News

ഡെങ്കിപ്പനി ബാധിച്ച യുവതിയെ തൊടുപുഴ ചാഴിക്കാട്ടു ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കഴിഞ്ഞ ബുധനാഴ്‌ച്ച; പ്ലേറ്റ്‌ലറ്റ് കൗണ്ട് ക്രമാതീതമായി കുറഞ്ഞിട്ടും വേണ്ട ചികിത്സ ലഭ്യമാക്കിയില്ല; കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് ആന്തരിക രക്തസ്രാവം വന്ന് നില വഷളായ ശേഷം മാത്രം; അനാവശ്യമായുള്ള കാത്തിരിപ്പിൽ മഞ്ജുവിന്റെ ജീവൻ പൊലിഞ്ഞു; മരണത്തിൽ ചികിത്സാ പിഴവെന്ന് ആരോപിച്ചു ബന്ധുക്കളും സോഷ്യൽ മീഡിയയും; നിഷേധിച്ച് ചാഴിക്കാട് ആശുപത്രി അധികൃതരും

ഡെങ്കിപ്പനിയെ തുടർന്ന് തൊടുപുഴ അരീക്കര മഞ്ജു ബോബി (33) എന്ന യുവതി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവോ? ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് തൊടുപുഴ ചാഴിക്കാട് ആശുപത്രിയിൽ മഞ്ജുവിനെ പ്രവേശിപ്പിച്ചത്. ഞായർ ആയിട്ടും സ്ഥിതി ഗുരുതരമായി തുടർന്നതിനെ തുടർന്നാണ് മഞ്ജുവിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നത്. തിങ്കൾ പുലർച്ചെ തന്നെ മഞ്ജു മരിക്കുകയും ചെയ്തു. ചാഴിക്കാട്ട് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് മഞ്ജുവിന്റെ മരണം എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ബുധനാഴ്ച ആശുപത്രിയിൽ എത്തിച്ചിട്ടും ആവശ്യമായ ചികിത്സ രോഗിക്ക് ലഭ്യമാക്കിയില്ല. തുടർന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടും മഞ്ജുവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. കോലഞ്ചേരി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഇന്റെണൽ ബ്ലീഡിങ് തുടങ്ങിയിരുന്നു. രക്ഷിക്കാനുള്ള സാദ്ധ്യതകൾ വിരളമാണ് എന്നാണ് ബന്ധുക്കളെ കോലഞ്ചേരി ആശുപത്രി അധികൃതർ അറിയിച്ചത്. ഞായർ എത്തിച്ചിട്ടും തിങ്കൾ പുലർച്ചെ തന്നെ മഞ്ജു മരിക്കുകയും ചെയ്തു. രോഗിയുടെ അതീവ ഗുരുതരാവസ്ഥ വ്യക്തമാക്കി കോലഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ ബന്ധുക്കളോട് പറഞ്ഞത് രക്ഷിക്കാൻ പ്രയാസമാണ് എന്നാണ്. ഒരു ദിവസം മുൻപെങ്കിലും ഇവിടെ എത്തിച്ചിരുന്നെങ്കിൽ നമുക്ക് മഞ്ജുവിനെ കാക്കാമായിരുന്നുവെന്നാണ് ഇവർ പറഞ്ഞത്. മഞ്ജുവിന്റെ മരണം സ്ഥിരീകരിച്ച് കോലഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ ബന്ധുക്കൾക്കായി നൽകിയ മറുപടി ഇതായിരുന്നു. ഈ മറുപടി തന്നെയാണ് മഞ്ജുവിന്റെ മരണം വിവാദമാക്കുന്നതും.

ഡെങ്കിപ്പനിയാണെന്ന് തൊടുപുഴയിലെ ചാഴിക്കാട്ടു ആശുപത്രി അധികൃതർക്ക് അറിയാമായിരുന്നു. ബ്ലഡ് കൗണ്ട് അനുനിമിഷം കുറഞ്ഞുകൊണ്ടുമിരുന്നു. ഈ ഘട്ടത്തിൽ വേറെ ആശുപത്രിയിലേക്ക് രോഗിയെ മാറ്റുകയോ അല്ലെങ്കിൽ വിദഗ്ദ ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടിയിരുന്നു. ഇത് ചെയ്തില്ല. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മഞ്ജുവിനെ മാറ്റുമ്പോഴേക്കും ആന്തരിക രക്തസ്രാവം വന്നിരുന്നു. ഇതോടെ കോലഞ്ചേരിയിലെ ചികിത്സ ഫലിക്കാതെയാവുകയും നിത്യനിദ്രയിലേക്ക് മഞ്ജു ആണ്ടു പോവുകയും ചെയ്തു. ഒരു ദിവസം മുൻപെങ്കിലും മഞ്ജുവിനെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് കോലഞ്ചേരി ആശുപത്രി അധികൃതർ ബന്ധുക്കളോടു പറയുമ്പോൾ ഈ സമയമൊക്കെ മഞ്ജു ചാഴിക്കാട്ടു ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. ജീവൻ രക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രി അധികൃതർക്ക് മറ്റു ആശുപത്രിയിലേക്ക് മാറ്റാൻ ബന്ധുക്കളോട് ആവശ്യപ്പെടാമായിരുന്നു. പക്ഷെ ഇത് ചാഴിക്കാട്ടു ആശുപത്രി അധികൃതർ ചെയ്തില്ല. അവിടുന്ന് ഡിസ്ചാർജ് ചെയ്ത് കോലഞ്ചേരിയിൽ എത്തുമ്പോഴേക്കും സ്ഥിതി ഗുരുതരമാവുകയും മഞ്ജു മരണത്തിന്റെ വക്കിൽ എത്തുകയും ചെയ്തിരുന്നു.

