Kerala

അഴിമതി കണ്ടെത്തിയ യുവ ഐപിഎസുകാരനു കസേര പോയി

അടൂർ സബ്സിഡിയറി കാന്റീനിലെ അഴിമതി അന്വേഷിച്ച് സർക്കാരിനു റിപ്പോർട്ട് നൽകിയ ജെ.ജയനാഥ് ഐപിഎസ് ഉൾപ്പെടെയുള്ളവരെ സ്ഥലംമാറ്റി പൊലീസിൽ അഴിച്ചുപണി. കെഎപി 3 ബറ്റാലിയൻ കമൻഡാന്റായ ജയനാഥിനെ കോസ്റ്റൽ പൊലീസ് എഐജിയായാണ് മാറ്റിയത്.

റെയിൽവേ എസ്‌പി ആർ.നിശാന്തിനിയെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായും പി.ബി രാജീവിനെ കാസർകോട് ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു. ഹരിശങ്കർ ഐപിഎസിന്റെ സ്ഥാനത്താണ് നിയമനം.

ക്രൈംബ്രാഞ്ച് ഐജി സ്പർജൻ കുമാർ ഐപിഎസിന് ഐജി സെക്യൂരിറ്റിയുടെ അധികച്ചുമതല നൽകി. ടെലികമ്മ്യൂണിക്കേഷൻ എസ്‌പി ദിവ്യ വി.ഗോപിനാഥിന് വനിതാ ബറ്റാലിയൻ കമൻഡാന്റിന്റെ അധികച്ചുമതല നൽകി.ജയനാഥിന് വലിയ ഉത്തരവാദിത്തങ്ങളൊന്നും ഒരിക്കലും ആരും കൊടുത്തില്ല. പൊലീസ് കമ്യൂണിക്കേഷൻ തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് നൽകിയത്. കോഴിക്കോട് കമ്മീഷണർ സ്ഥാനവും വയനാട് എസ് പി സ്ഥാനവും കിട്ടിയതാണ് ഇതിന് അപവാദം. അതും വലിയ കാലം തുടരാനായില്ല. അഴിമതിക്കെതിരായ നിലപാടാണ് ഇതിനെല്ലാം കാരണം. 2007 കേരളാ കേഡർ ഐപിഎസുകാരനാണ് ജയനാഥ്. ആലുവ എ എസ് പി.യായിരിക്കെയാണ് ചിലരുടെ കണ്ണിലെ കരടായി മാറിയത്. അന്ന് ജോസഫ് മാഷിന്റെ കൈവെട്ടു കേസ് അന്വേഷിച്ചതും പ്രതികളെ കണ്ടെത്തിയതും ജയനാഥായിരുന്നു. അത് പിന്നീട് വിനയായി. കാന്തപുരത്തിനെതിരെ എഫ് ഐ ആർ ഇട്ടതാണ് കോഴിക്കോട് കമ്മീഷണർ സ്ഥാനം തെറിക്കാൻ കാരണം. മണി ചെയിൻ മാഫിയയെ തർക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ വയനാട് എസ് പി സ്ഥാനവും പോയി.

 

ആലപ്പുഴ മുതുകുളം സ്വദേശിയാണ് ജയനാഥ്. ആലുവ എ എസ് പിയായും, 2011 ൽ വയനാട് എ എസ് പിയായും പ്രവർത്തിച്ചു. പൊലീസ് കംപ്യൂട്ടർ സെൽ എസ്‌പിയായിരിക്കെയാണ് കോഴിക്കോട് കമീഷണറായി സ്ഥലമാറ്റം ലഭിക്കുന്നത്. ട്രിച്ചി എൻഐടിയിൽ നിന്ന് ബിടെക് ബിരുദമെടുത്ത ശേഷം സത്യം കംപ്യൂട്ടേഴ്‌സിൽ ഐടി പ്രൊഫഷണൽ ആയി ജോലിയിൽ പ്രവേശിച്ച ശേഷമാണ് ഐ പി എസ് നേടിയത്.പാലക്കാട് എഎസ്‌പി ട്രെയിനിയാണ് 2007ൽ പൊലീസ് സേനയിൽ സേവനം തുടങ്ങിയത്. സംസ്ഥാന സായുധ സേനയിലും ആഭ്യന്തര സുരക്ഷാ വിഭാഗത്തിലും പ്രവർത്തിച്ചിട്ടുണ്ട് ജയനാഥ്. പ്രവർത്തിച്ചിടത്തെല്ലാം അതിശക്തമായ നിലപാട് എടുത്ത പൊലീസുദ്യോഗസ്ഥൻ.

