കോട്ടയം: 21 വർഷത്തിന് ശേഷം വീണ്ടും വിവാഹിതരായി ദമ്പതികൾ. വിവാഹം മധുരമായ ഒരു ഓർമയായി ഉള്ളിൽ സൂക്ഷിക്കുന്നവരാണ് ഓർത്തഡോക്‌സ് സഭാവിശ്വാസികളായ, കോട്ടയം ദേവലോകം ദേവ്യൂവില്ലയിൽ മനോജ് മാത്യുവും പാലാ പൂവരണി തകടിയേൽ മഞ്ജുവും. ഇവരാണ് വീണ്ടും ഒരിക്കൽ കൂടി വിവാഹിതരാത്.
മക്കളായ മായയെയും മനുവിനെയും അരികിൽവിളിച്ച് മനോജ് മാത്യുവും മഞ്ജുവും തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ’21 വർഷത്തിനുശേഷം ഞങ്ങൾ വിവാഹംകഴിക്കാൻ പോകുകയാണ്,’ എന്നു പറഞ്ഞപ്പോൾ മക്കളൊന്നു ഞെട്ടി, എങ്കിലും സമ്തം മൂളി. ഇരുവരും വിവാഹ ദിനം പുനഃസൃഷ്ടിച്ചാലോ എന്ന് ഇരുവരും ചിന്തിക്കാൻ തുടങ്ങിയിട്ട് കുറേയായി. ഒടുവിൽ മക്കളും സമ്മതം അറിയിച്ചു. ഇതോടെ നടപടികൾ തുടങ്ങി. എല്ലാം വ്യത്യസ്തമാകണം.
അമേരിക്കയിൽ താമസിക്കുന്ന മനോജും മഞ്ജുവും കോട്ടയത്തേക്ക് വന്നു. ഇവർക്ക് ഹിന്ദു ആചാരങ്ങളോട് ആരാധനയാണ്. പ്രത്യേകിച്ചും കല്യാണച്ചടങ്ങുകളോട്. മുല്ലപ്പൂവും നിലവിളക്കും പൂമാലയും ഒക്കെ നല്ല രീതികളാണെന്ന് മനോജ്. അപ്പോൾപ്പിന്നെ തങ്ങളുടെ രണ്ടാമത്തെ വിവാഹവും ആ രീതിയിൽതന്നെയെന്ന് ഉറപ്പിച്ചു.
മണർകാട് ഒരു വീട് വിവാഹവേദിയായി നിശ്ചയിച്ചു. ഏപ്രിൽ 19-ന് നടന്ന ചടങ്ങിൽ മഞ്ജുവിന്റെ അച്ഛൻ ടി.വി.ജോർജും ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. 21 വർഷത്തിനുശേഷം ഇരുവരും നവദമ്പതിമാരായി. മഞ്ജുവിന്റെ അമ്മ മേരിയും മനോജിന്റെ അമ്മ സാറാമ്മയും അമേരിക്കയിലായതിനാൽ ചടങ്ങിൽ പങ്കെടുക്കാനായില്ല. മനോജിന്റെ അച്ഛൻ എ.എം.മത്തായി നേരത്തേ മരിച്ചുപോയതാണ്.
2001 ഡിസംബർ 13-നായിരുന്നു തിരുവല്ല നിരണം സെയ്ന്റ് മേരീസ് പള്ളിയിൽ ഇരുവരും വിവാഹം കഴിച്ചത്. രണ്ട് പതിറ്റാണ്ടായി അമേരിക്കയിൽ ആതുരസേവനമേഖലയിലാണ് ജോലി. മകൾ മായാ മാത്യു നഴ്‌സിങ്ങിനും മകൻ മനു പ്ലസ്ടുവിനും പഠിക്കുന്നു. മനോജും മഞ്ജുവും ഉടൻ അമേരിക്കയിലേക്ക് മടങ്ങും.