Kerala

ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായം അണിഞ്ഞ് അമ്മയ്ക്ക് മുന്നിലെത്താന്‍ കൊതിച്ചവനാണ്; കൃഷിവേല ചെയ്ത് കുടുംബം പുലര്‍ത്തുന്ന അച്ഛന്റേയും അമ്മയുടേയും ഏക ആശ്രയത്തേയാണ് തല്ലിക്കെടുത്തിയത്; എന്റെ മകന് വേണ്ടത് നീതിയെന്ന് ആവര്‍ത്തിച്ച് മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയുമായി അഫീലിന്റെ മാതാപിതാക്കള്‍; കായികമേളയ്ക്കിടയിലുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച് ഒരുമാസം പിന്നിടുമ്പോള്‍ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി വീട്ടുകാര്‍ രംഗത്ത്; കായിക അദ്ധ്യാപകരുള്‍പ്പടെ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസും

തിരുവനന്തപുരം:കായികമേളയ്ക്കിടയില്‍ സംഭവിച്ച അപകടം തകര്‍ത്തത് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായം അണിഞ്ഞ് കേരളത്തെ ലോകത്തിന് നെറുകയിലെത്തിക്കണമെന്ന് സ്വപ്നം കമ്ട് നടന്ന അഫീല്‍ ജോണ്‍സണിന്റെ സ്വപ്നങ്ങളായിരുന്നു. പാഞ്ഞുവീണ ഹാമറില്‍ അഫീലിന്റെ പ്രതീക്ഷയെല്ലാം തകര്‍ന്നപ്പോള്‍ വീട്ടുകാരും കൂട്ടുകാരും കണ്ണീരോടെ ആ കാഴ്ച കണ്ടു നിന്നു. ഒക്ടോബര്‍ നാലിന് സംഭവിച്ച അപകടത്തില്‍ അഫിലീല്‍ ജോണ്‍സണ്‍ കാലിടറി വീണ് മരണത്തിന്റെ കയങ്ങളില്‍ വീണിട്ട് ഇന്നേക്ക് ഒരുമാസം പിന്നിട്ടു! എന്നിട്ടും അഫീലിന്റെ മരണത്തില്‍ നീതി അകലെയെന്നാണ് വീട്ടുകാരും ആവര്‍ത്തിക്കുന്നത്. പാലായില്‍ കായികമേളയ്ക്കിടയില്‍ ഹാമര്‍ തലയ്ക്ക് വീണായിരുന്നു അഫീലിന് ഗുരുതരമായി പരുക്കേറ്റത്.

അഫീല്‍ വീണപ്പോള്‍ ഒപ്പം ഇരുട്ടിലേക്ക് വീണുപോയത് ഒരു കുടുംബത്തിന്റെ വീഴ്ചകള്‍ കൂടിയാണെന്ന് ആരും ഓര്‍ക്കുന്നില്ല. അഫീലിന്റെ മരണത്തില്‍ കണ്ണീരുണങ്ങാതെ അവന്റെ അച്ഛന്‍ ജോണ്‍സണും അമ്മ ഡാര്‍ളിയും നീതി തേടി അലയുകയാണ്.'എല്ലാം മറക്കണമെന്ന് എല്ലാവരും പറയും. മകന്റെ ഓര്‍മകളില്‍ കണ്ണീര്‍ മായ്ക്കണമെന്നും. പക്ഷേ, പറ്റുന്നില്ല. ഞാനൊരമ്മയല്ലേ.' പൊട്ടിക്കരഞ്ഞുകൊണ്ടാണ് കോട്ടയത്തെ മനുഷ്യാവകാശ കമ്മീഷന്‍ മുന്‍പാകെ പരാതി സമര്‍പ്പിക്കാനെത്തിയപ്പോള്‍ അമ്മ ഡാര്‍ളി പ്രതികരിച്ചത്.

