News

ബിജെപിയുടെ കെണികളില്‍ വീഴാതെ മെയ് വഴക്കത്തോടെ രക്ഷപ്പെട്ട വിരുത്; ചുട്ടു പൊള്ളുന്ന പൗരത്വ വിഷയത്തില്‍ പോലും അതി സൂക്ഷ്മമായ തന്ത്രങ്ങള്‍ ഉപയോഗിച്ചു; ഷഹീന്‍ബാഗ് സമരക്കാരെ തള്ളാതെയും കൊള്ളാതേയും നടത്തിയ നീക്കം കിടിലോല്‍കിടിലം; കെജ്രിവാള്‍ തന്ത്രങ്ങളുടെ തമ്പുരാന്‍ ആയവിധം

വിവിധ ക്ഷേമ പദ്ധതികള്‍, സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, സ്‌കൂളൂകളുടെ നവീകരണം തുടങ്ങിയവ ഉയര്‍ത്തി പ്രത്യക്ഷ വോട്ട് പിടിത്തം. വികസനം മാത്രമാണ് പ്രത്യക്ഷത്തില്‍ ചര്‍ച്ചയാക്കിയത്. എന്നാല്‍ തന്ത്രപരമായി എല്ലാ വിഷയങ്ങളിലും പരോക്ഷ സമീപനമെടുത്ത് എല്ലാ വിധ വോട്ടര്‍മാരേയും സ്വാധീനിച്ചു. പൗരത്വ ഭേദഗതി നിയമത്തില്‍ ശക്തമായ വേര്‍തിരിവ് രാജ്യത്ത് ദൃശ്യമായിരുന്നു. ഇതില്‍ ഒരു പക്ഷത്തും നില്‍ക്കാതെ നടത്തിയ കളിയും ഉജ്ജ്വലമായി. ഭൂരിപക്ഷത്തേയും ന്യൂനപക്ഷത്തേയും വികസന ചരടില്‍ കൂട്ടിക്കെട്ടാന്‍ എല്ലാ മാര്‍ഗ്ഗവും കെജ്രിവാള്‍ പയറ്റി. ബിജെപിയെ അവരുടെ തന്ത്രങ്ങളുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് തകര്‍ത്തു. മോദിയെ എന്റെ പ്രധാനമന്ത്രിയെന്ന് പോലും പറഞ്ഞു. പ്രധാനമന്ത്രിയെ കടന്നാക്രമിക്കാതെ ഡല്‍ഹിയിലെ ബിജെപിക്കെതിരെ ആക്രമണം അഴിച്ചു വിട്ട് കെജ്രിവാള്‍ മുമ്പോട്ട് നീങ്ങി. ഫലം വീണ്ടും ഡല്‍ഹി ആം ആദ്മിക്കൊപ്പം നിന്നു. വാഗ്ദാനങ്ങളൊക്കെ പാലിക്കുന്ന മുഖ്യമന്ത്രി എന്ന പ്രതിഛായയാണ്, ബിജെപിയുടെ വമ്പന്‍ പ്രചാരണ തന്ത്രങ്ങളെയെല്ലാം അതിജീവിക്കാന്‍ ഇക്കുറിയും കേജ്രിവാളിനു കരുത്തായത്.

