ന്യൂഡൽഹി: കർണാടകയിലെ വിജയം കോൺഗ്രസിനെ സംബന്ധിച്ച് തെക്കേ ഇന്ത്യയിലും രാജ്യത്താകെയും ഒരു പുനരുജ്ജീവനമാണ്. ഇക്കൊല്ലം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും പ്രതീക്ഷക്ക് വക നൽകുന്നതാണ് കന്നഡമണ്ണിലെ വിജയം. രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രക്ക് ശേഷം നടന്ന ആദ്യ സംസ്ഥാന തിരഞ്ഞെടുപ്പാണ് കർണാടകത്തിലേത്. അവിടെ കോൺഗ്രസിന് വിജയമുണ്ടായത് നേതൃത്വത്തിനും അണികൾക്കും ഒരുപോലെ ആവേശം പകരുന്നതാണ്. എന്നാൽ ഏറ്റവും പ്രധാനം ബിജെപിക്കെതിരെ ഒരു ദേശീയ ബദൽ കെട്ടിപ്പടുക്കാൻ പ്രതിപക്ഷത്തിന് കർണാടകത്തിലെ വിജയം ആവേശം
അതേസമയം കർണാടകത്തിന് പിന്നാലെ, അഞ്ചുസംസ്ഥാനങ്ങൾ കൂടി ഈവർഷം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളാണ് നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. 2024-ലെ ലോക്സഭാപോരാട്ടം പടിവാതിൽക്കലെത്തി നിൽക്കുന്നതിനാൽ ഇനിയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകൾ ദേശീയരാഷ്ട്രീയത്തിലും ചലനമുണ്ടാക്കും. അഞ്ചുസംസ്ഥാനങ്ങളിലായി എണ്ണൂറോളം നിയമസഭാ സീറ്റുകളുള്ളതിനാൽ ഭാവിയിൽ രാജ്യസഭാ തിരഞ്ഞെടുപ്പിലും ഇവ നിർണായകമാണ്.
കർണാടകം പോലെത്തന്നെ കോൺഗ്രസിനും ബിജെപി.ക്കും ജീവന്മരണ പോരാട്ടങ്ങളാകും ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നേരിടേണ്ടിവരിക. ഛത്തീസ്‌ഗഢും രാജസ്ഥാനും കോൺഗ്രസ് ഭരിക്കുമ്പോൾ മധ്യപ്രദേശിൽ അവർക്ക് ഇടയ്ക്കുവെച്ച് പടിയിറങ്ങേണ്ടിവന്നതാണ്. 2018-ലെ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശ് ഭരണം കോൺഗ്രസിന് ലഭിച്ചെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ 22 എംഎൽഎ.മാർ രാജിവെച്ചതോടെ 2020-ൽ ശിവരാജ് സിങ് ചൗഹാന്റെ ബിജെപി. സർക്കാർ അധികാരത്തിലേറുകയായിരുന്നു.
സംസ്ഥാനരാഷ്ട്രീയം ഏറ്റവും കത്തിനിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ. മുഖ്യമന്ത്രി അശോക് ഗഹലോതിന് തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്നതിനൊപ്പം സഹപ്രവർത്തകനായ സച്ചിൻ പൈലറ്റ് ഉയർത്തുന്ന വെല്ലുവിളികളെയും പ്രതിരോധിക്കണം. മിസോറം നിയമസഭയുടെ കാലാവധി ഡിസംബർ 17-നാണ് അവസാനിക്കുന്നത്. ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന നിയമസഭകളുടെ അടുത്തവർഷം ജനുവരിയിലെ വിവിധ തീയതികളിൽ അവസാനിക്കും. അതിനാൽ അഞ്ചിടത്തെയും തിരഞ്ഞടുപ്പ് ഒന്നിച്ചുനടത്താനുള്ള സാധ്യത തള്ളാനാവില്ല. ഇത് കൂടാതെ, ജമ്മുകശ്മീർ കേന്ദ്രഭരണപ്രദേശത്തെ തിരഞ്ഞെടുപ്പും നടന്നുകൂടായ്കയില്ല. കാലാവസ്ഥയും സുരക്ഷാസാഹചര്യങ്ങളും അനുകൂലമായാൽ ജമ്മുകശ്മീർ തിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് റിപ്പോർട്ട്.
കർണാടകയിൽ മോദി പ്രഭാവത്തെ പരമാവധി ഉപയോഗപ്പെടുത്താനും ബിജെപി ശ്രദ്ധിച്ചിരുന്നു. എന്നാൽ അതൊന്നും വോട്ടെടുപ്പിൽ വിലപ്പോയില്ല എന്നതാണ് കർണാടകാ ഫലം മുന്നോട്ടുവെക്കുന്ന യാഥാർത്ഥ്യം. ഒരുപക്ഷെ ഒരു ഫോട്ടോ ഫിനിഷായിരുന്നു സംഭവിച്ചിരുന്നത് എങ്കിൽ ബിജെപിക്ക് തോൽവിയിലും ആശ്വാസത്തിന് വകകണ്ടെത്താമായിരുന്നു. കാരണം അധികാരത്തിലിരിക്കുന്ന ഒരു സർക്കാരിനെതിരായി വികാരമുണ്ടാവുക സ്വാഭാവികമാണല്ലോ. എന്നാൽ കോൺഗ്രസ് നേടിയിരിക്കുന്നത് ബിജെപിയേക്കാൾ ഇരട്ടിയിലധികം സീറ്റുകളാണ്. അതുകൊണ്ടുതന്നെ വലിയ തിരിച്ചടിയാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്.
പല കാരണങ്ങളാൽ കോൺഗ്രസ് നേതൃത്വത്തിന് പാഠമാകുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് കർണാടകത്തിൽ നടന്നത്. ഒന്നാമതായി പൂർണമായും സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള നീക്കമാണ് കോൺഗ്രസ് ദേശീയ നേതൃത്വം ഇക്കുറി കർണാടകത്തിൽ നടത്തിയത്. സ്ഥാനാർത്ഥി നിർണയത്തിലടക്കം സംസ്ഥാന നേതൃത്വമാണ് തീരുമാനങ്ങൾ എടുത്തത്. ഒപ്പം പ്രാദേശിക വിഷയങ്ങളിൽ ഊന്നിയാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ഇതെല്ലാം കോൺഗ്രസിന് ഗുണകരമാവുകയാണ് ചെയ്തത്.
ഈ വർഷം നടക്കാനിരിക്കുന്ന മറ്റ് നാല് സംസ്ഥാന തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ഇതേ തന്ത്രം പിന്തുടരാനാണ് സാധ്യത. കോൺഗ്രസ് സംഘടനാ സംവിധാനം നന്നായി പ്രവർത്തിച്ച തിരഞ്ഞെടുപ്പ് കൂടിയായിരുന്നു കർണാടകയിൽ നടന്നത്. സമൂഹ മാധ്യമങ്ങളിലടക്കം കൃത്യമായി ശ്രദ്ധ കേന്ദ്രീകരിച്ചാണ് കോൺഗ്രസ് എല്ലാ പ്രചാരണങ്ങളും ആസൂത്രണം ചെയ്തത്. ബിജെപി ഓരോ സംസ്ഥാനത്തും നടത്തിപ്പോരുന്ന ആസൂത്രണ മികവ് ഇക്കുറി കർണാടകത്തിൽ കോൺഗ്രസ് നന്നായി അനുകരിച്ചു എന്നു തന്നെ പറയാം.