ചെന്നൈ: ‘പുഷ്പ’ എന്ന തെലുങ്ക് ചിത്രത്തിൽ രശ്മിക മന്ദാന അവതരിപ്പിച്ച ശ്രീവള്ളി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള പ്രസ്താവനയിൽ വിശദീകരണവുമായി നടി ഐശ്വര്യ രാജേഷ്. താൻ ഉദ്ദേശിച്ച വിധത്തിലല്ല പ്രസ്താവന പുറത്തുവന്നതെന്ന് ഐശ്വര്യ വ്യക്തമാക്കി.
രശ്മികയേക്കാൾ ആ കഥാപാത്രം തനിക്കായിരുന്നു കൂടുതൽ യോജിക്കുകയെന്നാണ് ഐശ്വര്യ പറഞ്ഞത്. എന്നാൽ തെലുങ്കിൽ മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ താത്പര്യമുണ്ടെന്ന് പറയുന്നതിനിടയിൽ രശ്മികയുടെ കഥാപാത്രത്തെ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് ഐശ്വര്യ പറഞ്ഞു.
രശ്മിക പുഷ്പയിൽ ചെയ്ത ഗംഭീര റോളിനോട് തനിക്ക് എതിർപ്പുണ്ടെന്ന രീതിയിലാണ് അക്കാര്യം പരന്നതെന്ന് ഐശ്വര്യ പറഞ്ഞു. ‘രശ്മികയുടെ സിനിമകളോട് എനിക്ക് എന്നും മതിപ്പ് മാത്രമേയുള്ളൂ. സിനിയിലെ എന്റെ സഹപ്രവർത്തകരായ എല്ലാ നടീനടന്മാരോടും അതിയായ ബഹുമാനമുണ്ട്. അതുകൊണ്ട് ഇത്തരം ഊഹാപോഹങ്ങൾ പരത്തുന്നത് നിർത്തണം’ ഐശ്വര്യ പറഞ്ഞു.
ഐശ്വര്യയുടെ വിശദീകരണത്തിന് പിന്നാലെ പ്രതികരണവുമായി രശ്മിക തന്നെ രംഗത്തെത്തി. ഐശ്വര്യ രാജേഷ് ഉദ്ദേശിച്ചതെന്താണെന്ന് തനിക്ക് മനസിലാകുമെന്ന് രശ്മിക പറഞ്ഞു. തമിഴിൽ സജീവമായ ഐശ്വര്യ രാജേഷ് തെലുങ്കിൽ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം വേൾഡ് ഫെയ്മസ് ലൗവർ എന്ന ഒരു ചിത്രത്തിൽ മാത്രമാണ് അഭിനയിച്ചത്.
പുഷ്പയിലെ ശ്രീവല്ലി രശ്മികയ്ക്ക് ഇന്ത്യ മുഴുവൻ ആരാധകരെ നേടിക്കൊടുത്ത കഥാപാത്രമാണ്. പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും പുരോഗമിക്കുകയാണ്.