 

സ്ഥലം മാറ്റത്തിൽ അഭിനന്ദനം കിട്ടിയ ഏക ഐപിഎസുകാരൻ

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് നീക്കിയ ജയനാഥിനെ ഉത്തരമേഖലാ ഡിജിപിയുടെ അഭിനന്ദനം കിട്ടിയെന്നതാണ് വസ്തുത. ചുരുങ്ങിയ കാലംകൊണ്ട് ജയനാഥിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടപ്പിലാക്കിയ പദ്ധതികളിലും നടപടികളിലും അഭിനന്ദനം അറിയിച്ച് കൊണ്ടാണ് ഡിജിപി രാജേഷ് ദിവാൻ കത്തയച്ചത്. ഒഴുക്കിനെതിരെ നീന്തി പൊലീസ് മേധാവിയാകാതെ വിരമിക്കേണ്ടി വന്ന ഉദ്യോഗസ്ഥനാണ് രാജേഷ് ദിവാനം. ആദ്യമായാണ് സ്ഥലമാറ്റം കിട്ടിയ ഒരു ഉദ്യോഗസ്ഥന് ഇത്തരത്തിലുള്ളൊരു ഗുഡ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ജയനാഥ് നേതൃത്വം നൽകി നടത്തിയ 'സ്വസ്തി' പുനരധിവാസ പദ്ധതിയിലൂടെ ഗുണഭോക്താക്കളായവരുടെ വിവരങ്ങൾ അക്കമിട്ട് നിരത്തിയിട്ടുണ്ട് കത്തിൽ. പക്ഷേ ഇതൊന്നും മറ്റ് പൊലീസ് ഉന്നതർക്ക് സുഖിച്ചില്ല.

ലഹരിക്കെതിരെയുള്ള ആൻഡി ഡ്രഗ് ഡ്രൈവും രാത്രി സുരക്ഷയ്ക്കായി നൈറ്റ് റൈഡേഴ്‌സ് , കലക്ടറുമായി ചേർന്ന് നഗരത്തിലെ ഫ്ളക്സ്ബോർഡുകളുടെ ശല്യം ഒഴിവാക്കാനായി അദ്ദേഹം കൈക്കൊണ്ട തീരുമാനങ്ങളേയും കത്തിൽ അഭിനന്ദിച്ചു. രാഷ്ട്രീയ സംഘർഷങ്ങളിൽ മുഖം നോക്കാതെ നടപടിയെടുത്ത ജയനാഥിന് സിപിഎം നേതാക്കൾക്ക് അനഭിമതനായതിനെ തുടർന്നാണ് സ്ഥലമാറ്റം കിട്ടിയത്. ചുമതലയേറ്റെടുത്ത് ആറുമാസം തികയ്ക്കുന്നതിന് മുമ്പായിരുന്നു സ്ഥലമാറ്റം. കോഴിക്കോട് സിപിഎമ്മിന് കമ്മിഷണറോടുണ്ടായ അനിഷ്ടമാണ് മാറ്റത്തിന് കാരണമായത്. ജില്ലാ കമ്മിറ്റി ഓഫീസിലുണ്ടായ ബോംബ് സ്ഫോടനം കൈകാര്യം ചെയ്ത രീതിയാണ് പാർട്ടിയെ ചൊടിപ്പിച്ചത്.

പാർട്ടി ഓഫീസിന് മുൻകൂറായി കാവൽ ഏർപ്പെടുത്തിയില്ല, സംഭവം ഉണ്ടായ ഉടനെ ഡെപ്യൂട്ടി കമ്മിഷണറെ അയച്ചതല്ലാതെ കമ്മിഷണർ നേരിട്ടെത്തിയില്ല, പാർട്ടി പ്രതീക്ഷിച്ച തരത്തിൽ കേസന്വേഷണം പുരോഗമിച്ചില്ല എന്നതെല്ലാമാണ് കാരണമായി ഉയർത്തിക്കാട്ടിയത്. സിപിഎം. കോഴിക്കോട് ജില്ലാ നേതൃത്വത്തിലെ ചില നേതാക്കളുമായി തുടക്കംമുതൽ അസ്വാരസ്യത്തിലായിരുന്നു ജയനാഥ്. ആരോപണവിധേയനായ പൊലീസുകാരനെ ക്രൈം സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ ശുപാർശയുണ്ടായിട്ടും വഴിപ്പെടാത്തത്ത് തുടക്കംമുതൽ ഭിന്നതയുണ്ടാക്കിയിരുന്നു. സമ്മർദം ശക്തമായപ്പോൾ ക്രൈം സ്‌ക്വാഡ് തന്നെ പിരിച്ചുവിട്ടത് പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. വിദ്യാർത്ഥിസമരത്തെ തുടർന്ന് കാന്തപുരത്തെ പ്രതിയാക്കി കേസെടുത്തതും എയിംഫിൽ ഏവിയേഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിനെതിരേ കേസെടുത്തതും ജയനാഥിനെ മാറ്റാൻ സമ്മർദമുണ്ടാക്കിയിരുന്നു. ചുമതലയേറ്റയുടനെ നടപ്പാക്കിയ പരസ്യ ബോർഡ് നീക്കൽ നടപടിയിൽ ചില ഇടതുനേതാക്കൾ പ്രതിഷേധമാർച്ച് നടത്തിയിരുന്നു.

 
 
 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close