News

അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി നടപ്പിലാക്കാത്തതിന്റെ പേരില്‍ കോടതി അലക്ഷ്യത്തിന് പോയാല്‍ റിട്ടയര്‍ ചെയ്യുന്നത് വരെ അപ്പീലുമായി തള്ളി നീക്കും; പകരം നടത്തിയത് വോളന്ററി റിട്ടയര്‍മെന്റ് വേണമെന്ന് പറഞ്ഞ് ട്രിബ്യൂണലിനെ സമീപിക്കല്‍; ജേക്കബ് തോമസ് എന്തു പറഞ്ഞാലും എതിര്‍ത്തു പറഞ്ഞ് ശീലിച്ച സര്‍ക്കാര്‍ നോ പറഞ്ഞതോടെ പിണറായി വീണ്ടും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കുഴിച്ച കുഴിയില്‍; ഇനി സര്‍ക്കാരിന് മുമ്പിലുള്ള ഏക വഴി ജേക്കബ് തോമസിനെ ഡിജിപിയായോ വിജിലന്‍സ് ഡയറക്ടറായോ തിരിച്ചെടുക്കുക മാത്രം

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസ് എന്തു പറഞ്ഞാലും അത് ചെയ്യാതിരിക്കുകയാണ് പിണറായി സര്‍ക്കാരിന്റെ രീതി. സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയിട്ട് പോലും അത് അംഗീകരിച്ചില്ല. വിരമിക്കാന്‍ അവസരം നല്‍കരുതെന്ന് കാട്ടി കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ഒടുവില്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ അനുകൂല ഉത്തരവ് ജേക്കബ് തോമസിന് കിട്ടി. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനോ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടാനോ ജേക്കബ് തോമസ് തയ്യാറയില്ല. ഇതിനിടെ സ്വയം വിരമിക്കലിന് അനുവദിക്കാത്തതിനെ ചോദ്യം ചെയ്ത് ജേക്കബ് തോമസ് വീണ്ടും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെത്തി. ഇതോടെ സര്‍ക്കാര്‍ മലക്കം മറിഞ്ഞു. ഇപ്പോള്‍ ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍.

അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി നടപ്പിലാക്കാത്തതിന്റെ പേരില്‍ കോടതി അലക്ഷ്യത്തിന് പോയാല്‍ റിട്ടയര്‍ ചെയ്യുന്നത് വരെ അപ്പീലുമായി സര്‍ക്കാര്‍ തള്ളി നീക്കുമെന്ന് ജേക്കബ് തോമസ് മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് അതിസമര്‍ത്ഥമായ നീക്കം നടത്തിയത്. വോളന്ററി റിട്ടയര്‍മെന്റ് വേണമെന്ന് പറഞ്ഞ് ട്രിബ്യൂണലിനെ സമീപിച്ചതോടെ സര്‍ക്കാര്‍ അത് പറ്റില്ലെന്ന് പറയുകയായിരുന്നു. ജേക്കബ് തോമസ് എന്തു പറഞ്ഞാലും എതിര്‍ത്തു പറഞ്ഞ് ശീലിച്ച സര്‍ക്കാര്‍ ഇവിടേയും നോ പറഞ്ഞു. ഇതോടെ പിണറായി സര്‍ക്കാര്‍ വീണ്ടും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കുഴിച്ച കുഴിയില്‍ വീഴുകയാണ്. ഇനി സര്‍ക്കാരിന് മുമ്പിലുള്ള ഏക വഴി ജേക്കബ് തോമസിനെ ഡിജിപിയായോ വിജിലന്‍സ് ഡയറക്ടറായോ തിരിച്ചെടുക്കുക മാത്രമാണെന്നാണ് വിലയിരുത്തല്‍.

വിരമിക്കല്‍ അപേക്ഷയുമായി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ജേക്കബ് തോമസ് എത്തിയതോടെ സര്‍ക്കാര്‍ നിലപാടു മാറ്റി. ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാനാകും നീക്കം. ഇത് സംബന്ധിച്ച ഫയല്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറി. ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള അഡിമിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കേണ്ടി വരുമെന്നാണ് ഫയലില്‍ പറയുന്നത്. ചീഫ് സെക്രട്ടറിയുടെ പരിഗണനയിലുള്ള ഫയലില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കും. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്ത് തിരിച്ചെടുക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെ ഇതില്‍ തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ച് കോടതിയലക്ഷ്യം ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇതില്‍ വാക്കാല്‍ വിശദീകരണം തേടിയതിന് പിന്നാലെയാണ് ആഭ്യന്തര സെക്രട്ടറി ഫയല്‍ കൈമാറിയത്.

