തിരുവനന്തപുരം: മലയാള സിനിമയിലെ ലഹരി ഉപയോഗം നിയമപരമായി കണ്ടെത്തട്ടെയെന്ന് നടൻ സുരേഷ് ഗോപി. സമൂഹത്തിന്റെ സുരക്ഷക്കായി ചില കണ്ടെത്തലുകൾ മുന്നോട്ട് കൊണ്ടുവന്നിട്ടുണ്ട്. ആ വിവരങ്ങളിലെ സത്യസന്ധത പരിശോധിക്കണം. ഈ പ്രക്രിയയിൽ ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കാനുള്ള നിലപാട് സ്വീകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘ഉദ്യോഗസ്ഥരുടെ വേട്ട നടക്കട്ടെ. അത് നടക്കണം. ഉദ്യോഗസ്ഥർ പറയട്ടെ. സമൂഹത്തിന്റെ സുരക്ഷക്കായി ചില കണ്ടെത്തലുകൾ മുന്നോട്ട് കൊണ്ടുവന്നിട്ടുണ്ട്. ആ വിവരങ്ങളിലെ സത്യസന്ധതയും, അതിനകത്ത് ശുദ്ധീകരണം ആവശ്യമാണെങ്കിൽ നാട്ടിൽ നിലനിൽക്കുന്ന നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി അത് നടക്കട്ടെ. ഉദ്യോഗസ്ഥർ തിരുത്താനുള്ള നടപടികൾ എടുക്കുകയാണെങ്കിൽ ആ പ്രക്രിയയിൽ ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കാനുള്ള നിലപാട് എടുക്കും. അതിനേ കഴിയുകയുള്ളൂ,’ സുരേഷ് ഗോപി പറഞ്ഞു.
നടന്മാരായ ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരുടെ വിലക്കുമായി ബന്ധപ്പെട്ട് ഉയർന്ന ചർച്ചകളാണ് മലയാള സിനിമയിലെ ലഹരി ഉപയോഗത്തിലേയ്ക്ക് വിരൽ ചൂണ്ടിയത്. ഇരുവരും നിർമ്മാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു സിനിമാ സംഘടനകൾ സംയുക്തമായി വിലക്കേർപ്പെടുത്തിയത്. ലഹരി ഉപയോഗിക്കുന്ന താരങ്ങളെ വിലക്കാനും അവരുടെ സിനിമകളുമായി സഹകരിക്കാതിരിക്കാനും താരസംഘടനയായ ‘അമ്മ’യുടെ സഹായം നിർമ്മാതാക്കൾ തേടിയിരുന്നു. സിനിമയിലുള്ള വിവിധ സംഘടനകൾ ലഹരി ഉപയോഗത്തിനെതിരെ രംഗത്തെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ എക്‌സൈസും പൊലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.