കോട്ടയം: എരുമേലിയിൽ ജനവാസ മേഖലയിൽ കടന്നുകയറി രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്ത് തിരികെ വന്നാൽ മയക്കുവെടി വെക്കാൻ ഉത്തരവിറക്കിയിട്ടുണ്ടെന്നും അതിനെ കൊന്നു മാറ്റണമെന്ന് വാശിപിടിക്കുന്നതിൽ വലിയ കാര്യമില്ലെന്നും കോട്ടയം ഡി.എഫ്.ഒ. എൻ. രാജേഷ്. അതേ സമയം വന്യമൃഗ ആക്രമണം ഉണ്ടാകുന്ന സംഭവങ്ങളിൽ തൊട്ടാൽ കൈപൊള്ളുന്ന അവസ്ഥയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കുള്ളതെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു.
വനംവകുപ്പ് വെള്ളിയാഴ്ച തന്നെ കാട്ടുപോത്തിനെ ട്രാക്ക് ചെയ്യാൻ നോക്കിയിരുന്നു എന്ന് കോട്ടയം ഡി.എഫ്.ഒ. പറഞ്ഞു. കാട്ടുപോത്ത് ഉൾവനത്തിലേക്ക് പോയെന്നും ഇതുവരെ അതിനെ ട്രാക്ക് ചെയ്യാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ആശങ്കയുണ്ടെന്നത് അടിസ്ഥാനരഹിതമാണ്. കാരണം കാട്ടുപോത്ത് എന്തെങ്കിലും കാരണം കൊണ്ട് തിരികെവരുമായിരുന്നെങ്കിൽ ഇന്നലെ രാത്രി തന്നെ തിരിച്ചുവരുമായിരുന്നു. എന്നാൽ ഈ സമയം വരെ അത് തിരികെ വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാട്ടുപോത്ത് തിരികെ വന്നാൽ മയക്കുവെടി വെക്കാൻ ഉത്തരവിറക്കിയിട്ടുണ്ടെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടതെന്നും രാജേഷ് പറഞ്ഞു. കാട്ടുപോത്ത് ജനവാസ മേഖലയിൽ ഇറങ്ങി ശല്യം തുടർന്നാൽ വെടിവെക്കാനാണ് ഉത്തരവിൽ പറയുന്നത്. ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്ററെയാണ് ഈ ഉത്തരവ് നടപ്പിലാക്കാൻ വേണ്ടി ഏർപ്പെടുത്തിയിട്ടുള്ളത്, അദ്ദേഹം പറഞ്ഞു.
അപകടകാരിയായ മൃഗത്തെ അവിടെനിന്ന് മാറ്റുക എന്നതാണ് ലക്ഷ്യമെന്നും അതിനെ കൊന്നു മാറ്റണമെന്ന് വാശിപിടിക്കുന്നതിൽ വലിയ കാര്യമില്ലെന്നും രാജേഷ് പറഞ്ഞു. കാട്ടുപോത്തിനെ പെരിയാർ ടൈഗർ റിസർവിലെ ഉൾവനങ്ങളിൽ എവിടേക്കെങ്കിലും മാറ്റാനാണ് തീരുമാനം. കാട്ടുപോത്തുകൾ കൂടുതലുള്ള മേഖല ആയിരിക്കും ഇതിനായി തിരഞ്ഞെടുക്കുക. കാട്ടുപോത്തിനെ മയക്കുവെടി വെക്കാനുള്ള ടീം സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.
ആക്രമണം നടത്തിയ കാട്ടുപോത്തിനെ വെടിവച്ചുകൊല്ലില്ലെന്ന് വനംവകുപ്പ് അറിയിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മയക്കുമരുന്ന് വെടിവെക്കാനാണ് വനംവകുപ്പിന്റെ നിർദ്ദേശം. വെടിവച്ചു കൊല്ലുന്നതിന് വൈൽഡ് ലൈഫ് വാർഡന്റെ പ്രത്യേക അനുമതി വേണം. കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാനാണ് കളക്ടർ ഉത്തരവ് നൽകിയതെന്നും അതേത്തുടർന്നാണ് സമരത്തിൽനിന്ന് പിന്മാറിയതെന്നും കർഷകരും നാട്ടുകാരും വിശദീകരിക്കുന്നു.
വനം-വന്യജീവി നിയമപ്രകാരം ഷെഡ്യൂൾഡ് 1-ൽപ്പെടുന്നതാണ് കാട്ടുപോത്ത്. കടുവയടക്കമുള്ള മൃഗങ്ങൾ ഈ ഗണത്തിൽപ്പെടുന്നു. ഇവയെ വെടിവച്ചുകൊല്ലുന്നതിന് ചില നിയമപരമായ തടസ്സങ്ങളുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രത്യേക അനുമതിയില്ലാതെ കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാനാവില്ല.
