News

തട്ടിപ്പ് നടത്തുന്നത് കണക്കെടുപ്പുദിവസം അൺ എയ്ഡഡ് സ്‌കൂളിൽനിന്ന് എയ്ഡഡ് സ്‌കൂളുകളിലേക്ക് കുട്ടികളെ മാറ്റിയിരുത്തി തസ്തിക സൃഷ്ടിക്കുന്ന മാനേജ്‌മെന്റുകളോ? പൊതുവിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 37 ലക്ഷം വിദ്യാർത്ഥികളിൽ രണ്ടര ലക്ഷം പേരുടെ ആധാർ വിശദാംശങ്ങൾ സംശയത്തിന്റെ നിഴലിൽ; വിദ്യാർത്ഥികളുടെ കണക്കെടുപ്പ് ബയോമെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റമറ്റ രീതിയിൽ നടത്താൻ സർക്കാരും; കുട്ടികളുടെ കള്ളക്കണക്കുകൾ ചർച്ചയാകുമ്പോൾ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന 37 ലക്ഷം വിദ്യാര്‍ത്ഥികളില്‍ രണ്ടര ലക്ഷം പേരുടെ ആധാര്‍ വിശദാംശങ്ങള്‍ സംശയത്തിന്റെ നിഴലിലെന്നു വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തുമ്പോള്‍ വെട്ടിലാകുന്നത് സ്‌കൂള്‍ മാനേജ്മെന്റുകള്‍. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നതായി രേഖയിലുള്ള ഈ വിദ്യാര്‍ത്ഥികളെല്ലാം നിലവിലുണ്ടോയെന്നു വിശദപരിശോധനയിലേ വ്യക്തമാകൂ. ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം കൂട്ടി എയ്ഡഡ് സ്‌കൂളുകളില്‍ അദ്ധ്യാപകതസ്തിക സൃഷ്ടിച്ച് കോടികളുടെ അഴിമതിക്ക് കളമൊരുക്കുന്നതിന് വേണ്ടിയാണിതെന്നാണ് സൂചന. അദ്ധ്യാപകതസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഇതിനെതിരേ മാനേജ്‌മെന്റുകള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിവരുകയാണ്. ഇതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തു വരുന്നത്.

ഈ അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പിന്റെ ഭാഗമായി ആധാര്‍ വിശദാംശങ്ങളും വിലയിരുത്തിയിരുന്നു. ഇതനുസരിച്ച് ആകെ 37,53,059 വിദ്യാര്‍ത്ഥികളില്‍ 5,15,435 പേരുടെ ആധാര്‍ നമ്പര്‍ നല്‍കാതിരിക്കുകയോ തെറ്റായി രേഖപ്പെടുത്തുകയോ ചെയ്തതായി കണ്ടെത്തി. കണക്കുകള്‍ അപ്ലോഡ് ചെയ്തപ്പോള്‍ പിഴവു സംഭവിച്ചതാണെന്നു സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നു തിരുത്താന്‍ എല്ലാവര്‍ക്കും സര്‍ക്കാര്‍ ഒരു അവസരം കൂടി നല്‍കി. പിഴവു തിരുത്തിയതോടെ ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണം 37,17,403 ആയി. ഇപ്പോഴും 2,51,544 വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ വ്യക്തതയില്ല. ആവര്‍ത്തിച്ച് ആവശ്യപ്പെട്ട ശേഷവും 1,13,537 കുട്ടികളുടെ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ല. ഐടി മിഷനില്‍ നിന്നും യുഐഡി അഥോറിറ്റിയില്‍ നിന്നും ലഭിച്ച കണക്കുകള്‍ അനുസരിച്ചു സംസ്ഥാനത്ത് 100% പേരും ആധാര്‍ എടുത്തിട്ടുണ്ട്. 46,147 കുട്ടികളുടെ ആധാര്‍ നമ്പര്‍ നിശ്ചിത മാതൃകയില്‍ നിന്നു വ്യത്യസ്തമായി തെറ്റായി രേഖപ്പെടുത്തിയതാണെന്നും കണ്ടെത്തി. വിശദാംശങ്ങളിലെ വൈരുധ്യം മൂലം 91,860 വിദ്യാര്‍ത്ഥികളുടെ നമ്പരുകള്‍ അസാധുവെന്നു കണ്ടു. ഈ വിദ്യാര്‍ത്ഥികളുടെ സ്‌കൂളുകളില്‍നിന്നു നല്‍കിയ വിവരവും യുഐഡി അഥോറിറ്റി നല്‍കിയ വിവരവും വ്യത്യസ്തമാണ്.

