തിരുവനന്തപുരം: മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്ഥാനത്ത് വീണ്ടും നിയമിച്ചതിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എഐ ക്യാമറാ വിവാദത്തിൽ കെൽട്രോണിനെ വെള്ളപൂശാനാണ് ശ്രമം നടക്കുന്നതെന്ന് ചെന്നിത്തല വിമർശിച്ചു.
റോഡ് കാമറ വിവാദത്തിൽ കെൽട്രോണിനെ വെള്ളപൂശാനാണ് ശ്രമം നടക്കുന്നത്. സർക്കാർ പറഞ്ഞതു പോലെ റിപ്പോർട്ട് എഴുതാത്തതിനാ ൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റി. എന്നാൽ അനുകൂലമായി റിപ്പോർട്ട് എഴുതിക്കൊടുത്തപ്പോൾ ഉടൻ തിരിച്ചെടുക്കുകയും ചെയ്തു. ഇന്നലെ റിപ്പോർട്ട് നൽകി, ഇന്ന് തിരിച്ചെടുത്തു.-ചെന്നിത്തല ആരോപിച്ചു.
പുതിയ റിപ്പോർട്ടിൽ അഴിമതിയെ വെള്ളപൂശാനാണ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രമിച്ചത്. റിപ്പോർട്ട് വായിച്ചാൽ തന്നെ അഴിമതി വ്യക്തമാണ്. ഉപകരാറുകളിൽ പങ്കില്ലെന്ന വാദം കെൽട്രോൺ തന്നെ തിരുത്തി. കരാർ രേഖകൾ ആദ്യം ഒളിച്ചുവെച്ചത് എന്തിനെന്നും ചെന്നിത്തല ചോദിച്ചു.
കേരളം പോലൊരു സംസ്ഥാനത്ത് പാവപ്പെട്ടവരുടെ നിസ്സഹായതയെ മുതലെടുത്തുകൊണ്ട് ഉണ്ടാക്കുന്ന പണം മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ കമ്പനിക്ക് കൊടുക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഇത്രയും വിവാദമുണ്ടായിട്ടും മുഖ്യമന്ത്രി ഇതെ കുറിച്ച് ഒരക്ഷരവും മിണ്ടുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
വ്യവസായ വകുപ്പിൽനിന്നും മാറ്റിയ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിന് വീണ്ടും വ്യവസായ വകുപ്പിന്റെ ചുമതല നൽകി ഇന്നാണ് തീരുമാനം ഉണ്ടായത്. റോഡ് ക്യാമറാ വിവാദത്തിൽ സർക്കാറിന് ക്ലീൻചിറ്റ് നല്കി റിപ്പോർട്ടു നൽകിയതിന് പിന്നാലെയാണ് ഹനീഷ് സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ദിവസങ്ങൾക്കകം മൂന്നു തവണ മുഹമ്മദ് ഹനീഷിന്റെ സ്ഥാനങ്ങൾ മാറ്റിയെന്ന കൗതുകവുമുണ്ട്.
കഴിഞ്ഞ ദിവസം റോഡ് ക്യാമറ ഇടപാട് സംബന്ധിച്ച റിപ്പോർട്ട് ഹനീഷ് സർക്കാരിനു കൈമാറിയിരുന്നു. ഇടപാടിൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദേശങ്ങൾ കെൽട്രോൺ പാലിച്ചതായാണ് ഹനീഷിന്റെ കണ്ടെത്തൽ. ഇതോടെ പ്രതിപക്ഷം ആയുധമാക്കിയ വിഷയത്തിൽ സർക്കാറിന് ആശ്വാസമാണ് ഉണഅടായത്. ഇതോടെയാണ് മുൻവകുപ്പിലേക്ക് അദ്ദേഹം തിരിച്ചെത്തിയതും. മുഹമ്മദ് ഹനീഷിന് നൽകിയത്. ഇതിന് പുറമേ മൈനിങ് ആൻഡ് ജിയോളജി, പ്ലാന്റേഷൻ ചുമതല കൂടി ഹനീഷിനായിരിക്കും.
റോഡ് ക്യാമറ വിവാദം അന്വേഷിക്കുന്നതിനിടയിലാണ് ഏഴാം തീയതി മുഹമ്മദ് ഹനീഷിനെ മാറ്റിയത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിട്ടായിരുന്നു നിയമനം. ഹൗസിങ് ബോർഡിന്റെ ചുമതലയും നൽകി. പിറ്റേദിവസം ഹനീഷിനെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ടിങ്കു ബിസ്വാളിനെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.
ഇന്ന് ഇറക്കിയ ഉത്തരവിൽ മുഹമ്മദ് ഹനീഷിന് വ്യവസായ വകുപ്പിന്റെ അധിക ചുമതല നൽകി. ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കേശവേന്ദ്രകുമാറിനെ ഫിനാൻസ് (എക്സപെൻഡിച്ചർ) സ്പെഷൽ സെക്രട്ടറിയായി നിയമിച്ചു. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി.രാജമാണിക്യം ഐഎഎസ് അർബൻ അഫയേഴ്സ് ഡയറക്ടറുടെ അധിക ചുമതല നൽകി. വി.വിഘ്നേശ്വരിയാണ് പുതിയ കോട്ടയം കലക്ടർ. നിലവിൽ ഡോ. പി കെ ജയശ്രീയാണ് കോട്ടയം കളക്ടറിന്റെ ചുമതല വഹിക്കുന്നത്. സ്‌നേഹിൽ കുമാറിന് കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ചുമതലയും ശിഖ സുരേന്ദ്രന് കെറ്റിഡിസി മാനേജിങ് ഡയറക്ടർ ചുമതലയും നൽകാനും സർക്കാർ തീരുമാനിച്ചു.
എ.ഐ ക്യാമറ വിവാദത്തിൽ കെൽട്രോണിനെ വെള്ളപൂശിയാണ് വ്യവസായ വകുപ്പിന്റെ റിപ്പോർട്ട്. നടപടികൾ എല്ലാം സുതാര്യമായിരുന്നുവെന്നും ഉയർന്നു വന്ന ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും വ്യവസായമന്ത്രി പി രാജീവ് പറഞ്ഞിരുന്നു. പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ പരിശോധിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.
സംസ്ഥാനമുടനീളം എ.ഐ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് സർക്കാർ തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന മുഹമ്മദ് ഹനീഷ് തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറി. പ്രതിപക്ഷമടക്കം ഉയർത്തിയ ആരോപണങ്ങളിൽ വസ്തുതയില്ലെന്ന് കണ്ടെത്തിയതായി മന്ത്രി പി രാജീവ് പറഞ്ഞു. ഉപകരാർ നൽകിയതിലും യാതൊരു തെറ്റുമില്ലെന്ന് മന്ത്രി പറഞ്ഞു.
ഭാവിയിൽ ഇത്തരം പദ്ധതികൾക്ക് ഒരു ഉന്നത അധികാര സമിതി രൂപീകരിക്കും. കെൽട്രോണിനെ സംരക്ഷിക്കുന്ന നടപടികൾ ഉണ്ടാകണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. എന്നാൽ ഉപകരാർ നൽകിയ കമ്പനിയുടെ പേര് കരാറിൽ ഉൾപ്പെടുത്തിയത് ശരിയല്ലെന്നും റിപ്പോർട്ട് പറയുന്നു.