കാട്ടുപോത്ത് ആക്രമണത്തിനു പിന്നാലെ അക്രമകാരികളായ ജീവികളെ വെടിവച്ചു കൊല്ലാൻ അനുമതി നൽകുന്നതടക്കമുള്ള ആവശ്യങ്ങൾ നേരത്തേ കളക്ടർ പി.കെ. ജയശ്രീയുടെ മുന്നിൽ നാട്ടുകാർ അവതരിപ്പിച്ചിരുന്നു. ജനങ്ങളുമായി സംസാരിച്ച് കളക്ടർ സർക്കാരിന്റെ തീരുമാനങ്ങൾ അറിയിക്കുകയും ചെയ്തു. സി.ആർ.പി.സി. 133 പ്രകാരം കളക്ടറുടെ ഉത്തരവ് വന്നു. എന്നാൽ ഈ വകുപ്പിൽ വന്യജീവി എന്നു പറയുന്നില്ല. അക്രമകാരികളായ ജീവികളെ വെടിവച്ചു കൊല്ലാമെന്നാണ് അതിൽ പറയുന്നത്. അതുകൊണ്ടുതന്നെ കളക്ടറുടെ ഉത്തരവിൽ അവ്യക്തത നിലനിൽക്കുന്നു.
വെള്ളിയാഴ്ച രാവിലെയാണ് എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ പാറത്തേൽ വീട്ടിൽ ചാക്കോ (65), അയൽവാസി പ്ലാവനാകുഴിയിൽ തോമസ് ആന്റണി (63) എന്നിവരാണ് മരിച്ചത്. കൊല്ലം ചടയമംഗലത്തും നാട്ടിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. കുന്നുവിളവീട്ടിൽ സാമുവൽ വർഗീസാണ് കൊല്ലപ്പെട്ടത്.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചത് ദൗർഭാഗ്യകരമാണെന്ന് വനം മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധം ന്യായമാണ്. കാട്ടുപോത്തിന്റെ ആക്രമണം ജനങ്ങളിൽ ആശങ്കയുണ്ടാക്കി. കളക്ടർ ചർച്ചചെയ്ത് ന്യായമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും സമരം പിൻവലിക്കാൻ തയ്യാറായില്ല. രേഖാമൂലം ഉറപ്പ് വേണം എന്ന നിലപാടാണ് സ്വീകരിച്ചത്. ചിലർ സമരം ഭരണ വിരുദ്ധമാക്കാൻ ശ്രമിച്ചു. വെടിവെക്കാൻ കളക്ടർ ഇറക്കിയ ഉത്തരവും ചിലർ വിവാദമാക്കിയെന്നും വനം മന്ത്രി പറഞ്ഞു.
മയക്കുവെടി വെക്കുന്നതിനെതിരെ ആർക്കും കോടതിയിൽ പോകാം. അരിക്കൊമ്പന്റെ കാര്യത്തിൽ അങ്ങനെ സംഭവിച്ചതാണ്. തൊട്ടാൽ കൈപൊള്ളുകയാണ്. അരിക്കൊമ്പൻ വിഷയത്തിൽ ജനങ്ങൾക്ക് അനുകൂലമായ തീരുമാനമെടുത്ത സർക്കാരിനെ കോടതിയിൽ പോയി പ്രതിക്കൂട്ടിലാക്കിയ സംഭവം കഴിഞ്ഞയാഴ്ചയാണ് ഉണ്ടായത്.
ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ആത്മവിശ്വാസ്തോടെ പ്രവർത്തിക്കാൻ കഴിയുമോ ? അവർ നാളെ കോടതിയിൽ പോകേണ്ടിവരുമോ എന്ന ചോദ്യം സ്വാഭാവികമായി ഉയർന്നുവരും. അവർക്ക് ആത്മവിശ്വാസം നൽകേണ്ട ചുമതല സർക്കാരിനുണ്ട്.
വന്യമൃഗ പ്രശ്നത്തിൽ ഇടപെട്ടാൽ ചില സമയത്ത് പുഷ്പാഭിഷേകവും ചില സമയത്ത് കല്ലേറുമാണ്. ചത്തുപോയ പോത്തിനെ കൊന്നു എന്ന പ്രചരാണമാണ് ഇപ്പോൾ നടക്കുന്നത്. എങ്ങനെ വന്നാലും സർക്കാരിനെതിരെ ഒരു വടി എന്ന പ്രവണത ഉദ്യോഗസ്ഥരെ നിർഭയം പ്രവർത്തിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നു. പ്രശ്നപരിഹാരത്തെക്കാൾ ചിലർക്ക് താത്പര്യം ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചുവിടാനാണ്. ഈ പ്രവണത തെറ്റാണ്.