ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാനെത്തിയ 62കാരിയായ അമേരിക്കൻ വനിതയെ വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ച കേസിൽ ആഗ്ര സ്വദേശിയായ യുവാവ് അറസ്റ്റിൽ. അമേരിക്കൻ വനിതയുടെ പരാതിയിൽ ആഗ്ര സ്വദേശി ഗഗൻദീപ് (32) ആണ് ഡൽഹി പൊലീസിന്റെ പിടിയിലായത്.
2017ൽ ഇന്ത്യയിലെത്തിയ താൻ ഗഗൻദീപിന്റെ ഹോംസ്റ്റേയിൽ താമസിച്ചിരുന്നെന്നും പിന്നീട് അടുപ്പത്തിലാകുകയായിരുന്നെന്നും അമേരിക്കൻ വനിത പരാതിയിൽ പറയുന്നതായി പൊലീസ് പറഞ്ഞു. തുടർന്ന് ഗഗൻദീപിനെ കാണാൻ പലതവണ ഇന്ത്യയിലെത്തി.
ഇന്ത്യയിലെത്തുമ്പോഴെല്ലാം വിവാഹ വാഗ്ദാനം നൽകി ശാരീരികമായി ദുരുപയോഗം ചെയ്തു. അമൃത്സർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും എന്നാൽ, ചതിക്കുകയാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും പരാതിയിൽ പറയുന്നു. മെയ് നാലിനാണ് വിവേക് വിഹാർ പൊലീസ് സ്റ്റേഷനിൽ ബലാത്സംഗമടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.