പറ്റ്ന: സ്‌കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച മുപ്പത്തിയാറ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ സരൺ ജില്ലയിലെ സർക്കാർ സ്‌കൂളിൽ ഇന്നലെയാണ് സംഭവം.
സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു വിദ്യാർത്ഥിയുടെ പ്ലേറ്റിലെ ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വിവരം അദ്ധ്യാപകരെ അറിയിച്ചു. ഇതിനു പിന്നാലെ സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണം നിർത്തിവെച്ചു. ഇതിനിടെ ഭക്ഷണം കഴിച്ച 36 വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ സാദറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും, ആരുടെയും നില ഗുരുതരമല്ലെന്നും സാദർ ഹോസ്പിറ്റലിലെ ഡോക്ടർ സന്തോഷ് അറിയിച്ചു. വിവരം അറിഞ്ഞ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി കുട്ടികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.