻസ് സെല്ലുകളുടെ പ്രവർത്തനം ഊർജിതപ്പെടുത്താൻ തീരുമാനിച്ചതിന്റെ ഭാഗമായി വിവിധവകുപ്പുകളിലെ വിജിലൻസ് സെല്ലിന്റെ തലവനെ വിജിലൻസ് വകുപ്പ് നിയമിക്കുമെന്ന തീരുമാനവുമെടുത്തു. ആഭ്യന്തര വിജിലൻസ് സെൽ തലവനെ നിശ്ചയിക്കുംമുമ്പ് അദ്ദേഹത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിരുന്നു.
സാധാരണക്കാർ നിരന്തരം സമീപിക്കുന്ന ഓഫീസ് എന്ന നിലയ്ക്ക് വില്ലേജ് ഓഫീസുകൾ അടക്കം നിരീക്ഷണ വിധേയമാക്കും. ഇവിടെ ലഭിക്കുന്ന അപേക്ഷകളും ഇവ തീർപ്പാക്കുന്നതിലെ കാലതാമസവും പരിശോധിക്കും. സേവനാവകാശ നിയമം ലംഘിക്കപ്പെടുന്നുണ്ടോയെന്നും നിരീക്ഷിക്കും.
മാസത്തിലൊരിക്കൽ മിന്നൽ പരിശോധന നടത്താൻ നേരത്തെ വിജിലൻസ് തീരുമാനിച്ചിരുന്നു. ഇരുപതോളം വകുപ്പുകളിലെ അഴിമതി തരംതിരിച്ച് ആന്റി കറപ്ഷൻ ഇൻഡെക്‌സ് വിജിലൻസ് തയ്യാറാക്കിയിരുന്നു. ഇതിൽ തദ്ദേശം, റവന്യൂ ഉൾപ്പെടെയുള്ള വകുപ്പുകളിലായിരുന്നു ഏറ്റവും ഉയർന്ന അഴിമതി കണ്ടെത്തിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.