ലണ്ടൻ: ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ എ ഐ ക്യാമറകൾ ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. നിയമം, ഉച്ചനീചത്വം ഇല്ലാതെ എല്ലാവർക്കും ബാധകമാക്കുകയും അത് ശക്തമായി നടപ്പിലാക്കുകയും വേണം. അതിന് നമ്മൾ മാതൃകയാക്കേണ്ടത് ബ്രിട്ടനെ പോലുള്ള, സാമ്രാജ്യത്വ ശക്തികൾ എന്ന് നമ്മൾ അധിക്ഷേപിക്കുന്ന പാശ്ചാത്യ രാജ്യങ്ങളെ തന്നെയാണെന്നതിൽ ഒരു സംശയവുമില്ല. ഇതിന് അടിവരയിടുന്ന മറ്റൊരു സംഭവം ഇപ്പോൾ പുറത്തു വന്നിരിക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് തുല്യമായ പദവിയാണ് ബ്രിട്ടീഷ് ഹോം സെക്രട്ടറിയുടേത്. ബ്രിട്ടീഷ് ഹോം സെക്രട്ടറിയായ ഇന്ത്യൻ വംശജ സുവെല്ല ബ്രേവർമാൻ ഇപ്പോൾ വിവാദത്തിലായിരിക്കുന്നത് അമിത വേഗതയിൽ കാറോടിച്ചതിന് ലഭിച്ച ഒരു പിഴ നോട്ടീസുമായി ബന്ധപ്പെട്ടാണ്. പിഴയും, ഡ്രൈവിങ് ലൈസൻസിൽ പെനാൽറ്റി പോയിന്റുകളും വരുന്നത് ഒഴിവാക്കാനായി, സ്വകാര്യമായി ഒരു സ്പീഡ് അവയർനെസ്സ് കോഴ്സ് തരപ്പെടുത്താൻ സെക്രട്ടറി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു എന്നാണ് ലേബർ പാർട്ടി ആരോപിക്കുന്നത്.
തീർത്തും സ്വകാര്യമായി ഒരു ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കണം എന്നായിരുന്നു സുവെല്ലയുടെ ആവശ്യം. മറ്റ് മോട്ടോറിസ്റ്റുകൾ അവരെ തിരിച്ചറീയാതിരിക്കാനായി തന്റെ ക്യാമറ ഓഫ് ചെയ്യുകയും അതുപോലെ വ്യാജ പേരിൽ പങ്കെടുക്കുകയും ചെയ്യുമെന്ന് അവർ അറിയിച്ചതായി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഉദ്യോഗസ്ഥർ ആ ആവശ്യം നിരാകരിച്ചപ്പോൾ, ഇത്തരത്തിലുള്ള കോഴ്സുകൾ നടത്തുന്ന വ്യക്തിക്ക് മേൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തി കാര്യം സാധിക്കാനും അവർ ശ്രമിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, കോഴ് നൽകുന്ന വ്യക്തിയും അതിന് വഴങ്ങാതെ വന്നപ്പോൾ അവസാനം ഡ്രൈവിങ് ലൈസൻസിൽ മൂന്ന് പെനാൽറ്റി പോയിന്റുകൾ സുവെല്ലക്ക് സ്വീകരിക്കേണ്ടതായി വന്നു. നേരത്തെ, സർക്കാർ അറ്റോർണി ജനറൽ ആയിരുന്ന സമയത്തായിരുന്നു ലണ്ടന് പുറത്തു വെച്ച് അമിത വേഗതയിൽ കാർ ഓടിച്ചതിന് സുവല്ല ബ്രേവർമാനെ പൊലീസ് പിടിച്ചത്. 2015-ൽ പാർലമെന്റിൽ എത്തിയ ആദ്യ ദിവസം തന്നെ, ഈ പിഴയടച്ച തുക സർക്കാരിൽ നിന്നും തിരികെ വാങ്ങാൻ പറ്റുമോ എന്ന് പാർലമെന്റ് അധികൃതരോട് സുവെല്ല ചോദിച്ചതായി ടോറി എം പി വിൽ റാഗ് പറഞ്ഞതോടെയാണ് ഇക്കാര്യം പുറത്തു വന്നത്.
മന്ത്രിമാർ പാലിക്കേണ്ട നൈതികത സുവെല്ല പാലിച്ചില്ല എന്നാണ് ഇപ്പൊൾ ഉയരുന്ന ആരോപണം. മന്ത്രി സ്ഥാനത്ത് എത്തിയാൽ സർക്കാർ വകുപ്പുകളുടെ രാഷ്ട്രീയ നിഷ്പക്ഷത ഉയർത്തി പിടിക്കണമെന്നും, സിവിൽ സർവീസ് കോഡിന് എതിരാവുന്ന രീതിയിൽ സിവിൽ ഉദ്യോഗസ്ഥരോട് പ്രവർത്തിക്കരുതെന്നും മിനിസ്റ്റീരിയൽ കോഡിൽ പറയുന്നുണ്ട്.