Cinema

അമ്മയെ തനിച്ചാക്കി അമ്പിളി മടങ്ങി

നടി മോനിഷയ്ക്കായി എല്ലാ ചിത്രങ്ങളിലും ശബ്ദം നല്‍കിയ, ഒരു കാലത്തെ മലയാള സിനിമയിലെ പ്രധാന ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നു അമ്പിളി. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നപ്പോള്‍ പോലും തിരിഞ്ഞു നോക്കാന്‍ സിനിമാക്കാര്‍ ആരും ഇല്ലായിരുന്നു. ഒടുവില്‍ ആ കലാകാരി വിട വാങ്ങുമ്പോള്‍ ഏകയാകുന്നത് അനാഥാലയത്തില്‍ കഴിയുന്ന പഴയകാല നടിയും അമ്മയുമായ പാലാ തങ്കമാണ്. 
 
കാന്‍സര്‍ നല്‍കിയ ദുരിതം അവസാനിപ്പിച്ചാണ് പ്രമുഖ ഡബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി വിടവാങ്ങുന്നത്. കാന്‍സര്‍ രോഗത്തെ തുടര്‍ന്നു ചികില്‍സയില്‍ ആയിരുന്നു. നടി മോനിഷയ്ക്കായി എല്ലാ ചിത്രങ്ങളിലും ശബ്ദം നല്‍കിയ അമ്പിളി മലയാള സിനിമയിലെ പ്രധാന ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നു ഒരുകാലത്ത്. മലയാളം-തമിഴ് സീരിയല്‍ ഡബിങ് രംഗത്തും അന്യാഭാഷാ മൊഴിമാറ്റ ചിത്രങ്ങളിലും സജീവമായിരുന്നു. അമ്പിളി കളം വിടുമ്പോള്‍ ഏകയാകുന്നത് അമ്മ പാലാ തങ്കമാണ്. പഴയ കാല നടിയായ പാലാ തങ്കത്തിന്റെ മൂന്നാമത്തെ മകളാണ് അമ്പിളി. പാലാ തങ്കവും ഡബിങ് ആര്‍ട്ടിസ്റ്റായിരുന്നു. അമ്മയുടെ വഴിയേ ആണ് മകളും ഈ രംഗത്ത് എത്തിയത്.
 
രോഹിണി, അംബിക, റാണിപത്മിനി, പാര്‍വതി, രഞ്ജിനി, ലിസി, സിതാര, ശാരി, ശോഭന, ഉര്‍വശി, ചിപ്പി, സിതാര, ജോമോള്‍, പ്രിയാരാമന്‍, ശാലിനി തുടങ്ങി നിരവധി നടിമാരുടെയും വെള്ളിത്തിരയിലെ ശബ്ദമായി മാറിയ അമ്പിളി കാന്‍സറിന്റെ തീരാ ദുരിതം മൂലം ബുദ്ധിമുട്ടിലായിരുന്നു. 'ഭക്തകണ്ണപ്പ' എന്ന കന്നഡ ചിത്രത്തിന്റെ മലയാളം മൊഴിമാറ്റത്തിലാണ് എട്ടു വയസ്സായിരിക്കെ അമ്പിളി ആദ്യമായി ശബ്ദം നല്‍കിയത്. തമിഴ് ഉള്‍പ്പെടെ 500-ല്‍പരം ചിത്രങ്ങളില്‍ അമ്പിളി ബാലതാരങ്ങള്‍ക്ക് ശബ്ദം നല്‍കി. 13 വയസായിരിക്കെ 'ലോറി' എന്ന സിനിമയിലെ നായികാ കഥാപാത്രത്തിന് ശബ്ദം നല്‍കി കൂടുതല്‍ സജീവമായി.
 
ആയിരത്തോളം ചിത്രങ്ങളില്‍ ശബ്ദം നല്‍കിയിട്ടുണ്ട്. നൂറില്‍പരം തമിഴ് ചിത്രങ്ങളില്‍ ഡബ് ചെയ്ത അമ്പിളി തമിഴില്‍ ശിവരഞ്ജിനി, ഐശ്വര്യ തുടങ്ങി നിരവധി നടികളുടെ സിനിമാ ശബ്ദമായി. നിരവധി മൊഴിമാറ്റചിത്രങ്ങളുടെ സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കുന്നതിലും മികവു കാട്ടി. അമ്പിളി വിടവാങ്ങുമ്പോള്‍ അമ്മ പാലാ തങ്കവും ഏകയാവുകയാണ്.
 
300 സിനിമകളില്‍ അഭിനിയിക്കുകയും അന്യഭാഷാ സിനിമകള്‍ അടക്കം 3000ത്തിലധികം സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്ത അപൂര്‍വ്വ പ്രതിഭയാണ് ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനില്‍ കഴിയുന്ന പാലാ തങ്കം. ചലച്ചിത്ര താരങ്ങളുടെ സംഘനയായ അമ്മയുടെ പെന്‍ഷന്‍ കൈപ്പറ്റുന്നതൊഴിച്ചാല്‍ തങ്കത്തെ തിരിഞ്ഞു നോക്കാന്‍ ആര്‍ക്കും നേരമില്ല. സത്യനും മധുവിനും പ്രേംനസീറിനും ഒപ്പമെല്ലാം പാലാ തങ്കം അഭിനയിച്ചിട്ടുണ്ട്. മുപ്പതാമത്തെ വയസില്‍ ഇന്‍സ്‌പെക്ടറായിരുന്ന ഭര്‍ത്താവ് അപകടത്തില്‍ മരിച്ചിട്ടും തളരാതെ ജീവീതം കെട്ടിപ്പടുത്ത തങ്കം ഇപ്പോള്‍ ഇവിടെയാണ് ജീവിതം തള്ളിനീക്കുന്നത്.

Read more topics: # ambili, # dubbing artist,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close