News

റീഗള്‍ എസ്റ്റേറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ച അന്‍വര്‍ എംഎല്‍എയെ കുടുക്കിയ വിപ്ലവം; 76 മയക്കുമരുന്ന് കേസില്‍ പിടികൂടിയത് 93 പേരെ; കരുളായിയിലും മൈലമ്പാറയിലും എത്തിച്ചത് കാരുണ്യം; സക്കീര്‍ ഹുസൈന്റെ ഭീഷണിക്ക് മുമ്പില്‍ പതറാത്ത അമൃത് രംഗന് വേണ്ടി വീണ്ടും ശബ്ദമുയര്‍ത്തി സോഷ്യല്‍ മീഡിയ

മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടത്തെ വൃത്തിയും വെടിപ്പുമുള്ള സ്റ്റേഷനാക്കിയാണ് എസ് ഐ അമൃത് രംഗന്‍ വണ്ടി കയറിയത്. ആദിവാസി കോളനിയിലും ട്രാഫിക് പരിഷ്‌കരണത്തിലും പൂക്കോട്ടുംപാടത്ത് വിപ്ലവമാണ് അമൃത് രംഗന്‍ സൃഷ്ടിച്ചത്. എസ് ഐയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ സഖാക്കള്‍ വ്യാപക പ്രചരണം നടത്തുന്നുണ്ട്. ഇതോടെയാണ് എസ് ഐയ്ക്ക് അനുകൂലമായും കൂടുതല്‍ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. പഴയ പത്രകട്ടിംഗുകള്‍ അടക്കമാണ് സോഷ്യല്‍ മീഡിയ കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

പാവങ്ങളുടെ കണ്ണീരൊപ്പാന്‍ നടപടി എടുത്ത എസ് ഐ സിപിഎം. കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനുമായി ഫോണിലൂടെ കോര്‍ത്തു വിവാദനായകനായതോടെയാണ് പൂക്കോട്ടുംപാടത്തുകാര്‍ എസ് ഐയുടെ സേവനം ഓര്‍ക്കുന്നത്. നിലമ്പൂര്‍ എംഎല്‍എ: പി.വി. അന്‍വറിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത പൊലീസുദ്യോഗസ്ഥനുമാണ് അദ്ദേഹം. 2016ല്‍ മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം എസ്ഐ ആയിരിക്കെയാണു പാട്ടക്കരിമ്പിലെ റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അന്‍വറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.

ചട്ടം ലംഘിച്ചു കേസെടുത്ത അമൃത് രംഗനെ മൂന്നുദിവസത്തിനകം സ്ഥലംമാറ്റിയില്ലെങ്കില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആഭ്യന്തരവകുപ്പ് അമൃത്രംഗനെ മാറ്റിയില്ല. വിഷയത്തില്‍ സിപിഎം നേതൃത്വവും ഇടപെട്ടതോടെ അന്‍വര്‍ പിന്‍വാങ്ങുകയായിരുന്നു. പൂക്കോട്ടുംപാടത്ത് രണ്ടര വര്‍ഷം പൂര്‍ത്തീകരിച്ചാണ് അമൃത്രംഗന്‍ കൊച്ചിയിലേക്ക് സ്ഥലം മാറിപ്പോയത്. പൂക്കോട്ടുംപാടത്ത് ഗുണ്ടാ ക്രിമിനല്‍ സംഘത്തെ അടിച്ചമര്‍ത്തിയും ലഹരിമാഫിയയെ പിടികൂടിയും അമൃത്രംഗന്‍ ശ്രദ്ധനേടിയിരുന്നു. 76 മയക്കുമരുന്നു കേസുകളിലായി 93 പേരെ അറസ്റ്റ് ചെയ്ത സംസ്ഥാനത്തെ മികച്ച ട്രാക് റെക്കോര്‍ഡാണ് അമൃത്രംഗനുണ്ടായിരുന്നത്. തുടര്‍ന്ന് എസ്ഐയെ കേസില്‍ കുടുക്കാനും അന്നു നീക്കമുണ്ടായി. റീഗള്‍ എസ്റ്റേറ്റില്‍ ആദിവാസികളെക്കൊണ്ട് കുടില്‍കെട്ടിച്ച സംഭവത്തില്‍ അന്വേഷിക്കാനെത്തിയ എസ്ഐക്കെതിരേ പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയ സ്വന്തമായി വീടും സ്ഥലവുമുള്ളവരാണ് കുടില്‍കെട്ടിയതെന്നു പിന്നീടു വ്യക്തമായി. അനധികൃതമായി കെട്ടിയ കുടില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചുമാറ്റുകയും ചെയ്തു. തുടര്‍ന്ന് നിരവധി കേസുകളില്‍ പ്രതിയായ കരുളായി പാറന്തോടന്‍ ജസീല്‍ എസ്ഐ പീഡിപ്പിക്കുന്നതായി പറഞ്ഞ് മൊെബെലില്‍ ലൈവ് വീഡിയോ ചെയ്തത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് മുറുപടിയായി അമൃത്രംഗന്‍ സ്റ്റേഷന്‍ രേഖകള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നും ഇതില്‍ തന്റെ പേരും ഉള്‍പ്പെട്ടതായി കാണിച്ച് കരുളായി സ്വദേശിയായ യുവതി പരാതിയുമായി രംഗത്തുവന്നിരുന്നു. മനോദൗര്‍ബല്യമുള്ള യുവാവിനെ മുളക് തീറ്റിച്ചതായി പരാതിയും അമൃത്രംഗനെതിരേ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനപ്പുറത്ത് ചില സാമൂഹിക ഇടപെടലുകളും അമൃത് രംഗന്‍ നടത്തിയിരുന്നു. ഏറെ കൈയടി നേടിയവയായിരുന്നു ഇത്.

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close