ന്യൂഡൽഹി: ഉദ്ഘാടന ദിനം പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ വനിതാ മഹാപഞ്ചായത്ത് നടത്തുമെന്ന് ഗുസ്തി താരങ്ങൾ. ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ പുതിയ സരമമുഖം തുറന്നിരിക്കുന്നത്.
ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണെതിരെ പതിനഞ്ച് ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് താരങ്ങൾ അന്ത്യശാസനം നൽകിയിരുന്നു. നൽകിയ സമയം ഞായറാഴ്ചയോടെ അവസാനിച്ചതോടെയാണ് പുതിയ സമരം പ്രഖ്യാപിച്ചത്.
ഹരിയാനയിലെ റൊഹ്തക്കിൽ ഖാപ്പ് പഞ്ചായത്ത് ചേർന്നായിരുന്നു സുപ്രധാന തീരുമാനം എടുത്തത്. ഗുസ്തി താരങ്ങളിൽ സാക്ഷി മാലിക്കും അവരുടെ ഭർത്താവ് സത്യവർത് കദിയനും മഹാപഞ്ചായത്തിൽ പങ്കെടുത്തു. ബജ്റംഗ് പുനിയയും വിനേഷ് ഫോഗട്ടും ജന്തർ മന്തറിലെ സമര സ്ഥലത്ത് തങ്ങി.
ചൊവ്വാഴ്ച ജന്തർമന്തറിൽ നിന്ന് ഇന്ത്യാ ഗേറ്റിലേക്ക് മെഴുകുതിരി മാർച്ച് നടത്താനും ഖാപ് പഞ്ചായത്ത് തീരുമാനമെടുത്തു. രാജ്യത്തെ പെൺമക്കൾക്കു വേണ്ടിയുള്ള പോരാട്ടമാണിതെന്നും പ്രതിഷേധത്തിൽ പങ്കുചേരാൻ എല്ലാ സ്ത്രീകളോടും തങ്ങൾ അഭ്യർത്ഥിക്കുകയാണെന്നും ഗുസ്തി താരവും ഒളിമ്പിക് മെഡൽ ജേതാവുമായ ബജ്രംഗ് പുനിയ പറഞ്ഞു.