ബംഗ്ലൂരു: ഇത്തവണ കർണ്ണാടക ബിജെപി പിടിക്കുമെന്ന് ഉറച്ച സ്വരത്തിൽ ബി.എസ്. യദ്ദൂരിയപ്പ പറഞ്ഞിരുന്നില്ല. ബിജെപിയുടെ വിജയം പ്രതീക്ഷകളിൽ മാത്രമായിരുന്നു അദ്ദേഹം ചർച്ചയാക്കിയത്. എന്നാൽ ഒരുകാര്യം യദ്ദൂരിയപ്പ ഉറപ്പിച്ചു പറഞ്ഞു. ഷെട്ടർ വിജയിക്കില്ലെന്നും ഇക്കാര്യം താൻ ചോരകൊണ്ട് എഴുതിവെക്കാമെന്നും കഴിഞ്ഞദിവസം മുതിർന്ന നേതാവ് ബി.എസ്. യദ്ദിയൂരയപ്പ പറഞ്ഞിരുന്നു. അതു സംഭവിച്ചു.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വിട്ട് കോൺഗ്രസിൽ ചേരുകയും ചെയ്ത ജഗദീഷ് ഷെട്ടറിന് തിരിച്ചടി. ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അദ്ദേഹം അക്ഷരാർത്ഥത്തിൽ തകർന്നടിഞ്ഞു. 30 ശതമാനം വോട്ട് മാത്രമാണ് ഷെട്ടറിന് കിട്ടിത്. ബിജെപി സ്ഥാനാർത്ഥി മഹേഷ് തെങ്കിനകൈ അറുപത് ശതമാനം വോട്ടുമായി നിയമസഭയിൽ എത്തി. ഇതിന് പിന്നിൽ യദ്ദൂരിയപ്പയുടെ തന്ത്രമൊരുക്കലായിരുന്നു. കർണ്ണാടകയിൽ ഉടനീളം കോൺഗ്രസ് തരംഗം ആഞ്ഞു വീശുമ്പോഴാണ് ഷെട്ടറിന്റെ തോൽവി.
2008, 2013, 2018 തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ വിജയം പിടിച്ച ഷെട്ടറിനെ പരാജയപ്പെടുത്താൻ ബിജെപി സകല ആയുധങ്ങളും പുറത്തെടുത്തിരുന്നു. 70,000 ലിംഗായത്തുകളും 30,000 മുസ്‌ലിംകളും 36,000 പട്ടികജാതി-പട്ടിക വർഗക്കാരും 14,000 ക്രൈസ്തവരുമാണ് മണ്ഡലത്തിലുള്ളത്. ഇതിൽ ലിംഗായത്ത വോട്ടുകളെല്ലാം യദ്ദൂരിയപ്പ ബിജെപി പെട്ടിയിൽ എത്തിച്ചു. കർണ്ണാടകയിലെ ജാതി രാഷ്ട്രീയത്തിൽ ബിജെപിയുടെ മുൻ മുഖ്യമന്ത്രിക്ക് എത്രത്തോളം സ്വാധീനമുണ്ടെന്നതിന് തെളിവായിരുന്നു ഇതെല്ലാം. മഹേഷും ലിംഗായത്ത വിഭാഗക്കാരനായിരുന്നു.
ബിജെപിയിൽ ലിംഗായത്ത് നേതാക്കളെ പുറന്തള്ളാൻ ബി.എൽ. സന്തോഷ് നടത്തിയ നീക്കമാണ് തനിക്ക് സീറ്റ് നിഷേധിക്കാൻ കാരണമെന്ന് ഷെട്ടാർ ആരോപിച്ചിരുന്നു. സന്തോഷിനെതിരായ വിമർശനവും ലിംഗായത്ത് അവഗണന ആരോപണവും ബിജെപിയെ പ്രതിരോധത്തിലാക്കി. ഇത് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറ്റുപിടിക്കുകയും ചെയ്തതോടെയാണ് ഷെട്ടറിന്റെ തോൽവി ഉറപ്പിച്ച് മറുപടി നൽകാൻ ബിജെപി കരുനീക്കിയത്. ഇതിന് യദ്ദൂരിയപ്പ മുന്നിൽ നിന്നു.
ഹുബ്ബള്ളിയിൽനിന്നുള്ള എംപിയും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിലാണ് ഓപറേഷൻ അരങ്ങേറിയത്. ഷെട്ടാറിനൊപ്പം പോയ പ്രാദേശിക നേതാക്കളെ തിരിച്ചുകൊണ്ടുവരുകയും കോൺഗ്രസ് ചേരിയിൽനിന്ന് വമ്പന്മാരെ അടർത്തുകയും ചെയ്തു. ഹുബ്ബള്ളി-ധാർവാഡ് മുൻ മേയറും കോൺഗ്രസ് നേതാവുമായ പ്രകാശ് ക്യാരകട്ടി ബിജെപിയിലെത്തി. ഷെട്ടറിന് ഐക്യദാർഢ്യവുമായി രാജിവെച്ച ഹുബ്ബള്ളി- ധാർവാഡ് സിറ്റി കോർപറേഷനിലെ ബിജെപി കൗൺസിലർമാരെയും പ്രഹ്ലാദ് ജോഷി പാർട്ടിയിലേക്ക് തിരികെയെത്തിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം നിരവധി കേന്ദ്ര നേതാക്കളാണ് ജഗദീഷ് ഷെട്ടറിന്റെ മണ്ഡലത്തിൽ എത്തിയത്. എല്ലാത്തിനും പിന്നിൽ യദ്ദൂരിയപ്പയുടെ തന്ത്രങ്ങളും നിറഞ്ഞു. ഇതോടെ ഷെട്ടാർ അപ്രസക്തനായി.