ഞാന്‍ ഒരു ഭീകരവാദിയാണെന്ന് വിശ്വസിക്കുന്നവര്‍ താമര ചിഹ്നത്തിന് വോട്ട് ചെയ്‌തേക്കാം, പക്ഷേ, ഞാന്‍ ഡല്‍ഹിക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിച്ചവനാണെന്ന് വിശ്വസിക്കുന്നവര്‍ ആംആദ്മിയുടെ ചൂല്‍ ചിഹ്നത്തില്‍ വോട്ട് ചെയ്യും'. ഇത്തവണ എല്ലാ പാര്‍ട്ടികളും ഒരുമിച്ചാണ്. ബിജെപി, കോണ്‍ഗ്രസ്, എല്‍ജെപി, ആര്‍ജെഡി, ജെഡിയു എന്നിവര്‍ക്കെല്ലാം കെജ്രിവാളിനെ തോല്‍പ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. നല്ല സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമെന്ന് ഞാന്‍ പറയുമ്പോള്‍ അവര്‍ പറയുന്നത് കെജ്രിവാളിനെ തോല്‍പ്പിക്കൂ എന്നാണ്. മികച്ച ആശുപത്രികള്‍ നിര്‍മ്മിക്കുമെന്ന് പറയുമ്പോഴും അവര്‍ പറയുന്നത് കെജ്രിവാളിനെ തോല്‍പ്പിക്കൂ എന്നാണ്. അത് മാത്രമേ അവര്‍ക്ക് പറയാനുള്ളൂ. കെജ്രിവാളിനെ തോല്‍പ്പിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. പക്ഷേ, ഈ ജനങ്ങളിലൂടെ മാത്രമേ കെജ്രിവാളിനെ തോല്‍പ്പിക്കാനാകൂ, അത് മറക്കരുത്'-ഈ വാക്കുകളെല്ലാം പ്രചരണത്തിനിടെ ചര്‍ച്ചയായി. 'ഞാന്‍ എന്റെ ജോലിചെയ്‌തെന്ന് നിങ്ങള്‍ക്ക് തോന്നിയെങ്കില്‍ മാത്രം നിങ്ങള്‍ എനിക്ക് വോട്ട് ചെയ്യൂ, അല്ലെങ്കില്‍ എനിക്ക് വോട്ട് ചെയ്യേണ്ട' എന്ന് കെജ്രിവാള്‍ തുറന്ന് പറഞ്ഞു. ഇതും പ്രചരണത്തിലെ വ്യത്യസ്ത സമീപനമായിരുന്നു. അങ്ങനെ കൃത്യമായ ആസൂത്രണത്തിന്റെയും അത് പ്രാവര്‍ത്തികമാക്കിയതിന്റെയും ഫലമാണ് കെജ്രിവാള്‍ എന്ന ഐഐടി ബിരുദധാരി ഡല്‍ഹിയില്‍ നേടിയത്.

ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ബിജെപിയെ കെജ്രിവാള്‍ തകര്‍ത്തു. തുടക്കം മുതല്‍ ബിജെപി ഒരുക്കിയ കെണികളില്‍ വീഴാതെ വളരെ തന്ത്രപരമായി എല്ലാത്തിനേയും നേരിട്ടതായിരുന്നു വിജയതന്ത്രം. വിവാദങ്ങളില്‍നിന്ന് അദ്ദേഹം കൃത്യമായ അകലം പാലിച്ചു. പൗരത്വ നിയമ ഭേദഗതി, കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ നടപടി, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത്, ബാലക്കോട്ട് വ്യോമാക്രമണം തുടങ്ങിയ വിഷയങ്ങളായിരുന്നു ബിജെപിയുടെ പ്രചരണ വിഷയങ്ങള്‍. ഇതില്‍ ദേശീയത ഉയര്‍ത്തനായിരുന്നു ശ്രമം. ഇതിനെതിരെ കെജ്രിവാള്‍ സംസാരിച്ചില്ല. മാത്രമല്ല മോദിയാണ് തന്റേയും പ്രധാനമന്ത്രിയെന്ന് പറഞ്ഞ് ദേശീയതയ്ക്ക് പുതിയ വ്യാഖ്യാനവും നല്‍കി. പാക് പ്രധാനമന്ത്രിയുടെ മോദിയെ കുറിച്ചുള്ള വിമര്‍ശനത്തിന് നടത്തിയ കടന്നാക്രമണം പോലും കെജ്രിവാളിന്റെ രാഷ്ട്രീയ ബുദ്ധിയുടെ നേര്‍ സാക്ഷ്യമായിരുന്നു. മോദി അനുകൂലികളെ കൊണ്ട് പോലും വോട്ട് ചെയ്യിക്കുന്ന സമര്‍ത്ഥമായ നീക്കം. ഇവിടെയാണ് ബിജെപിക്ക് കാലിടറിയത്.