സംഭവത്തില്‍ മൂന്ന് കായിക അദ്ധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മനഃപൂര്‍വ്വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകലാണ് അദ്ധ്യാപകര്‍ക്ക് മേല്‍ പൊലീസ് ചുമത്തിയത്. ത്രോ മത്സരങ്ങളുടെ റഫറി മുഹമ്മദ് കാസിം, ജഡ്ജ് ടി.ഡി.മാര്‍ട്ടിന്‍, ഒഫീഷ്യല്‍ കെ.വി. ജോസഫ് എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരെയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

നഷ്ടപരിഹാരവും പണത്തിന്റെ കണക്കും എല്ലാവരും പറയുന്നുണ്ട്. എന്നാല്‍ അതൊന്നും ഞങ്ങള്‍ക്ക് അറിയില്ലെന്നും തനിക്ക് നഷ്ടമായത് നൊന്തുപെറ്റ സ്വന്തം മകനെയാണെന്നും നിറകണ്ണുകളോടെ അമ്മ പ്രതികരിക്കുന്നത്. എന്റെ മകന് നീതി കിട്ടണമെന്ന് ആവര്‍ത്തിക്കുമ്പോഴും അഫീലിന്റെ അമ്മയുടേയും അച്ഛന്റേയും സംശയം പിന്നെയും ബാക്കിയാണ്.

മകന്‍ മരിച്ചുപോയി. വീടിന്റെ ഏക പ്രതീക്ഷയായിരുന്നു. അപകടമാണ് ഉണ്ടായതെന്ന് എല്ലാവരും പറയുന്നു.അപകടമാണെങ്കില്‍ ഇത്രയും ദുരൂഹത എന്തിനാണെന്നും ആരെ സംരക്ഷിക്കാനാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ അപാകതകള്‍ എന്നും ഇവര്‍ ചോദിക്കുന്നു. അഫീല്‍ മരിച്ചതിന് പിന്നാലെ ഫോണ്‍ വിവരങ്ങള്‍ നീക്കം ചെയ്തതാണ് സംശയത്തിന് ഇടയൊരുക്കുന്നത്. അവന്‍ സന്നദ്ധപ്രവര്‍ത്തകന്‍ അല്ലായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചത് എന്തിനാണെന്നും നിസ്സഹായനായി അഫീലിന്റെ അച്ഛന്‍ ചോദിക്കുന്നു.

മേള നടത്തിപ്പിലെ വീഴ്ച കാരണം മകനെ നഷ്ടമായി. അതില്‍ പാളിച്ച വരുത്തിയവര്‍ക്ക് എതിരേ ക്രിമിനല്‍ കുറ്റംചുമത്തണം. ജാമ്യം കിട്ടാത്ത വകുപ്പു വേണം. പൊലീസ് നോട്ടീസ് കൊടുത്തിരിക്കുകയാണെന്ന് കേള്‍ക്കുന്നു. മറ്റ് കേസുകളിലും ഇങ്ങനെയാണോ? അവര്‍ ചോദിക്കുന്നു.'തങ്ങളുടെ ഓരോ ദിവസവും പുലരുന്നത് അഫീലിന്റെ ഓര്‍മ്മകളിലാണെന്നാണ് ഈ അച്ഛന്‍ പറയുന്നത്. അവന്‍ പോയതോടെ ഈ വീടു മാത്രമല്ല പരിസരവും ഒറ്റപ്പെട്ടെന്നും' അദ്ദേഹം പറയുന്നു.

കൂലിപ്പണി ചെയ്തും കൃഷിചെയ്തും ജീവിക്കുന്ന അച്ഛനും അമ്മയ്ക്കും ഏക ആശ്രയം ഈ മകനായിരുന്നു. അച്ഛനും അമ്മയും ജോലിക്ക് പോയി തിരികെയെത്തിയാല്‍ കാപ്പിയുണ്ടാക്കി കാത്തിരിക്കുന്നതും അഫീല്‍ തന്നെ. മഞ്ഞ ജേഴ്സിയാണിഞ്ഞ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുമെന്നായിരുന്നു അവന്റെ വാക്കുകളില്‍ നിന്ന് അമ്മ ഏറെയും കേട്ടിട്ടുള്ളത്.

മകന്റെ ഓര്‍മ്മള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ കണ്ണുനീര്‍ തോരാതെയാണ് ഈ അമ്മ വാക്കുകള്‍ അവസാനിപ്പിക്കുന്നതും. അത്ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച സംസ്ഥാന ജൂനിയര്‍ മീറ്റിനിടെയാണ് ഹാമര്‍ തലയില്‍ വീണ് വളന്റിയറായ അഫീല്‍ ജോണ്‍സണ്‍ മരിച്ചത്. സംഭവം നടന്ന് കൃത്യം ഒരു മാസം തികയുമ്പോഴാണ് കുറ്റക്കാര്‍ക്കെതിരായ പൊലീസിന്റെ നടപടി തുടങ്ങിയത്.

 

 

Read more topics: # football,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close