ഡെങ്കി ബാധിച്ച് കൗണ്ട് 30000 ത്തിൽ താഴെ വന്നാൽ പ്ലേറ്റ് ലെറ്റ് ട്രാൻസ്‌ഫോർമേഷൻ നടത്തുക സാധാരണമാണ്. പക്ഷെ മഞ്ജുവിന് കൗണ്ട് 24000 ത്തിൽ താഴെ ആയിട്ടും ഈ രീതിയിലുള്ള ട്രാൻസ്‌ഫോർമേഷൻ നടത്തിയില്ല എന്നാണ് ആരോപണം ഉയരുന്നത്. രോഗി വിറയലോടെ ചില അസ്വഭാവിക ലക്ഷണങ്ങൾ കാണിക്കുന്നു എന്ന് അറിയിച്ചിട്ടും അർഹിക്കുന്ന പരിഗണന ലഭിച്ചില്ല. പിന്നീട് ബ്ലീഡിങ് ആരംഭിച്ച നില അതീവ വഷളായി മാറിയപ്പോൾ മാത്രമാണ് ഞായറാഴ്ച ഡോക്ടർ രോഗിയെ കാണാൻ എത്തുന്നത്. അപ്പോഴേക്കും നില വഷളായിരുന്നു. തുടർന്നാണ് കോലഞ്ചേരിക്ക് മാറ്റുന്നത്.

അലങ്കരിച്ച മെഴുകുതിരികൾക്ക് മുന്നിൽ ഇപ്പോൾ മഞ്ജു ശാന്തമായി ഉറങ്ങുകയാണ്. നാലും രണ്ടും വയസുള്ള ഫന്നയും മരിയയുമാണ് മഞ്ജുവിന്റെ മക്കൾ. ഈ പിഞ്ചു കുഞ്ഞുങ്ങളെ അനാഥമാക്കിയാണ് മഞ്ജു യാത്രയാകുന്നത്. ചികിത്സാ പിഴവിനെ തുടർന്നാണ് മഞ്ജുവിന്റെ മരണം എന്നുള്ളതാണ് നാട്ടുകാരെയും ബന്ധുക്കളെയും അസ്വസ്ഥരാക്കുന്നത്. ഒരു ദിവസം മുൻപെങ്കിലും എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു എന്ന കോലഞ്ചേരിയിലെ ഡോക്ടർമാരുടെ വാക്കുകളും ഇവരുടെ ചെവിയിൽ മുഴങ്ങുന്നു. ഇതുകൊണ്ട് തന്നെ ഈ മരണം അരീക്കരയിലെ ഭർതൃവീട്ടിൽ കടുത്ത ദുഃഖത്തിന്റെ അലകൾ തന്നെയാണ് ഉയർത്തുന്നത്. ഡെങ്കിപ്പനി ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളെജിൽ ചികിത്സയിൽ തുടരവേയാണ് ഭർത്താവിനും കുടുംബത്തിനും ദുഃഖങ്ങൾ ബാക്കിയാക്കി മഞ്ജു വിട ചൊല്ലിയത്. തൊടുപുഴ നടുക്കണ്ടത്തെ കർഷക ദമ്പതികളായ മാത്യുവിന്റെയും മേരിയുടെയും രണ്ടു മക്കളിൽ ഒരാളാണ് മഞ്ജു. ആറു വർഷം മുൻപാണ് മഞ്ജുവിന്റെ വിവാഹം കഴിയുന്നത്. ഇലക്ട്രീഷ്യനായ ജോബിയാണ് ഭർത്താവ്. മഞ്ജുവിന്റെ സംസ്‌ക്കാരം ഇന്നു വൈകീട്ട് കോട്ടയം അരീക്കര സെന്റ് റോക്കീസ് പള്ളിയിലാണ് നടക്കുന്നത്.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close