കൊച്ചി: പൊലീസുകാരുടെ മക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് പൊതുവേദിയിൽ തുറന്നടിച്ച് കൊച്ചി കമ്മിഷണർ കെ. സേതുരാമൻ. ഒരു എസ്‌പി.യുടെ രണ്ട് മക്കളും ലഹരിക്ക് അടിമകളായെന്നും അദ്ദേഹത്തിന്റെ കുടുംബം തന്നെ പ്രതിസന്ധിയിലായെന്നും കമ്മിഷണർ പറഞ്ഞു. അങ്കമാലിയിൽ കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ. സേതുരാമൻ ഐ.പി.എസ്.
കാക്കിക്ക് കാക്കിയോട് സ്നേഹം കാണാതിരിക്കുമോ? അതു തന്നെയായിരുന്നു മുൻഎസ്‌പിയുടെ ക്രിമിനൽ ആയ മകനെ പിടികൂടാതെ പൊലീസ് പലപ്പോഴും ഒത്തുകളിക്കാനുള്ള കാരണവും. സിനിമാസ്റ്റൈലിൽ പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ട എസ് പിയുടെ മകൻ കൊച്ചിയിൽ എത്തിയിട്ടും പൊലീസിന് പിടികൂടാൻ സാധിച്ചിരുന്നില്ല. തിരുവനന്തപുരത്തു നിന്ന് രക്ഷപെട്ട ആ യുവാവ് നെയ്യാറ്റിൻകരയിലെ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ വസതിയിൽ രണ്ടുദിവസം തങ്ങിയിരുന്നു. നെയ്യാറ്റിൻകര മണ്ണടിക്കോണത്ത് നേതാവിന്റെ വീടുവളഞ്ഞ് പിടികൂടാൻ ആലോചിച്ചെങ്കിലും അനുമതി ലഭിച്ചില്ല. വിവരം മണത്തറിഞ്ഞ് ബംഗളുരുവിലേക്കും തുടർന്ന് തിരുപ്പതിയിലേക്കും കടന്നു. വർഷങ്ങൾക്ക് മുമ്പ് കേരളം ചർച്ച ചെയ്ത കേസാണിത്. ഈ കേസാണ് ഇപ്പോൾ കൊച്ചി കമ്മീഷണർ ചർച്ചയാക്കുന്നത്.
‘മയക്കുമരുന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നു. അത് പൊലീസ് എങ്ങനെ പരിഹരിക്കുമെന്ന് ജനങ്ങൾ ഉറ്റുനോക്കുകയാണ്. അക്കാര്യത്തിൽ കാര്യക്ഷമമായി മുന്നോട്ടുപോകണം. ദേശീയ ശരാശരിയേക്കാൾ കുറവാണ് കേരളത്തിൽ മയക്കുമരുന്ന് ഉപയോഗം. രാജ്യത്ത് 2.5 ശതമാനം ആളുകൾ മയക്കുമരുന്ന് ഉപയോഗിക്കുന്നെങ്കിൽ കേരളത്തിലത് 1.2 ശതമാനം മാത്രമാണ്. പഞ്ചാബ് പോലുള്ള അതിർത്തി സംസ്ഥാനങ്ങളിൽ 12 ശതമാനം വരെ ആളുകൾ മയക്കുമരുന്നിന് അടിമകളാണ്. അതിനാൽ വളരെ വലിയ പ്രതിസന്ധിയാണെന്ന് പറയാനാവില്ലെങ്കിലും ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. കാരണം, ഇത് വേഗത്തിൽ വ്യാപിക്കാനുള്ള സാധ്യതയുണ്ട്.’
‘നമുക്കറിയാം, തിരുവനന്തപുരത്ത് നമ്മുടെ സ്വന്തം സഹപ്രവർത്തകന്റെ കുട്ടി പോലും മയക്കുമരുന്നിന് അടിമയായി കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി. നമ്മൾ ജീവിക്കുന്ന ക്വാർട്ടേഴ്‌സിനകത്തു തന്നെ ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടെന്ന് കണ്ണുതുറന്ന് പരിശോധിക്കണം. ഇത്തരം നിരവധി കേസുകൾ കാണുന്നുണ്ട്. എല്ലാ റാങ്കിൽ ഉൾപ്പെടുന്ന പൊലീസുകാരുടെ മക്കളും മയക്കുമരുന്നിന് അടിമകളാകുന്നുണ്ട്. ഒരു എസ്‌പി.യുടെ രണ്ട് ആൺകുട്ടികളും മയക്കുമരുന്നിന് അടിമയായി. അത് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്. ആ കുടുംബം തന്നെ പ്രശ്‌നത്തിലായി. ഇത് വളരെ ഗൗരവത്തിൽ എടുക്കേണ്ടതുണ്ട്’ -കെ. സേതുരാമൻ ഐ.പി.എസ്. കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് പൊലീസ് ക്വാട്ടേഴ്‌സിലെ കുട്ടിയുടെ മരണമാണ് ഇവിടെ സേതുരാമൻ ഉയർത്തിക്കാട്ടുന്നത്.
ദേശീയ ശരാശരി വെച്ചു നോക്കുമ്പോൾ കേരളത്തിൽ ലഹരി ഉപയോഗം കുറവാണ്. എന്നാൽ നിരക്ക് വേഗം ഉയരാൻ സാധ്യതയെന്നും കെ സേതുരാമൻ മുന്നറിയിപ്പ് നൽകുന്നു. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും കെ സേതുരാമൻ ആവശ്യപ്പെട്ടു. നേരത്തെ സിനിമാ താരങ്ങൾക്കിടയിലെ ലഹരി ഉപയോഗത്തേക്കുറിച്ച് അറിവുണ്ടെന്ന് കെ സേതുരാമൻ വിശദമാക്കിയിരുന്നു. ഇവർ ലഹരിമരുന്ന് കൈവശം വെക്കുമ്പോഴോ ഉപയോഗിക്കുന്ന സമയത്തോ മാത്രമേ പിടികൂടാനാകൂവെന്നതാണ് പരിമിതി. സഹായികളാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്നത്. ഈ താരങ്ങളുടെ പിന്നാലെ പൊലീസ് ഉണ്ടെന്നും ഇന്നല്ലെങ്കിൽ നാളെ ഇവർ പിടിയിലാകുമെന്നും കമ്മീഷണർ പ്രതികരിച്ചിരുന്നു.
മയക്കുമരുന്ന് ഏത് സ്ഥലത്ത് വെച്ച് ഉപയോഗിച്ചാലും കുറ്റകരമാണ്. അതിനാൽ സിനിമാ സെറ്റിൽ പരിശോധന നടത്താൻ തടസമില്ല. കേരളത്തിലെ ലോകമറിയുന്ന കലാകാരന്മാർ ആരും മയക്കുമരുന്ന് ഉപയോഗിച്ചല്ല താരങ്ങളായത്. അവരിൽ പലരും തങ്ങളെ സഹായിക്കുന്നുണ്ടെന്നും കൊച്ചിയിലെ സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഉപയോഗം കുറഞ്ഞിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കിയിരുന്നു.