തിരുവനന്തപുരം: ബിഷപ്പ് പ്ലാംപാനിയുടെ പരാമർശം ഗാന്ധിജിക്കും കമ്മ്യൂണിസ്റ്റുകാർക്കും ബാധകമല്ലെന്ന് തിരിച്ചടിച്ച് സിപിഎം. ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രതിരോധത്തിനെത്തുമ്പോൾ ബിജെപി ബിഷപ്പിനൊപ്പം. രാഷ്ട്രീയ രക്തസാക്ഷികൾ അനാവശ്യമായി കലഹിക്കാൻ പോയി വെടിയേറ്റു മരിച്ചവരാണെന്ന തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പരാമർശത്തെ ഗാന്ധിജിയെ മുന്നിൽ നിർത്തി പ്രതിരോധിക്കാനാണ് സിപിഎം ശ്രമം. ബിജെപിക്ക് അനുകൂല സാഹചര്യമുണ്ടാക്കാനാണ് ഇതെല്ലാമെന്നാണ് സിപിഎം വിലയിരുത്തൽ. അതുകൊണ്ടാണ് ബിജെപിയേയും സിപിഎം കടന്നാക്രമിക്കുന്നത്. കോൺഗ്രസ് ഈ വിഷയത്തിൽ കരുതലെടുക്കും. റബ്ബർ വിലയിൽ ബിജെപി അനുകൂല പ്രസംഗം പാംപ്ലാനി നടത്തിയിട്ടുള്ളതിനാലാണ് ഇത്.
ഇടതുപക്ഷത്തെ ലക്ഷ്യം വച്ചാണ് ബിഷപ്പിന്റെ ഒളിയമ്പെന്നാണ് സിപിഎം വിലയിരുത്തൽ. വിശ്വാസികളെ സിപിഎമ്മിൽ നിന്ന് അകറ്റാനുള്ള ബോധപൂർവ്വമായ ശ്രമമായി ഇതിനെ സിപിഎം കാണുന്നു. രാഷ്ട്രീയ രക്തസാക്ഷികൾ കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവർ . ചിലർ പ്രകടനത്തിനിടയിൽ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നിവീണു മരിച്ചവർ. കെ സി വൈ എം യുവജന ദിനാഘോഷ വേദിയിലാണ് ബിഷപ്പിന്റെ പരാമർശം. രാഷ്ട്രീയ രക്തസാക്ഷികളെ പോലെയല്ല അപ്പോസ്തലന്മാർ അവർ നന്മയ്ക്കും സത്യത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണെന്നും പാമ്പ്ലാനി പറഞ്ഞു. വിശ്വാസികളിലേക്ക് പരോക്ഷമായി സിപിഎം വിരുദ്ധ രാഷ്ട്രീയം ചർച്ചയാക്കാനുള്ള ശ്രമമാണ് ബിഷപ്പിന്റേതെന്നാണ് വിലയിരുത്തൽ.
അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ വളഞ്ഞിട്ടാക്രമിക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയും പ്രകടനത്തിനിടയിൽ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നിവീണും മരിച്ചവരെ രക്തസാക്ഷികളാക്കുന്നത് സിപിഎമ്മാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. അവരെയാണ് ബിഷപ്പ് തുറന്ന് കാണിച്ചത്. കള്ളുഷാപ്പിലെ തർക്കത്തിനിടെ കത്തികുത്തേറ്റ് മരിച്ചവരെയും പാമ്പ് കടിച്ച് മരിച്ചവരെയും രക്തസാക്ഷികളാക്കിയ സിപിഎം പാംപ്ലാനിയെ വിമർശിക്കുന്നതിൽ അത്ഭുതമില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുന്നത് കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രങ്ങളിൽ മാത്രമാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നതും രക്തസാക്ഷികളെ ആഘോഷിക്കുന്നതും അവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്താകമാനം രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ ശൈലി. ഉന്മൂലന രാഷ്ട്രീയം പ്രത്യയശാസ്ത്രമാക്കിയ കമ്മ്യൂണിസ്റ്റുകാർ ഇപ്പോഴും ആയുധം താഴെവെക്കാൻ തയ്യാറായിട്ടില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
