തൊടുപുഴ: തമിഴ്നാട് മേഘമലയിൽ തമ്പടിച്ച അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് തുരത്താനുള്ള ശ്രമം തമിഴ്നാട് വനം വകുപ്പ് തുടരുന്നു. മേഘമലയിലെ നിബിഡവന മേഖലയിലാണ് ആനയുള്ളത്. അരിക്കൊമ്പൻ കാട് കയറും വരെ വിനോദസഞ്ചാര കേന്ദ്രമായ മേഘമലയിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരാനാണ് തമിഴ്നാട് വനം വകുപ്പിന്റെ തീരുമാനം.
മേഘമലയിലേക്കുള്ള വഴിയിൽ തമ്പടിച്ച അരിക്കൊമ്പൻ വാഹനത്തിന് മുന്നിൽ നിലയുറപ്പിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു. ആന പെരിയാറിലേക്ക് മടങ്ങിയില്ലെങ്കിൽ ഇരവെങ്കലാർ, മണലാർ, ഹൈവേയ്സ് മേഖലകളിലെ ജനജീവിതം കൂടുതൽ ദുസ്സഹമാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
അരിക്കൊമ്പൻ മേഘമലയിൽ ആക്രമണം നടത്തിയിട്ടില്ലെന്നും കേരള- തമിഴ് നാട് വനം വകുപ്പുകൾ സ്ഥിതിഗതികൾ സംയുക്തമായി നിരീക്ഷിച്ചുവരുകയാണെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഏതാനും ദിവസമായി ശ്രീവല്ലിപുത്തൂർ മേഘമല കടുവാ സങ്കേത പരിധിയിലാണ് അരിക്കൊമ്പന്റെ സാന്നിധ്യം.