News
മെസിയുടെ അനിയന്മാരെ തകര്‍ത്ത് ലോകത്തിന്റെ ചര്‍ച്ചാകേന്ദ്രമായ അന്‍വര്‍ അലി ആരാണ്?
ഫുട്ബോള്‍ കരുത്തരായ അര്‍ജന്റീനയെ ചരിത്രത്തിലാദ്യമായി ഇന്ത്യ അട്ടിമറിച്ചപ്പോള്‍ ആരാധകരുടെ ശ്രദ്ധ മുഴുവന്‍ കവരുന്നത് ഒരു കൗമാര താരമാണ്. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിലൂടെ ഇന്ത്യ കണ്ടെത്തിയ പഞ്ചാബ് താരം അന്‍വര്‍ അലിയാണ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. അന്‍വര്‍ അലി നേടിയ കിടുക്കന്‍ ഫ്രീകിക്ക് ഗോളാണ് അര്‍ജന്റീനയെ മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചത്. മത്സരത്തിന്റെ 68ാം മിനിറ്റിലാണ് പ്രതിരോധ താരമായ അന്‍വര്‍ അലിയുടെ മനോഹരമായ ഫ്രീകിക്ക് ഗോള്‍ പിറന്നത്. പഞ്ചാബിന്റെ ഈ കൗമാര താരത്തെ വാഴ്ത്തുന്ന തിരക്കിലാണ് കായികലോകം. അര്‍ജന്റീനയെ ഞെട്ടിച്ച അന്‍വര്‍ അലിയെ അന്താരാഷ്ട്രമാധ്യമങ്ങളും വാര്‍ത്താ താരമാക്കിയിട്ടുണ്ട്. പെനാല്‍റ്റി ബോക്സില്‍ നിന്നും ഏറെ അകലത്തില്‍ നിന്നെടുത്ത ഈ ഫ്രീകിക്ക് പോസ്റ്റില്‍ തട്ടിയാണ് വല ചലിപ്പിച്ചത്. ഇതോടെ ആറുതവണ അണ്ടര്‍ 20 ലോകകപ്പില്‍ ചാമ്പ്യന്മാരായിട്ടുള്ള അര്‍ജന്റീന പരാജയം സമ്മതിക്കുകയായിരുന്നു. മോഹന്‍ ബഗാന്, ഈസ്റ്റ്ബംഗാള്‍, ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസ്, കൊല്‍ക്കത്ത ടീമുകള്‍ക്ക് കളിച്ച അന്‍വര്‍ അലി ഈ സീസണില്‍ മുംബൈ സിറ്റി എഫ്സിക്കായാണ് കളിക്കുന്നത്. അണ്ടര്‍ 17 ലോകകപ്പിലും അന്‍വര്‍ അലി ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ജൂലൈ 29ന് സ്പെയിനിലെ വലന്‍സിയയിലാണ് കോട്ടിഫ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചത്. ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച ഒരുപറ്റം യുവതാരങ്ങളും കഴിഞ്ഞ വര്‍ഷം അണ്ടര്‍ 19 എഎഫ്സി കപ്പിനുള്ള യോഗ്യതാ റൗണ്ട് കളിച്ച ടീമിലെ യുവതാരങ്ങളും അടങ്ങിയ ടീമുമായാണ് ഇന്ത്യ ടൂര്‍ണമെന്റിനെത്തിയത്. മൂന്നാം മത്സരത്തില്‍ വെനസ്വേലയെ ഗോള്‍രഹിത സമനിലയില്‍ തളച്ച ഫ്ലോയ്ഡ് പിന്റോ പരിശീലിപ്പിക്കുന്ന ടീം നാലാം മത്സരത്തിലാണ് യൂത്ത് ഫുട്ബോളിലെ വമ്പന്‍ അട്ടിമറികളിലൊന്ന് നടത്തിയത്. ഇന്ത്യയോട് തോറ്റെങ്കിലും നാലു കളികളില്‍ ഒമ്പത് പോയന്റുമായി അര്‍ജന്റീന തന്നെയാണ് ഗ്രൂപ്പ് എയില്‍ പോയിന്റ് പട്ടികയില്‍ മുന്നില്‍. നാലു കളികളില്‍ ഒരു ജയവും സമനിലയും അടക്കം നാലു പോയന്റുള്ള ഇന്ത്യ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്. ഏഴ് പോയിന്റുള്ള വെനസ്വേലയാണ് രണ്ടാം സ്ഥാനത്ത്. ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിഫൈനലിലേക്ക് യോഗ്യത നേടുക.