നിശത വിമർശനമാണ് ഈ വിവാദത്തിൽ ബിഷപ്പിനെതിരെ സിപിഎം നടത്തിയത്. ഇടതു കൺവീനർ ഇപി ജയരാജന്റെ കടന്നാക്രമണത്തിന് ശേഷം സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനും എത്തി. ‘ബിഷപ്പ് പ്ലാംപാനിയുടെ പരാമർശം ഗാന്ധിജിക്കും കമ്മ്യൂണിസ്റ്റുകാർക്കും ബാധകമല്ല. ഗാന്ധിജിയെ ആരെങ്കിലുമായി വഴക്കിട്ടതിനെ തുടർന്ന് പൊലീസ് വെടിവെച്ചു കൊന്നതല്ല. ഗാന്ധിജിയെ വർഗീയ ഭ്രാന്തനായ ഒരു ആർ.എസ്.എസുകാരൻ വെടിവെച്ചു കൊന്നതാണ്. ഗോഡ്സെ ബിർളാ മന്ദിരത്തിലെത്തിയത് പ്രാർത്ഥിക്കാനായിരുന്നില്ല. ഗാന്ധിജിയെ കൊല്ലാനായിരുന്നു. ഗാന്ധിജി അയാളെ ആശീർവദിക്കാൻ വേണ്ടി കൈയുയർത്തിയപ്പോഴാണ് ആ വർഗീയ ഭ്രാന്തൻ ഗാന്ധിജിയെ വെടിവെച്ചു കൊന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ രക്തസാക്ഷിയായി ഗാന്ധിജിയെ നമുക്ക് കണക്കാക്കാവുന്നതാണ്. അപ്പോൾ ബിഷപ്പിന്റെ പരാമർശം ഗാന്ധിജിക്കു ബാധകമല്ല. ഗാന്ധിജി വഴക്കടിച്ചു കൊല്ലപ്പെട്ടയൊരാളല്ല. ആർഎസ്എസ് ആണ് ആ കൊലയ്ക്കു പിന്നിൽ. ആർഎസ്എസ് നേതാവ് സവർക്കർ ഏഴാം പ്രതിയാണ്. ആർ.എസ്.എസിനെ 1948 ഫെബ്രുവരി നാലു മുതൽ 1949 ജൂലായ് 10 വരെ നിരോധിച്ചത് ഗാന്ധിജിയെ വെടിവെച്ചു കൊന്നതിനാലാണ്. വഴക്കടിച്ച്, എന്നിട്ട് വെടിയേറ്റ് മരിച്ചതാണെങ്കിൽ ആർ.എസ്.എസിനെ നിരോധിക്കേണ്ട കാര്യമില്ല’.- എം.വി ജയരാജൻ പറഞ്ഞു.
‘കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ കാര്യമെടുത്താൽ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികൾ അമ്പുവും ചാത്തുക്കുട്ടിയുമാണ്. 1940 സെപ്റ്റംബർ 15-ന് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ പങ്കെടുത്ത് സമരം നടത്തിയ ഇവരെ തലശ്ശേരി കടപ്പുറത്തു വെച്ച് കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടാൻ ബ്രിട്ടീഷുകാർ നിയോഗിച്ച മലബാർ സ്പെഷ്യൽ പൊലീസ് വെടിവെച്ചു കൊല്ലുന്നത്. അവരും പൊലീസുകാരുമായി വഴക്കടിച്ചതു കൊണ്ട് കൊല്ലപ്പെട്ടതല്ല. അപ്പോൾ അത് കമ്മ്യൂണിസ്റ്റുകാർക്കും ബാധകമല്ല. മാത്രമല്ല, കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളായി ജീവൻ വെടിയേണ്ടി വന്ന കേരളത്തിലെ എഴുന്നൂറിലധികം പേർ നാടിനും നാട്ടുകാർക്കും വേണ്ടി ജീവൻ ബലികഴിച്ചവരാണ്. അവനനവന്റെ സുഖത്തിനു വേണ്ടിയായിരുന്നില്ല മറിച്ച് അപരന്മാരുടെ സന്തോഷത്തിനു വേണ്ടിയായിരുന്നു അവർ ജീവൻ ബലി നൽകിയത്.’
