ജയ്പുർ: വർഷാവസാനം തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ. കോൺഗ്രസ് ഭരിക്കുന്ന ഈ സംസ്ഥാനത്തെ രാഷ്ട്രീയ അവസ്ഥ ഇപ്പോൾ പ്രവചിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. കഴിഞ്ഞ തവണ സച്ചിൻ പൈലറ്റ് അധ്വാനിച്ചു ഭരണം കിട്ടിയപ്പോൾ ഗെലോട്ട് മുഖ്യമന്ത്രിയായി. അന്ന് മുതൽ തുടങ്ങിയ കലാപം ഇപ്പോൾ പൊട്ടിത്തെറിയുടെ വക്കിലെത്തി. സച്ചിൻ ഗെലോട്ടിനെ പരസ്യമായി വിമർശിച്ചു രംഗത്തുവന്നത് കൂടാതെ വസുന്ധര രാജെയുമായി കൈകോർത്തിരിക്കയാണ് എന്ന ആരോപണവും ഉന്നയിച്ചു രംഗത്തുവന്നു. ഇപ്പോൾ, വിഷയം കൂടതൽ വഷളായ അവസ്ഥയിലാണ്.
വസുന്ധര രാജെയുടെ കാലത്ത് നടന്ന അഴിമതികളിൽ അന്വേഷണം ആവശ്യപ്പെട്ട സച്ചിൻ പൈലറ്റിന് പിന്തുണയുമായി കേന്ദ്രമന്ത്രിയും ബിജെപി. നേതാവുമായ ഗജേന്ദ്രസിങ് ശെഖാവത് രംഗത്തുവന്നു. മുൻ ബിജെപി. സർക്കാരിന്റെ കാലത്തെ അഴിമതികളിൽ ഗജേന്ദ്രസിങ് ശെഖാവത് അന്വേഷണം ആവശ്യപ്പെടുന്ന വീഡിയോയാണ് പുറത്തുവന്നത്.
അഴിമതികളിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ രാഷ്ട്രീയ സ്വാധീനമില്ലാത്ത അന്വേഷണം നടത്തണമെന്ന് ശെഖാവത് ആവശ്യപ്പെടുന്ന വീഡിയോയാണ് പുറത്ത് വന്നത്. രാജസ്ഥാൻ ബിജെപിയിൽ രണ്ട് ചേരികളാലാണ് ശെഖാവതും വസുന്ധരയും. രാജസ്ഥാൻ ബിജെപിയിലെ അസ്വാരസ്യമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് കരുതുന്നത്. അശോക് ഗഹലോത്തിനൊപ്പം വസുന്ധര രാജയേയും ലക്ഷ്യമിട്ടാണ് ശെഖാവത്തിന്റെ ആവശ്യമെന്ന് രാഷ്ട്രീയനിരീക്ഷകർ കരുതുന്നു.
വർഷാവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ അസാധാരണ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നത്. കോൺഗ്രസിലും ബിജെപിയിലും മുതിർന്ന നേതാക്കൾ പരസ്പരം ഏറ്റുമുട്ടുകയാണ്. ബിജെപി. അധികാരത്തിലെത്തിയാൻ മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള വസുന്ധരരാജയും ശെഖാവത്തും ഏറെ നാളായി നല്ലബന്ധത്തിലല്ല.
വസുന്ധര രാജെയുടെ കാലത്തെ അഴിമതിയിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റ് രംഗത്തെത്തിയിരുന്നു. ശെഖാവത്തിനെതിരെ പ്രധാന ആരോപണം ഉയർന്ന സഞ്ജീവനി കുംഭകോണത്തിൽ എന്തുകൊണ്ടാണ് സച്ചിൻ പൈലറ്റ് മൗനം പാലിക്കുന്നതെന്ന ചോദ്യവുമായി ഗഹലോത്ത് പക്ഷം രംഗത്തെത്തിയിരുന്നു. തനിക്കെതിരായ പൈലറ്റിന്റെ നീക്കത്തിന് പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശെഖാവത്തുമാണെന്ന ആരോപണവുമായി നേരത്തേ ഗഹലോത്ത് തന്നെ രംഗത്തെത്തിയിരുന്നു.
അതേസമയം രാജസ്ഥാനിൽ തമ്മിലടിച്ചു നിൽക്കുന്ന മുഖ്യമന്ത്രി അശോക് ഗലോട്ടിനെയും, സച്ചിൻ പൈലറ്റിനെയും അനുനയിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യം കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിലുണ്ട്. ഓരോ പൊട്ടിത്തെറിയിലും ഗാന്ധി കുടുംബത്തിന്റെ ഇടപെടലിനെ തുടർന്ന് പിൻവാങ്ങിയിരുന്ന സച്ചിൻ പൈലറ്റ് ഇക്കുറി രണ്ടും കൽപിച്ചാണ്. അഴിമതിയോടുള്ള ഗലോട്ട് സർക്കാരിന്റെ നിലപാടിനെതെിരെ പദയാത്ര നടത്തിയതിന് പിന്നാലെ ഡൽഹിയിലെത്തി നേതൃത്വത്തെയും കണ്ടിരുന്നു.
ഡിസംബറിൽ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കേ രണ്ട് പേരെയും പിണക്കാതെ വേണം പരിഹാരം കാണാൻ എന്നതാണ് കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിലുള്ള വെല്ലുവിളിയും.