ഇക്കാര്യം പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം വിലയിരുത്തുകയും എഇഒ ഓഫിസ് അടിസ്ഥാനത്തിലുള്ള കണക്കു തയാറാക്കാന്‍ കൈറ്റിനെ (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍) ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതു പൂര്‍ത്തിയാകുമ്പോള്‍ എല്ലാം വ്യക്തമാകും. അതിന് ശേഷം 4 കാര്യങ്ങള്‍ സ്‌കൂളുകളില്‍ നിന്ന് ആവശ്യപ്പെടണമെന്നാണു നിര്‍ദ്ദേശം. തെറ്റായ ആധാര്‍ നമ്പര്‍ ചേര്‍ക്കാനുണ്ടായ സാഹചര്യവും തിരുത്താന്‍ അവസരം നല്‍കിയിട്ടും ശരിയാക്കാതിരുന്നതിന്റെ കാരണവും, തെറ്റായ ആധാര്‍ നമ്പരുള്ള കുട്ടികള്‍ സ്‌കൂളില്‍ ഇപ്പോഴും പഠിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അവരുടെ ആധാറിന്റെ പകര്‍പ്പ് അവിടെ സൂക്ഷിച്ചിട്ടുണ്ടോ? ആധാര്‍ അസാധുവെന്നു പറയപ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ എത്ര പേരുടെ ആധാര്‍ പകര്‍പ്പ് സ്‌കൂളിലുണ്ട്. അതില്‍ കുട്ടിയുടെ പേര്, ജനനത്തീയതി തുടങ്ങിയവയില്‍ വൈരുധ്യം കണ്ടെത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതു ശരിയാക്കാന്‍ എടുത്ത നടപടി, 4 ആധാര്‍ ഇല്ലെന്നു രേഖപ്പെടുത്തിയ വിദ്യാര്‍ത്ഥികള്‍ക്കു യഥാര്‍ഥത്തില്‍ അതു ലഭിച്ചിട്ടില്ലെന്ന് ഉറപ്പാണോ? എന്നിവയിലാകും വിശദീകരണം തേടുക.

കണക്കെടുപ്പുദിവസം അണ്‍ എയ്ഡഡ് സ്‌കൂളില്‍നിന്ന് എയ്ഡഡ് സ്‌കൂളുകളിലേക്ക് കുട്ടികളെ മാറ്റിയിരുത്തി തസ്തിക സൃഷ്ടിക്കുന്ന രീതി ചില സ്‌കൂളുകള്‍ അവലംബിക്കുന്നുണ്ട്.വ്യാജ അഡ്മിഷന്‍ നടത്തി തസ്തിക സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കൈറ്റിനെ കുട്ടികളുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ചുമതലപ്പെടുത്തിയത്. എയ്ഡഡ് സ്‌കൂളുകളില്‍ 1:30, 1:35 എന്നിങ്ങനെയാണ് എല്‍.പി., യു.പി. ക്ലാസുകളിലെ അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം. നേരത്തേ 1:45 ആയിരുന്നപ്പോള്‍ രണ്ടാമത്തെ തസ്തികയ്ക്ക് 51 കുട്ടികള്‍ വേണമായിരുന്നു. വിദ്യാഭ്യാസാവകാശ നിയമപ്രകാരം അനുപാതം കുറച്ചപ്പോള്‍ രണ്ടാമത്തെ തസ്തികയ്ക്കുവേണ്ട കുട്ടികളുടെ എണ്ണം നിശ്ചയിച്ചില്ല. ഇതിനിടെ 31 കുട്ടികളുണ്ടെങ്കില്‍ രണ്ടാംതസ്തിക അനുവദിക്കാമെന്ന നിലയില്‍ ഉത്തരവും ഇറങ്ങി. ഒരു കുട്ടി കൂടിയാല്‍ ഒരധ്യാപക തസ്തികയെന്ന വ്യാഖ്യാനത്തിലേക്ക് കാര്യങ്ങള്‍ മാറിയത് ഇതുമൂലമാണ്.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒരു സ്‌കൂളില്‍ 60 കുട്ടികള്‍ക്ക് രണ്ട് അദ്ധ്യാപകരെന്നത് കേരളത്തില്‍ ക്ലാസ് അടിസ്ഥാനത്തിലേക്കു മാറ്റുകയായിരുന്നു. ബജറ്റ് പ്രസംഗത്തില്‍ ഒരു കുട്ടി കൂടിയാല്‍ ഒരു അദ്ധ്യാപക തസ്തികയെന്നത് അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ തസ്തികയ്ക്ക് എത്ര കുട്ടികള്‍ വേണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടിവരും. ഇതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തു വരുന്നതെന്നതും നിര്‍ണ്ണായകമാണ്. നല്‍കിയ യു.ഐ.ഡി. നമ്പര്‍ ശരിയാണോയെന്നു കണ്ടെത്താനാകാത്ത 91,000-ല്‍പ്പരം കുട്ടികളാണുള്ളത്. ആധാറിലും സ്‌കൂള്‍രേഖയിലുമുള്ള പേര്, ജനനത്തീയതി, ലിംഗം എന്നിവയില്‍ ഏതെങ്കിലും വ്യത്യാസപ്പെട്ടാല്‍ പരിശോധിക്കാനാകാതെ വരും. ഇത്തരം കേസുകളില്‍ കൂടുതല്‍ വിശദമായ പരിശോധന വേണമെന്നാണ് വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പ് ആധാര്‍, ബയോമെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റമറ്റ രീതിയില്‍ നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ കണ്ണ്, വിരലടയാളം തുടങ്ങിയവ കൂടി പരിശോധിച്ച് ഉറപ്പാക്കാനാണു നിര്‍ദ്ദേശം. ആറാം പ്രവൃത്തി ദിവസം ഹെഡ്മാസ്റ്റര്‍മാര്‍ നല്‍കുന്ന കണക്കിന്റെ അടിസ്ഥാനത്തില്‍ അധിക തസ്തിക സൃഷ്ടിക്കുന്നതിനു പകരം ഡിസംബര്‍ വരെയോ വിദ്യാഭ്യാസ വര്‍ഷം അവസാനിക്കുന്നതു വരെയോ എത്ര വിദ്യാര്‍ത്ഥികളുണ്ടെന്നു വിലയിരുത്തി തസ്തിക അനുവദിക്കുന്ന നിര്‍ദ്ദേശവും പരിഗണനയിലുണ്ട്.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close