‘അതുകൊണ്ട് മർദ്ദിതരായവർക്കു വേണ്ടി യേശുവിനെ എങ്ങനെയാണോ കുരിശിലേറ്റിയത് അത് പോലെ മർദ്ദിത ജനവിഭാഗങ്ങൾക്കു വേണ്ടി പോരാട്ടത്തിനറങ്ങിയവരാണ് കമ്മ്യൂണിസ്റ്റുകാർ. തൂക്കിലേറ്റപ്പെട്ട കയ്യൂരിലെ വിപ്ലവകാരികളും കൊല്ലപ്പെട്ടത് ആരെയെങ്കിലും ഉപദ്രവിച്ചതിന്റെ പേരിലല്ല. ഇവരെല്ലാം രാഷ്ട്രീയ രക്തസാക്ഷികളാണ്. രാഷ്ട്രീയമെന്നത് കക്ഷിരാഷ്ട്രീയമല്ല. മറിച്ച് സങ്കുചിത ദേശരാഷ്ട്രീയമാണ്. ഇവരെല്ലാം കൊല്ലപ്പെട്ടത് സമൂഹത്തിനും ജനങ്ങൾക്കും വേണ്ടിയാണ്. ഈ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ വഴക്കടിച്ച് എന്തെങ്കിലും പ്രശ്നമുണ്ടാക്കി ജീവൻ ബലിയർപ്പിച്ചു എന്ന് പറയുന്നവരുടെ കൂട്ടത്തിൽ ഗാന്ധിജിയോ കമ്മ്യൂണിസ്റ്റുകാരോ ഇല്ല. ബിഷപ്പ് ഉദ്ദേശിച്ചത് ആർ.എസ്.എസുകാരെയോ ബിജെപിക്കാരെയോ ആയിരിക്കും. കാരണം ഇവരാണ് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത്. ഇവരാണ് വഴക്കടിക്കുന്നതും മറ്റുള്ളവരുടെ ന്യൂനപക്ഷ വിശ്വാസങ്ങളെ ഹനിക്കാൻ തോക്കെടുക്കുന്നതും. പശുക്കളെ സംരക്ഷിക്കാനും ന്യൂനപക്ഷത്തെ, പ്രത്യേകിച്ച് ക്രിസ്ത്യൻ- മുസ്ലിം വിഭാഗങ്ങളെ കൊല്ലാനും ആയുധമെടുക്കണമെന്നാണ് ബിജെപിയുടെ ഒരു എംഎൽഎ പരസ്യമായി പറഞ്ഞത്. വഴക്കാളികൾ ബിജെപിക്കാരാണെന്ന് സമകാലീന സാമൂഹിക സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്.’ -എം.വി ജയരാജൻ അഭിപ്രായപ്പെട്ടു.
‘കേരളത്തിൽ വൈദികന്മാരടക്കമുള്ളവർക്ക് പരസ്യമായി വിമർശനങ്ങളുന്നയിക്കാൻ കഴിയുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളെ വിമർശിക്കാം, പ്രശ്നങ്ങളിൽ തങ്ങളുടെ നിലപാട് തുറന്നു പറയാം, ഇതൊക്കെ കേരളത്തിൽ സാധിക്കുന്നുണ്ട്. എന്നാൽ മണിപ്പുരിൽ അത് സാധിക്കുന്നില്ല. അവിടെ അത് അനുവദിക്കാത്തതു കൊണ്ടാണ് ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ട നിരവധിയാളുകളെ കൊലപ്പെടുത്തിയത്. കേരളത്തിൽ പല ക്രിസ്തീയ സഭകളുടെ മുഖപത്രങ്ങളും മണിപ്പുരിലെ കലാപത്തിനു പിന്നിൽ ബിജെപിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതു കൊണ്ട് വഴക്കാളികളായ ആളുകൾ ബിഷപ്പു വ്യക്തമാക്കിയതു പോലെ ബിജെപിയും ആർ.എസ്.എസുമാണ്. ഫാദർ സ്റ്റാൻ സ്വാമിക്ക് ആവശ്യമായ കൃത്യമായ ചികിത്സയും പരിചരണവും നൽകാത്തതിനാലാണ് അദ്ദേഹം ജയിലിൽ വെച്ച് കൊല്ലപ്പെട്ടത്. അതാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിന്റെ അവസ്ഥ. ഒഡിഷയിൽ നിന്ന് ഫാദർ ഗ്രഹാം സ്റ്റെയിൻസിനേയും രണ്ടു കുട്ടികളേയും ചുട്ടുകരിച്ചു കൊന്നത് യഥാർഥത്തിൽ ബജ്രറംഗ് ദൾ പ്രവർത്തകരാണ്. ക്രിസ്ത്യൻ വിഭാഗത്തിനു നേരെ സമീപകാലത്ത് ഉണ്ടായ അക്രമങ്ങൾ കണക്കിലെടുത്താൽ വഴക്കാളികൾ ബിജെപിക്കാരാണെന്ന് ബിഷപ്പിനു മനസ്സിലാകും. അതു കൊണ്ടു കൂടിയാകാം ഇത്തരത്തിലൊരും പരാമർശം അദ്ദേഹം നടത്തിയിട്ടുണ്ടാകുക’-. എം.വി ജയരാജൻ വ്യക്തമാക്കി.