തന്ത്രപരമായ നീക്കമാണ് ജേക്കബ് തോമസ് നടത്തിയത്. ഇതില്‍ സര്‍ക്കാര്‍ തീര്‍ത്തും വെട്ടിലായി. ഇതോടെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. വിരമിക്കാന്‍ അവസരം നേടി ഹര്‍ജി നല്‍കിയ ഉദ്യോഗസ്ഥന്‍ ഇത് രണ്ടു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഐപിഎസിലെ കേരളത്തിലെ ഏറ്റവും സീനിയറാണ് ജേക്കബ് തോമസ്. സീനിയോറിട്ടിക്ക് അനുസരിച്ചുള്ള നിയമനം നല്‍കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് മേധാവി സ്ഥാനമോ വിജിലന്‍സ് ഡിജിപി സ്ഥാനമോ ജേക്കബ് തോമസിന് നല്‍കേണ്ടി വരും. ഇതാണ് സര്‍ക്കാരിനെ വെട്ടിലാക്കുന്നത്. ഈ നിയമനങ്ങള്‍ നല്‍കാതെ അപ്രധാന കസേര നല്‍കിയാല്‍ അതിനേയും ജേക്കബ് തോമസ് നിയമവഴിയില്‍ ചോദ്യം ചെയ്യും. അപ്പോള്‍ എന്തുകൊണ്ട് സീനിയോറിട്ടി ബാധകമാക്കിയില്ലെന്ന് വ്യക്തമാക്കേണ്ടി വരും.

എന്നാല്‍ ഇത് കോടതിയലക്ഷ്യത്തെ നേരിടാനുള്ള നീക്കമായും വിലയിരുത്താം. മുഖ്യമന്ത്രിയോ മന്ത്രിസഭയോ ആണ് ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നാണ് സര്‍ക്കാര്‍ നിലപാട്. അപ്പീല്‍ പോകുന്ന വിഷയത്തിലും അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിലും മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. ജേക്കബ് തോമസിനെതിരെ അഴിമതി കേസ് നിലനില്‍ക്കുന്നതും ആഭ്യന്തര സെക്രട്ടറി കൈമാറിയ ഫയലില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫയല്‍ ചീഫ് സെക്രട്ടറി തന്റെ ശുപാര്‍ശയോടൊപ്പം മുഖ്യമന്ത്രിക്ക് കൈമാറും. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഈ വിഷയത്തില്‍ നിര്‍ണായകമാവും. നിലവില്‍ രണ്ട് വര്‍ഷത്തോളമായി ജേക്കബ് തോമസ് സര്‍വീസിന് പുറത്താണ്.

വി.ആര്‍.എസിന് അപേക്ഷിച്ചെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. തിരിച്ചെടുക്കുകയാണെങ്കില്‍ എന്ത് തസ്തികയാണ് ജേക്കബ് തോമസിന് നല്‍കുക എന്നതും ശ്രദ്ധേയമാണ്. തിരിച്ചെടുക്കേണ്ടി വന്നാല്‍ അപ്രധാനമായ തസ്തിക നല്‍കാനാവും സര്‍ക്കാര്‍ ശ്രമിക്കുകയെന്നാണ് സൂചന. എറണാകുളത്തെ സ്ഥാനാര്‍ത്ഥിയായി ജേക്കബ് തോമസിനെ ബിജെപി പരിഗണിക്കുന്നുണ്ട്. ഇത് പിണറായിക്കും അറിയാം. വിരമിക്കല്‍ തീരുമാനത്തിന് ശുപാര്‍ശ നല്‍കിയത് ഇതിന് വേണ്ടിയാണെന്നും പിണറായി കണക്കു കൂട്ടി. ഇതുകൊണ്ടാണ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതും. ഫലത്തില്‍ ജേക്കബ് തോമസിന്റെ തന്ത്രത്തിന്റെ കുഴിയില്‍ വീഴുകയാണ് പിണറായി ചെയ്തത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഇടതുപക്ഷത്തിന്റെ ആവേശമായിരുന്നു ജേക്കബ് തോമസ് എന്ന മുതിര്‍ന്ന ഐപിഎസുകാരന്‍. വിജിലന്‍സില്‍ എഡിജിപിയായി അദ്ദേഹം നടത്തിയ നീക്കങ്ങള്‍ക്ക് സിപിഎം കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. വിജിലന്‍സിലെ തത്തയെ ഉമ്മന്‍ ചാണ്ടി പുകച്ച് പുറത്തു ചാടിച്ചപ്പോള്‍ കള്ളക്കണ്ണീരുമായി മുതലെടുപ്പ് നടത്തി. പിണറായി അധികാരത്തിലെത്തിയപ്പോള്‍ ീ തത്തെ കൂടെ കൂട്ടിയെന്നും വരുത്തി. പക്ഷേ പതിയ കൈവിട്ടു. ഒടുവില്‍ പ്രധാന ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തു. ഒഖിയിലെ വിവാദത്തിലായിരുന്നു ആദ്യ സസ്പെന്‍ഷന്‍. പണക്കാരുടെ മക്കളാണു കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണമെന്ന്, ഓഖി ചുഴലിക്കാറ്റില്‍ കൈക്കൊണ്ട നടപടികളെ ചോദ്യംചെയ്ത് ജേക്കബ് തോമസ് വിമര്‍ശിച്ചിരുന്നു. അഴിമതിക്കാര്‍ ഇവിടെ ഐക്യത്തിലാണ്. അവര്‍ക്ക് അധികാരമുണ്ട്. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്നു. 51 വെട്ട് വെട്ടിയില്ലെങ്കിലും അഴിമതിവിരുദ്ധരെ നിശബ്ദരാക്കും. ഭീകരരുടെ രീതിയാണിത്. ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിനു തുടരുന്നുവെന്നും സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് ജേക്കബ് തോമസ് ചോദിച്ചിരുന്നു.

ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പി.എസ്. ഉദ്യോഗസ്ഥനു ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ആദ്യം ഉത്തരവിട്ടത്. അഖിലേന്ത്യാ സര്‍വീസ് നിയമം 3(1എ) പ്രകാരമാണു നടപടി. സംസ്ഥാനതാത്പര്യത്തിനു വിരുദ്ധമായ സമീപനമെടുക്കുന്ന ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്നു നീക്കാമെന്ന് ഇതുസംബന്ധിച്ച ചട്ടത്തില്‍ പറയുന്നു. അന്ന് ജേക്കബ് തോമസ് ഡയറക്ടറായിരുന്നു. പിണറായി അധികാരത്തിലെത്തിയപ്പോള്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കിയിരുന്നു. എന്നാല്‍ അധികാരത്തില്‍ നടപടികളുമായി ജേക്കബ് തോമസ് മുന്നോട്ട് പോയി. പല സിപിഎമ്മുകാരും അഴിമതി കുരുക്കിലായി. ഇതോടെ തത്തയെ പിണറായിക്ക് ഉള്ളക്കൊള്ളനാകാതെയായി. അങ്ങനെ ജേക്കബ് തോമസിനെ ഐഎംജിയുടെ മൂലയ്ക്കിരുത്തി. അപ്പോള്‍ അദ്ദേഹം ഇടപെടലുകള്‍ തുടങ്ങി. കേരളം ഏറ്റവും ശ്രദ്ധിക്കുന്ന ഐപിഎസ് ഓഫീസര്‍ ഓഖിയില്‍ പറഞ്ഞത് സര്‍ക്കാരിനെതിരായ വിമര്‍ശനമായി. അതിരുകടന്ന ഉദ്യോഗസ്ഥനെ പാഠം പഠിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെ ജേക്കബ് തോമസ് പുറത്തായി.

പ്രതിപക്ഷവും ജേക്കബ് തോമസിന് ശത്രുക്കളാണ്. ബാര്‍ കോഴയും പാറ്റൂര്‍ ഭൂമി ഇടപാടുമെല്ലാം പൊളിച്ചത് ജേക്കബ് തോമസാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഭരണത്തിലെ മധുവിധു അവസാനിച്ചതോടെ ഐഎംജി ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസിനെ വരുതിയില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം ശക്തമാക്കിയിരുന്നു. ഇതൊന്നും ഫലം കണ്ടില്ല. ഇതിന്റെ പ്രതിഫലനമാ.ിരുന്നു സസെപ്ന്‍ഷന്‍. ഈ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ നടത്തിയ ആദ്യ ഉന്നത നിയമനങ്ങളില്‍ ഒന്നാണു ജേക്കബ് തോമസിന്റേത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു കെ.എം.മാണിക്കെതിരായ ബാര്‍ കേസ് പുരോഗമിക്കവേ എഡിജിപിയായിരുന്ന ജേക്കബ് തോമസിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സില്‍ നിന്നു മാറ്റിയിരുന്നു. പകരം ശങ്കര്‍ റെഡ്ഡിയെയാണു ഡയറക്ടറാക്കിയത്. പിണറായി അധികാരത്തിലെത്തിയപ്പോള്‍ ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി.

ചുമതലയേറ്റദിവസം ചുവപ്പും മഞ്ഞയും കാര്‍ഡുകള്‍ കീശയില്‍നിന്ന് എടുത്തുകാട്ടിയ ജേക്കബ് തോമസ്, അഴിമതിക്കാര്‍ക്ക് പുറത്തേക്കുവഴി കാണിക്കുമെന്ന് പറഞ്ഞിരുന്നു. ഉന്നതര്‍ പ്രതിയായ ടൈറ്റാനിയം, പാമോലിന്‍ കേസുകള്‍, വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മൈക്രോ ഫിനാന്‍സ് കേസില്‍ എഫ്.ഐ.ആര്‍, ഉന്നതരെ പ്രതിയാക്കി കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയന്വേഷണം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഴിമതിയന്വേഷണം, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരായ അന്വേഷണം, കെ.എം.മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം തുടങ്ങി വില്ലേജ് ഓഫീസുകളിലെ അഴിമതിയന്വേഷണങ്ങള്‍ വരെ നീളുന്നതാണ് വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ ജേക്കബ് തോമസിന്റെ പ്രവര്‍ത്തനങ്ങള്‍. 1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ഫയര്‍ഫോഴ്സ് മേധാവി, വിജിലന്‍സ് എ.ഡി.ജി.പി. തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടറുടെ മേലങ്കിയില്ലെങ്കിലും അഴിമതിക്കെതിരേ ശക്തമായ പോരാട്ടം നടത്തുമെന്നു ജേക്കബ് തോമസ് പറഞ്ഞിരുന്നു.

 

Read more topics: # pinarayi vijayan,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close