ഷഹീന്‍ബാഗിലെ പ്രതിഷേധങ്ങളും ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഖ്യവിഷയമാക്കി മാറ്റി. പൗരത്വ നിയമ ഭേദഗതി വിഷയത്തിലും ഷഹീന്‍ബാഗ് വിഷയത്തിലും കടുപ്പമേറിയ നിലപാടുകള്‍ സ്വീകരിക്കാതെ കെജ്രിവാള്‍ മാറിനിന്നു. എതിര്‍ത്തുമില്ല അനുകൂലിച്ചുമില്ല. ഇതിലൂടെ മുസ്ലിം വോട്ടുകള്‍ ചോരുന്നില്ലെന്ന് ഉറപ്പാക്കി. ഡല്‍ഹിയിലെ വികസനകാര്യങ്ങളും തന്റെ സര്‍ക്കാര്‍ പാലിച്ച വാഗ്ദാനങ്ങളും ചര്‍ച്ചയാക്കി എല്ലാ വിഭാഗങ്ങളിലേക്കും ഇറങ്ങി ചെന്നു. 81 ശതമാനത്തോളം ഹിന്ദുവിഭാഗക്കാര്‍ ജീവിക്കുന്ന ഡല്‍ഹിയില്‍ ബിജെപിയുടെ പ്രചരണം ഭൂരിപക്ഷത്തെ ലക്ഷ്യമിട്ടായിരുന്നു. അതുകൊണ്ട് തന്നെ താന്‍ ഒരു ഹിന്ദുവാണെന്നത് ഒന്നുകൂടി ഉറപ്പിക്കുന്നതിനുള്ള നീക്കങ്ങളും കെജ്രിവാളിന്റെ ഭാഗത്തുനിന്നുണ്ടായി. ഹനുമാന്‍ സ്വാമിയുടെ ഭക്തനെന്ന കെജ്രിവാളിന്റെ പരസ്യ പ്രസ്താവന ഇതിന് വേണ്ടി കൂടിയായിരുന്നു.

പൗരത്വ നിയമഭേദഗതിക്കെതിരേ പാര്‍ലമെന്റില്‍ എതിര്‍ത്ത് വോട്ട് ചെയ്തു. എന്നാല്‍ പിന്നീട് ആ വീറൊന്നും പ്രതികരണത്തില്‍ കണ്ടില്ല. കരുതലോടെയാണ് നീങ്ങിയത്. ന്യൂനപക്ഷ വോട്ടുക്കള്‍ക്കൊപ്പം ഭൂരിപക്ഷത്തേയും അടുപ്പിക്കുന്ന തന്ത്രം. പൊലീസ് അതിക്രമം അരങ്ങുവാഴുമ്പോളും കെജ്രിവാള്‍ സംയമനം പാലിച്ചു. ട്വീറ്റുകളില്‍ മാത്രം പ്രതികരണം ഒതുക്കി. ഇതിനൊപ്പം പരിക്കേറ്റവര്‍ക്കും മറ്റും ചികിത്സാസൗകര്യങ്ങള്‍ ഉറപ്പുവരുത്തി. കോണ്‍ഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍നിന്നും ആംആദ്മി അകലംപാലിച്ചു. പൗരത്വ വിഷയത്തെക്കുറിച്ചുള്ള പ്രതികരണത്തില്‍ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയെ കൂട്ടിച്ചേര്‍ത്ത് മറുപടി നല്‍കി. സാമ്പത്തിക പ്രതിസന്ധി ഇത്രയും രൂക്ഷമായിരിക്കുമ്പോള്‍ എവിടെയാണ് കുടിയേറ്റക്കാരായെത്തുന്ന ലക്ഷക്കണക്കിന് പേരെ ഉള്‍ക്കൊള്ളുകയെന്ന് അദ്ദേഹം ചോദിച്ചു. അതില്‍ എല്ലാം ഉണ്ടായിരുന്നു.

ഡല്‍ഹിയിലെ വോട്ടെടുപ്പിന് കൃത്യം ഒരാഴ്ച മുമ്പ് ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി താനൊരു ഹിന്ദു മതവിശ്വാസിയാണെന്നകാര്യം ഓര്‍മപ്പെടുത്തി. ഹിന്ദുത്വം എന്ന ബിജെപിയുടെ അജണ്ട സെറ്റിങ് അങ്ങനെ തനിക്ക് കെജ്രിവാള്‍ അനുകൂലമാക്കി. ആംആദ്മിയുടെ മുസ്ലിം സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിന് പാര്‍ട്ടിത്തലത്തില്‍ ശക്തമായ പിന്തുണയുണ്ടായിരുന്നെങ്കിലും കെജ്രിവാള്‍ അകലം പാലിച്ചിരുന്നു. ന്യൂനപക്ഷ സംവരണസീറ്റുകളിലെ പരസ്യപ്രചരണങ്ങളില്‍നിന്നും അദ്ദേഹം വിട്ടു നിന്നു. ഷഹീന്‍ബാഗിലെ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പ്രതിരോധത്തിലാക്കിയതോടെ താന്‍ ഒരിക്കലും ഷഹീന്‍ബാഗില്‍നിന്നും അകലംപാലിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി ആവരുതെന്നും അദ്ദേഹം പറഞ്ഞു

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close